2 Dec 2025 2:05 PM IST
Summary
ഉപയോക്താവിന് ആപ് നീക്കം ചെയ്യാൻ കഴിയില്ല
ഡൽഹി: സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കുന്നു. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിലും അപ്ഡേറ്റ് ആയി ആപ് എത്തും. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക് ചെയ്യാനുമടക്കമുള്ള സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്. ആപ് ഉപയോക്താവിന് നീക്കം ചെയ്യാനോ ഡിസേബിൾ ചെയ്യാനോ കഴിയാത്ത തരത്തിലായിരിക്കും. ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ ഫോണുകൾക്ക് നിർദേശം ബാധകമാണ്. പുതിയ ഫോൺ സെറ്റപ് ചെയ്യുന്ന സമയത്ത് തന്നെ ആപ് ലഭ്യമാകുന്ന തരത്തിലായിരിക്കണം ക്രമീകരണം.
ആപ് എങ്ങനെ പ്രയോജനപ്രദമാകുന്നു
* തട്ടിപ്പ് കോളുകൾ തടയാം
ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകൾ കേന്ദ്രം ബ്ലോക് ചെയ്യും.
* ഫോൺ മോഷണം അല്ലെങ്കിൽ നഷ്ടപ്പെട്ടാൽ
നഷ്ടപ്പെടുന്ന ഫോൺ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം. അപേക്ഷ നൽകിയാൽ ഫോണിന്റെ ഐഎഇഐ നമ്പറുകൾ ബ്ലോക് ആകും. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക് നീക്കാം.
* കണക‍്ഷനുകൾ
നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈൽ കണക‍്ഷനുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം.
*ഐഎംഇഐ പരിശോധന
നിങ്ങൾ വാങ്ങുന്ന സെക്കൻഡ് ഹാൻഡ് ഫോൺ മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതാണോ എന്നറിയാം. വാങ്ങും മുൻപ് തന്നെ ഇവയുടെ ഐഎംഇഐ നമ്പർ പരിശോധിച്ച് ഫോൺ ‘വാലിഡ്’ ആണോയെന്ന് നോക്കാം.
*വിദേശ കോൾ
ഇന്ത്യൻ നമ്പറുകളുടെ മറവിൽ വിദേശകോളുകൾ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം.
പഠിക്കാം & സമ്പാദിക്കാം
Home
