സംശയാസ്പദമായ ഇടപാടുകള്‍; പതഞ്ജലി അന്വേഷണം നേരിടുന്നു

  • അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല
  • മന്ത്രാലയത്തിന്റെ നോട്ടീസിന് മറുപടി നല്‍കാന്‍ പതഞ്ജലിക്ക് സമയം അനുവദിച്ചിട്ടുണ്ട്

Update: 2025-05-30 09:11 GMT

സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയ്ക്ക് നോട്ടീസ് നല്‍കി കേന്ദ്രം. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫണ്ട് വകമാറ്റലും കോര്‍പ്പറേറ്റ് ഭരണത്തിലെ ലംഘനങ്ങളും അധികൃതര്‍ അന്വേഷിക്കുകയാണ്.

ഇക്കണോമിക് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയാസ്പദമായി ചൂണ്ടിക്കാണിച്ച സാമ്പത്തിക ഇടപാടുകളെ പറ്റി പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മന്ത്രാലയത്തിന്റെ നോട്ടീസിന് മറുപടി നല്‍കാന്‍ പതഞ്ജലിക്ക് ഏകദേശം രണ്ട് മാസത്തെ സമയം നല്‍കിയിട്ടുണ്ട്.

നികുതിലംഘനങ്ങളും തെറ്റായ റീഫണ്ട് ക്ലെയിമുകളും സംബന്ധിച്ച് കമ്പനിക്ക് ഇതിനുമുമ്പും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കാന്‍സര്‍ പോലുള്ള ഗുരുതരമായ മെഡിക്കല്‍ രോഗങ്ങള്‍ക്ക് ചികിത്സ വാഗ്ദാനം ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഉല്‍പ്പന്നങ്ങളില്‍ പ്രചരിപ്പിച്ചതിന് കമ്പനിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി കമ്പനിയെ വിലക്കുകയും ചെയ്തു.

2025 ഫെബ്രുവരിയില്‍, രാംദേവിനും പതഞ്ജലിക്കുമെതിരെ പരസ്യ നിയമപ്രകാരം സംസ്ഥാനത്തെ വിവിധ കോടതികളിലായി 26 സജീവ കേസുകള്‍ കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാദ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നിരവധി പത്രങ്ങളും നിയമനടപടികള്‍ നേരിടുന്നു. 

Tags:    

Similar News