അവകാശികളില്ല; ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 42,272 കോടി രൂപ

  • പൊതുമേഖലാ ബാങ്കുകളില്‍ 36,185 കോടി സ്വകാര്യമേഖലാ ബാങ്കുകളില്‍ 6087 കോടി
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 42,272 കോടി രൂപയായി ഉയര്‍ന്നു
  • 31 ബാങ്കുകള്‍ 1,432.68 കോടി രൂപ അവകാശികൾക്ക്‌ തിരികെ നല്‍കി

Update: 2023-12-20 13:07 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളില്‍ 28 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവ് റിപ്പോട്ട് ചെയ്തു. കണക്കുകള്‍ പ്രകാരം പൊതുമേഖലാ ബാങ്കുകളില്‍ 36,185  കോടി രൂപയും സ്വകാര്യമേഖലാ ബാങ്കുകളില്‍ 6087 കോടി രൂപയുമാണ് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. 2022 സാമ്പത്തിക വര്‍ഷം പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലായി ഇത്തരത്തിലുളള നിക്ഷേപം 32,934 കോടി രൂപയായിരുന്നു. എന്നാൽ  2023 മാര്‍ച്ച് അവസാനത്തോടെ ഇത് 42,272 കോടി രൂപയായി ഉയര്‍ന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രിയാണ്  രാജ്യസഭയില്‍ ഇക്കാര്യങ്ങൾ  അറിയിച്ചത്.

10 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി അക്കൗണ്ട് ഉടമകള്‍ അവകാശപ്പെടാത്ത നിക്ഷേപങ്ങള്‍ ബാങ്കുകള്‍ ആര്‍ബിഐയുടെ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് അയയ്ക്കും. അത്തരം നിക്ഷേപങ്ങള്‍ ശരിയായ അവകാശികള്‍ക്ക് തിരികെ നല്‍കുന്നതിനുമായി ആര്‍ബിഐ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും  മന്ത്രി  രാജ്യസഭയില്‍ അറിയിച്ചു.

റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍

റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം, പത്ത് വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും, ഇടപാടുകാര്‍ എവിടെയാണെന്ന് കണ്ടെത്താനും, അക്കൗണ്ട ഉടമ മരണപ്പെട്ടാല്‍ നിയമപരമായ അവകാശികളെ കണ്ടെത്താനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒന്നിലധികം ബാങ്കുകളിലുടനീളമുള്ള ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായി ആര്‍ബിഐ ഒരു കേന്ദ്രീകൃത വെബ് പ്ലാറ്റ്‌ഫോം അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ് ഗേറ്റ്‌വേ ടു ആക്‌സസ് ഇന്‍ഫര്‍മേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.

2023 ജൂണ്‍ 1 മുതല്‍ 2023 സെപ്റ്റംബര്‍ 8 വരെ 100 ദിവസത്തെ സമയപരിധിക്കുള്ളില്‍ ഓരോ ജില്ലയിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത 100 നിക്ഷേപങ്ങള്‍ കണ്ടെത്തി തീര്‍പ്പാക്കാന്‍ ബാങ്കുകള്‍ക്കായി ആര്‍ബിഐ '100 ദിവസം 100 പേയ്‌സ്' എന്ന കാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 31 ബാങ്കുകള്‍ 1,432.68 കോടി രൂപ തിരികെ നല്‍കി.

Tags:    

Similar News