റെയില്‍വേ സേവനങ്ങള്‍ക്ക് ഇനി ജിഎസ്ടി ഇല്ല, ഹോസ്റ്റലുകളെയും ഒഴിവാക്കി പുതിയ പ്രഖ്യാപനങ്ങൾ
53-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്‌റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നി സേവനങ്ങളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്. റെയിൽവേ സ്റ്റേഷനുകളിൽ ഓടുന്ന ബാറ്ററി വാഹനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നവർ ഇനി നികുതി നൽകേണ്ടതില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവർത്തിക്കുന്ന 20,000 രൂപയ്ക്ക് താഴെ വാടക ഈടാക്കുന്ന ഹോസ്റ്റലുകൾ എന്നിവയ്ക്ക് ഇനി ജിഎസ്ടി ബാധകമാവില്ല. വിദ്യാർത്ഥികൾ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകള്‍ക്കാണ് നികുതിയിളവ് ബാധകം. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേര്‍ന്ന 53ാമത് ജിഎസ്ടികൗൺസിൽ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.
53ാമത് ജിഎസ്ടികൗൺസിൽ യോഗത്തിലെ മറ്റു പ്രഖ്യാപനങ്ങൾ
1. എല്ലാ സോളാർ കുക്കറുകളും 12 ശതമാനം ജിഎസ്ടിയുടെ പരിധിയിൽ വരും.
2. റെയിൽവേ സേവനങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റിട്ടയർ റൂം, വെയിറ്റിംഗ് റൂം, ക്ലോക്ക് റൂം സേവനങ്ങൾ അടക്കം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.
3. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥിതിചെയ്യുന്ന സ്റ്റുഡന്റ് ഹോസ്റ്റലുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.
4. എല്ലാ മിൽക്ക് കാനുകളും 12 ശതമാനം ജിഎസ്ടിയുടെ കീഴിൽ വരും.
5. എല്ലാതരം സ്പ്രിംഗ്ലറുകളും 12% ജിഎസ്ടിയുടെ കീഴിൽ വരുന്നതാണ്.
ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ഓഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ നടക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുമ്പ്, നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ പ്രീ ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായുള്ള യോഗവും നടന്നു. യോഗത്തിൽ സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി നൽകണമെന്നു കേന്ദ്രത്തോടു വീണ്ടും കേരളം ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന റയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം വ്യക്തമാക്കി. കൂടാതെ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോഗത്തിൽ ധന മന്ത്രി കെ. എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
