ഇറാനിലേക്കുള്ള ബസ്മതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങി

കുടുങ്ങിക്കിടക്കുന്നത് ഏകദേശം 1,00,000 ടണ്‍ ബസ്മതി അരി

Update: 2025-06-23 10:55 GMT

ഇറാനിലേക്ക് കൊണ്ടുപോകാന്‍ കൊണ്ടുവന്ന ഏകദേശം 1,00,000 ടണ്‍ ബസ്മതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി ഓള്‍ ഇന്ത്യ റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പശ്ചിമേഷ്യാ സംഘര്‍ഷം മൂലമാണ് അരിയുടെ കയറ്റുമതി തടസപ്പെട്ടത്. ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയുടെ 18-20 ശതമാനം ഇറാനിലേക്കാണ്.

ഗുജറാത്തിലെ കാണ്ട്ല, മുന്ദ്ര തുറമുഖങ്ങളിലാണ് പ്രധാനമായും കയറ്റുമതികള്‍ കുടുങ്ങിക്കിടക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കാരണം ഇറാനിലേക്കുള്ള ചരക്കുകള്‍ക്ക് കപ്പലുകളോ ഇന്‍ഷുറന്‍സോ ലഭ്യമല്ലെന്ന് റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സതീഷ് ഗോയല്‍ പറഞ്ഞു.

അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ സാധാരണയായി സ്റ്റാന്‍ഡേര്‍ഡ് ഷിപ്പിംഗ് ഇന്‍ഷുറന്‍സ് പോളിസികളുടെ കീഴില്‍ വരില്ല. കയറ്റുമതിയിലെ കാലതാമസവും പണമടയ്ക്കലുകളിലെ അനിശ്ചിതത്വവും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിപണിയില്‍ ബസുമതി അരിയുടെ വില ഇതിനകം കിലോയ്ക്ക് 4-5 രൂപ കുറഞ്ഞു.

ഈ വിഷയത്തില്‍ കാര്‍ഷിക-കയറ്റുമതി പ്രോത്സാഹന സംഘടനയായ അപെഡയുമായി അസോസിയേഷന്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 30 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ഒരു കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ബസ്മതി അരി വിപണിയാണ് ഇറാന്‍. മാര്‍ച്ചില്‍ അവസാനിച്ച 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറാനിലേക്ക് ഏകദേശം 1 ദശലക്ഷം ടണ്‍ ധാന്യം കയറ്റുമതി ചെയ്തു.

2024-25 കാലയളവില്‍ ഇന്ത്യ ഏകദേശം 6 ദശലക്ഷം ടണ്‍ ബസുമതി അരി കയറ്റുമതി ചെയ്തു, പ്രധാനമായും മിഡില്‍ ഈസ്റ്റും പശ്ചിമേഷ്യന്‍ വിപണികളുമാണ് ഇതിന് ആവശ്യക്കാരേറെയുള്ളത്. ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് മറ്റ് വാങ്ങലുകാര്‍. 

Tags:    

Similar News