വല വീശി തൊഴില്‍ തട്ടിപ്പുകള്‍, വര്‍ക്ക് ഫ്രം ഹോമുകാരെ ലക്ഷ്യം
- വര്‍ക്ക് ഫ്രം ഹോമുകാരെ ലക്ഷ്യമിടുന്നു
- അണ്‍പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷനുകള്‍ക്ക് പ്രതികരിക്കാതിരിക്കുക
- അപേക്ഷാ പ്രക്രിയയില്‍ ബാങ്ക് വിശദാംശങ്ങളോ സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകളോ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഒഴിവാക്കുക.
തൊഴില്‍ രംഗത്തെ തട്ടിപ്പുകള്‍ പെരുകുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം വര്‍ക്ക് ഫ്രം ഹോം സംവിധാനം വ്യാപകമായതോടെ തട്ടിപ്പുകള്‍ കൂടുതല്‍ മുതലെടുപ്പുകള്‍ നടന്നതായാണ് റിപ്പാര്‍ട്ടുകള്‍. വ്യാജ തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ ചില്ലറയല്ല. ഈ തട്ടിപ്പിലേക്ക് നയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വീടിന്റെ സുഖ സൗകര്യങ്ങളില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കുക, യാത്രകള്‍ ഒഴിവാക്കുക, തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ ബാലന്‍സ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് വര്‍ക്ക ഫ്രം ഹോമുകാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഈ ആവശ്യങ്ങളാണ് തട്ടിപ്പുകാരും ലക്ഷ്യമിടുന്നത്.
പലപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ വിവിധ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ അപ്ലോഡ് ചെയ്യാറുണ്ട്. ഇത്തരം വ്യക്തിഗത വിവരങ്ങള്‍ എളുപ്പത്തില്‍ ദുരുപയോഗം ചെയ്യുന്നതാണ്. വര്‍ക്ക് ഫ്രം ജോലികളില്‍ കൂടുതല്‍ പരിശോധനകളില്ലാതെ അവസരങ്ങള്‍ പ്രതീക്ഷിച്ച് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഈ കെണികളില്‍ വീഴുന്നു. ഇവയില്‍ പലതും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നവയുമാണ്.
മുന്നറിയിപ്പ് അടയാളങ്ങള്‍ തിരിച്ചറിയാത്ത അനുഭവപരിചയമില്ലാത്ത തൊഴിലന്വേഷകരെയാണ് ഈ തട്ടിപ്പുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യാജ ഓഫറുകള്‍ നല്‍കിയോ നിയമാനുസൃത കമ്പനികളെ ആള്‍മാറാട്ടം നടത്തിയോ തട്ടിപ്പുകാര്‍ വ്യക്തികളെ വശീകരിക്കുന്നു. ഇത് തൊഴിലന്വേഷകരുടെ സാമ്പത്തിക ക്ഷേമത്തെ അപകടപ്പെടുത്തുക മാത്രമല്ല, യഥാര്‍ത്ഥ കമ്പനികളുടെ പ്രശസ്തിക്ക് കളങ്കം വരുത്തുകയും ചെയ്യുന്നു, കാരണം തട്ടിപ്പുകാര്‍ പലപ്പോഴും അവരുടെ സ്‌കീമുകള്‍ക്ക് വിശ്വാസ്യത നല്‍കുന്നതിന് അവരുടെ ഐഡന്റിറ്റി ചൂഷണം ചെയ്യുന്നു.
കേട്ട് പരിചയം പോലുമില്ലാത്ത ജോബ് സൈറ്റുകള്‍ തുറക്കാതിരിക്കുക. തൊഴിലന്വേഷകര്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ പങ്കിടാന്‍ ആധികാരിക പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കണം. മുന്‍കൂര്‍ പണമടക്കല്‍ അഭ്യര്‍ത്ഥനകള്‍ അവഗണിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തട്ടിപ്പുകള്‍ക്ക് ഒരുപരിധി വരെ വീഴാതിരിക്കാനാകും.
