11 Jan 2022 11:42 AM IST
Summary
പ്രതിയോഗ കമ്പനിയായ പോള്‍സന്റെ ബട്ടര്‍ ഗേള്‍ മാതൃകയില്‍ അമുല്‍ ബട്ടര്‍ ഗേള്‍ എന്നൊരു ഭാഗ്യ ചിഹ്നം ഉണ്ടാക്കി അതടിസ്ഥാനമാക്കി മുംബൈയില്‍ എങ്ങും ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചു.
ഗുജറാത്തിലെ ഖൈര ജില്ലയിലെ ക്ഷീര കര്‍ഷകര്‍ 1946 ല്‍ ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയുന്നതോട് കൂടിയാണ് അമുലിന്റെയും ഇന്ത്യന്‍ ക്ഷീര വ്യവസായത്തിന്റെയും വിപ്ലവാത്മകമായ ചരിത്രം തുടങ്ങുന്നത്. അത് വരെ അവിടുത്തെ ക്ഷീര വിപണന മേഖല പൂര്‍ണമായും പോള്‍സണ്‍ എന്ന സ്വകാര്യ ക്ഷീരോല്‍പ്പാദന കമ്പനിയുടെ കീഴിലായിരുന്നു. ചെറുകിട കര്‍ഷകര്‍ക്ക് പോള്‍സണിലൂടെ മാത്രമായിരുന്നു അവരുടെ പാല്‍ വിറ്റഴിക്കാന്‍ സാധിച്ചിരുന്നത്. ഇത് അവരെ ചൂഷണത്തിന്ന് ഇരയാക്കി. ഇതിനെതിരെ അവര്‍ ത്രിഭുവന്‍ദാസ് പട്ടേല്‍ എന്ന കര്‍ഷക നേതാവിന്റെ നേതൃത്വത്തില്‍ ഖൈര ജില്ലാ സഹകരണ ക്ഷീരോല്‍പ്പാദന സംഘം രൂപീകരിച്ചു. ഇതാണ് പിന്നീട് അമുല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനമായത്. ഭൂരിഭാഗം കര്‍ഷകരും ചെറുകിടക്കാരായിരുന്നു. പ്രതിദിനം പരമാവധി ഒന്നോ രണ്ടോ ലിറ്റര്‍ പാല്‍ മാത്രം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളവര്‍. അത് കൊണ്ട് പാല്‍ സംഭരണം വികേന്ദ്രീകരിച്ചു. അംഗങ്ങളില്‍ നിന്നുള്ള പാല്‍ സംഭരണം സഹകരണ സംഘം വഴിയാക്കി. പാല്‍ ശുദ്ധീകരിച്ച്, അത് പാലായും വിവിധ പാല്‍ ഉല്‍പന്നങ്ങളായും മാറ്റി വിപണിയില്‍ എത്തിക്കാന്‍ തുടങ്ങി. ഇതിനു നിമിത്തമായത് പാല് പാല്‍പൊടിയായി മാറ്റാന്‍ പറ്റുന്ന സംവിധാനം കണ്ടെത്തിയ ഹെച് എം ദാലിയയുടെ സാങ്കേതിക സഹായമാണ്. കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട പോഷക മൂല്യമുള്ള തീറ്റി നല്‍കിത്തുടങ്ങി. ഇതോടു കൂടി ക്ഷീരോല്‍പാദനത്തില്‍ വന്‍ കുതിപ്പുണ്ടായി.
ദേശീയ ക്ഷിര വികസന ബോർഡ്
1964 ല്‍ അന്നത്തെ പ്രധാന മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആനന്ദില്‍ ഒരു ദിവസം താമസിച്ച് ക്ഷീര സംഘ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പഠിച്ച് മനസിലാക്കി. ദേശീയ ക്ഷീര വികസന ബോര്‍ഡ് രൂപീകരിക്കാന്‍ ഇത് കാരണമായി. അമുലിന്റെ മാതൃകയില്‍ രാജ്യത്തുടനീളം ക്ഷീര സഹകരണ സംഘങ്ങള്‍ രുപീകൃതമാവുകയും ഈ മേഖലയിലെ കുതിച്ചു ചാട്ടത്തിലേക്ക് ഇത് വഴിവെക്കുകയും ചെയ്തു. മലയാളിയായ ഡോ വര്‍ഗീസ് കുര്യന്‍ ആണ് അമൂലിന്റെ സ്ഥാപകന്‍. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായി ഇദേഹം അറിയപ്പെടുന്നു.
അമുല്‍ മാതൃകയുടെ പ്രധാന നേട്ടങ്ങള്‍ ഇവയായിരുന്നു. ക്ഷീര കര്‍ഷകര്‍ക്ക് എല്ലാ ദിവസവും വിപണി ലഭ്യമായി. ജനാധിപത്യ പ്രക്രിയയിലൂടെ ഭരണ സമിതിയെ തിരഞ്ഞെടുക്കാനായി. മാനേജ്മെന്റ് പൂര്‍ണമായും പ്രൊഫഷണലായി. ലാഭം പക്ഷബദ്ധമില്ലാതെ എല്ലാവര്‍ക്കും തുല്യമായി ലഭിക്കാന്‍ തുടങ്ങി. പാല്‍ ഉല്‍പാദനവും വിപണനവും മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭിക്കാന്‍ തുടങ്ങി.
ഖൈര സംഘം 1946 ല്‍ രജിസ്റ്റര്‍ ചെയ്ത അമുല്‍ എന്നത് ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്നതിന്റെ സംക്ഷേപമാണ്. ഇന്ന് ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് അമുല്‍. അതിലേക്ക് ഏറെ സഹായകമായത് മികച്ച പരസ്യങ്ങളാണ്.
ജനപ്രീയ ബ്രാൻഡ്
1966 ല്‍ അമുലിന്റെ പരസ്യ ചുമതല സില്‍വെസ്റ്റര്‍ ദ കുന്യ ഏറ്റെടുക്കുന്നതോട് കൂടിയാണ് അമുലിന്റെ വിഖ്യാതമായ പരസ്യ പരമ്പരയ്ക്ക് തുടക്കമാവുന്നത്. അത് വരെ തീരെ ആകര്‍ഷകരമല്ലാത്ത പരസ്യ രീതിയായിരുന്നു അവലംബിച്ചത്. പ്രതിയോഗ കമ്പനിയായ പോള്‍സന്റെ ബട്ടര്‍ ഗേള്‍ മാതൃകയില്‍ അമുല്‍ ബട്ടര്‍ ഗേള്‍ എന്നൊരു ഭാഗ്യ ചിഹ്നം ഉണ്ടാക്കി അതടിസ്ഥാനമാക്കി മുംബൈയില്‍ എങ്ങും ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചു. ഏറെ ജനശ്രദ്ധ നേടിയ ഈ മാതൃക രാജ്യത്തൊട്ടാകെ പരീക്ഷിച്ചപ്പോള്‍ അത് ഒരു മികച്ച മാര്‍ക്കറ്റിംഗ് വിജയമായി മാറി.
പഠിക്കാം & സമ്പാദിക്കാം
Home
