ഉന്തുവണ്ടിയിലെ ചായ വിൽപ്പനയിൽ നിന്ന് ഹോട്ടൽ ചെയിൻ ഉടമയിലേയ്ക്ക്

  • ചെറിയ തുടക്കത്തിൽ നിന്ന് കോടികളുടെ വരുമാനത്തിലേക്കും, വിജയത്തിലേക്കും
  • ഞാൻ എൻ്റെ ബിസിനസ്സ് ആരംഭിച്ചത് വെറും രണ്ട് പേരുമായാണ്. ഇപ്പോൾ, എൻ്റെ ഭക്ഷണശാലകളിൽ എനിക്കായി 200 പേർ ജോലി ചെയ്യുന്നു
  • ആരുടെയും സഹായമില്ലാതെ ജീവിക്കുമെന്നും, താൻ വിജയിക്കുമെന്നും വിശ്വസിക്കുന്ന ഒരു തീ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു

Update: 2024-03-26 07:06 GMT

തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനിച്ച പട്രീഷ്യയുടെ ജീവിതം ഒരിക്കലും സുഗമമായിരുന്നില്ല. പതിനേഴാം വയസ്സിൽ വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഹിന്ദു ബ്രാഹ്മണ യുവാവായ നാരായണനെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ  ഭർത്താവ് മയക്കുമരുന്നിന് അടിമയാണെന്ന് വെളിപ്പെട്ടു. ഭർത്താവിൻ്റെ ദുശ്ശീലം ജീവിതം ദുസഹമാക്കി. താമസിയാതെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയെങ്കിലും, രണ്ട് കുട്ടികളുമായി പോകാൻ  ഒരിടമില്ലായിരുന്നു. ഭാഗ്യവശാൽ, പട്രീഷ്യയുടെ പിതാവ് അവരെ തിരികെ സ്വീകരിക്കുകയും പിന്തുണ നൽകുകയും ചെയ്തു. എന്നിരുന്നാലും, തൻ്റെ മാതാപിതാക്കൾക്ക് ഒരു  ഭാരമാകാതിരിക്കാൻ പട്രീഷ്യ ആഗ്രഹിച്ചു. എത്രയും വേഗം ജീവിതത്തിൽ മുന്നേറാനും, സാമ്പത്തികമായി സ്വതന്ത്രയാകാനും അവൾ ആഗ്രഹിച്ചു.

രണ്ട് കുട്ടികളെ വളർത്താനും, ഉപജീവനത്തിനും വേണ്ടി ഒരു വരുമാനം ആവശ്യമായിരുന്നു. പാചകവും, പാചകത്തിൽ പുതിയ പരീക്ഷങ്ങളും നടത്താൻ ഇഷ്ടപ്പെട്ടിരുന്ന പട്രീഷ്യ അത് തന്നെ തൊഴിലാക്കാൻ തീരുമാനിച്ചു. അമ്മയിൽ നിന്ന് പണം കടം വാങ്ങി വീട്ടിൽ ജാം, അച്ചാർ എന്നിവ ഉണ്ടാക്കി തുടങ്ങി. ഒരു ദിവസം കൊണ്ട് തന്നെ അവയെല്ലാം വിൽക്കുകയും ചെയ്തു. അത് പട്രീഷ്യക്ക് കൂടുതൽ പ്രതീക്ഷയും ആത്മവിശ്വാസവും നൽകി. അവസാനം കാര്യങ്ങൾ അവളുടെ ജീവിതത്തിൽ മെച്ചപ്പെട്ടു തുടങ്ങി. സമ്പാദിച്ച പണം മുഴുവൻ കൂടുതൽ അച്ചാറും ജാമും ഉണ്ടാക്കാൻ ഉപയോഗിച്ചു. 

1982ൽ, ചെന്നൈയിലെ തിരക്കേറിയ മറീന ബീച്ചിൽ പട്രീഷ്യ ഒരു ചെറിയ ഉന്തുവണ്ടിയിൽ ചായ, കാപ്പി, ഫ്രഷ് ജ്യൂസ്, ലഘുഭക്ഷണം എന്നിവ വിൽക്കാൻ തുടങ്ങി. സഹായിക്കാൻ രണ്ട് വികലാംഗരെയും ജോലിക്ക് നിയമിച്ചു. ആദ്യ ദിവസം ഒരു കപ്പ് കാപ്പി മാത്രമാണ് വിറ്റെങ്കിലും,  നിരാശയായില്ല. അടുത്ത ദിവസം തന്നെ വിൽപ്പന 700 രൂപയിലേക്ക് ഉയർന്നു. തുടർന്ന് പട്രീഷ്യ തൻ്റെ ഉന്തുവണ്ടിയിൽ സാൻഡ്‌വിച്ചുകൾ, ഫ്രഞ്ച് ഫ്രൈസ്, ഐസ്‌ക്രീം എന്നിവയും ഉൾപ്പെടുത്തി. 2003 വരെ തൻ്റെ ചെറിയ ബിസിനസ്സ് വിജയകരമായി നടത്തിക്കൊണ്ടുപോയി. കുടുംബത്തെ നിലനിർത്താൻ ആവശ്യമായ പണം ഇതിൽ നിന്ന് സമ്പാദിക്കുകയും ചെയ്തു.

