എല്ലാ പഞ്ചായത്തുകളിലും എംഎസ്എംഇ; മധ്യപ്രദേശില്‍ ഇന്‍ഡോര്‍ ഒന്നാമത്

  • എംഎസ്എംഇ വിഭാഗത്തില്‍ ചരിത്രം സൃഷ്ടിച്ച് ഇന്‍ഡോര്‍
  • 334 ഗ്രാമപഞ്ചായത്തുകളിലും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍

Update: 2025-04-22 03:02 GMT

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചരിത്രം സൃഷ്ടിച്ച് മധ്യപ്രദേശിലെ ഇന്‍ഡോര്‍. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി ഇന്‍ഡോര്‍ മാറി.

ജില്ലയിലെ 100 ശതമാനം ഗ്രാമപഞ്ചായത്തുകളിലും എം.എസ്.എം.ഇ.കള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പ്രചാരണം 2024 ഏപ്രില്‍ മുതല്‍ ആരംഭിച്ചിരുന്നു. അന്ന് 334 ഗ്രാമപഞ്ചായത്തുകളില്‍ 174 എണ്ണത്തിലും 500 ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.ഇന്ന് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

'കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും തമ്മിലുള്ള ഏകോപനത്തിലൂടെ, ശേഷിക്കുന്ന 160 ഗ്രാമപഞ്ചായത്തുകളിലായി 336 എംഎസ്എംഇകള്‍ ആരംഭിച്ചു. ഇതില്‍ ആകെ 90 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇത് പ്രാദേശികമായി 2,000-ത്തിലധികം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി,' ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും എംഎസ്എംഇകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥ ഗണ്യമായി ശക്തിപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിംഗും പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ക്ഷീര, ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക ഉപകരണ നിര്‍മ്മാണം, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നീ മേഖലകളിലെ വ്യവസായങ്ങള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Tags:    

Similar News