ഒരിക്കൽ സ്ലം ക്ലിയറൻസ് ബോർഡ് ചെയർമാൻ പട്രീഷ്യയുടെ ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തിൽ ആകൃഷ്ടനായി. തന്റെ ജോലിസ്ഥലത്ത് ഒരു കാൻ്റീനിൻ്റെ മേൽനോട്ടം വഹിക്കാൻ അയാൾ അവർക്ക് അവസരം നൽകി. ഇത്‌ ഒരു വൻ വിജയമായി. തുടർന്ന് അവരുടെ ചെന്നൈയിലെ എല്ലാ ഓഫീസുകളിലും പട്രീഷ്യ ശാഖകൾ തുറന്നു. 1998-ൽ സംഗീത റെസ്റ്റോറൻ്റ് ഗ്രൂപ്പിൽ പങ്കാളിയായി.

എന്നാൽ 2004-ൽ ഒരു വാഹനാപകടം പട്രീഷ്യയുടെ മകളുടെയും മരുമകൻ്റെയും ജീവൻ അപഹരിച്ചു, ഇത് പട്രീഷ്യയുടെ ജീവിതത്തിൽ വൻ ആഘാതം സൃഷ്ടിച്ചു. മകളുടെ വിയോഗവുമായി പൊരുത്തപ്പെടാൻ അവർക്ക് ഏകദേശം രണ്ട് വർഷത്തോളം വേണ്ടി വന്നു.

2006-ൽ മകളുടെ സ്‌നേഹപൂർവമായ സ്മരണയ്ക്കായി, പട്രീഷ്യയും മകനും ചേർന്ന് അവരുടെ ആദ്യത്തെ ഭക്ഷണശാലയായ സന്ദീപ റെസ്റ്റോറൻ്റ് തുറന്നു. അതിനുശേഷം പട്രീഷ്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് 14 ലൊക്കേഷനുകളിൽ 200 ലധികം ജീവനക്കാരുമായി സന്ദീപ ചെയിൻ ഓഫ് റെസ്റ്റോറൻ്റുകൾ വിജയകരമായി പ്രവർത്തിക്കുന്നു.

2010-ൽ FICCI വുമൺ എൻ്റർപ്രണർ അവാർഡ് നേടിയ പട്രീഷ്യ നാരായൺ തന്റെ വിജയം ലോകത്തിന്റെ മുമ്പിൽ ഒരു മാതൃകയാക്കി കാണിച്ചു തരുന്നു.  

ചെറിയ തുടക്കത്തിൽ നിന്ന് കോടികളുടെ വരുമാനത്തിലേക്കും, വിജയത്തിലേക്കും അവരെ ഉയർത്തിയത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഖല തിരെഞ്ഞെടുക്കുകയും, വെല്ലുവിളികളെ തളരാതെ നിശ്ചയദാർഢ്യത്തോടെ നേരിടുകയും ചെയ്തത് കൊണ്ടാണ്. 

“ഞാൻ എൻ്റെ ബിസിനസ്സ് ആരംഭിച്ചത് വെറും രണ്ട് പേരുമായാണ്. ഇപ്പോൾ, എൻ്റെ ഭക്ഷണശാലകളിൽ എനിക്കായി 200 പേർ ജോലി ചെയ്യുന്നു. എൻ്റെ ജീവിതരീതിയും മാറി. സൈക്കിൾ റിക്ഷയിൽ യാത്ര ചെയ്തതിൽ നിന്ന് ഓട്ടോറിക്ഷയിലേക്ക് മാറി, ഇപ്പോൾ സ്വന്തമായി കാറുണ്ട്. ഒരു ദിവസം വെറും 50 പൈസയിൽ നിന്ന് എൻ്റെ വരുമാനം 2 ലക്ഷം രൂപയായി ഉയർന്നു,” ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.

"ആരുടെയും സഹായമില്ലാതെ ജീവിക്കുമെന്നും, താൻ വിജയിക്കുമെന്നും വിശ്വസിക്കുന്ന ഒരു തീ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പരാജയപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല. നിങ്ങൾക്ക് ഉള്ളിൽ ആ അഗ്നിയുണ്ടെങ്കിൽ, ലോകത്തിലെ ഒന്നിനും നിങ്ങളെ വിജയത്തിൽ നിന്ന് തടയാൻ കഴിയില്ല." പട്രീഷ്യ നാരായൺ പറയുന്നു.

Tags:    

Similar News