നേരിട്ടുള്ള വിദേശ നിക്ഷേപം ബഹിരാകാശ മേഖലക്ക് ഗുണകരം

  • ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ അടിമുടി നവീകരിക്കാന്‍ പുതിയ നയത്തിനുകഴിയുമെന്ന് വിദഗ്ധര്‍
  • വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകും
  • അത്യാധുനികവും മത്സരാത്മകവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ആഭ്യന്തര കമ്പനികളെ ഈ നയം പ്രാപ്തമാക്കും

Update: 2024-05-05 10:12 GMT

ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഘൂകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വിദേശ നിക്ഷേപകരെയും സ്റ്റാര്‍ട്ടപ്പുകളേയും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും ഹൈടെക് ജോലികള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍. വിദേശനിക്ഷേപകരെയും സ്വകാര്യ കമ്പനികളെയും ഈ വിഭാഗത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉപഗ്രഹങ്ങളുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിന് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് ഈ മേഖലയിലെ എഫ്ഡിഐ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ വിജ്ഞാപനം ചെയ്തത്.

ബഹിരാകാശ മേഖലയിലെ ഉയര്‍ന്ന വിദേശ നിക്ഷേപ പരിധിയിലെ സമീപകാല ഭേദഗതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ബഹിരാകാശ പരിപാടിയെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളി ശ്രീറാം അനന്തശയനം പറഞ്ഞു.

സ്വകാര്യ മേഖലയെ സംബന്ധിച്ചിടത്തോളം, ഇത് പുതിയ ബിസിനസ്സ് അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുന്നു. അടുത്ത തലമുറ ബഹിരാകാശ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനത്തിന് ഇത് അനിവാര്യമാണെന്ന് അനന്തശയനം പറഞ്ഞു.

ഇന്ത്യയിലെ ബഹിരാകാശ ആവാസവ്യവസ്ഥയെ പ്രാപ്തമാക്കുന്നതിനുള്ള ഫണ്ടുകളുടെ ഉപയോഗത്തിനായി ഇത് പൊതു ധനത്തിന്റെ ഭാരം കുറയ്ക്കുന്നു. വളരുന്ന ഈ ബഹിരാകാശ വ്യവസായം എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, മറ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് സൃഷ്ടിക്കും. നിരവധി പ്രതിഭകളെ സൃഷ്ടിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്ഷേപണ വാഹനങ്ങള്‍, ഉപഗ്രഹങ്ങള്‍, ഗ്രൗണ്ട് സ്റ്റേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപസംവിധാനങ്ങള്‍ സ്വകാര്യമേഖല നിര്‍മ്മിക്കുന്നത് വഴി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) നേരിട്ടുള്ള വരുമാനം കണ്ടെത്തും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡില്‍ (ഡിപിഐഐടി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 200 ഓളം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് നിലവില്‍ ഉള്ളത്. എന്നിരുന്നാലും, ബഹിരാകാശ മേഖല സാങ്കേതിക സങ്കീര്‍ണ്ണതകളും നീണ്ട കാത്തിരിപ്പും ഉള്‍പ്പെടെ സവിശേഷമായ വെല്ലുവിളികള്‍ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ധിച്ചുവരുന്ന മത്സരം, ഇന്ത്യന്‍ ബഹിരാകാശ വിപണിയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുന്നതിന് അത്യാധുനികവും ഉയര്‍ന്ന മത്സരാത്മകവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ആഭ്യന്തര കമ്പനികളെ പ്രേരിപ്പിക്കുമെന്ന് ഇന്‍ഡസ് ലോ പാര്‍ട്‌നര്‍ രേവതി മുരളീധരന്‍ പറഞ്ഞു. വാണിജ്യ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വകാര്യ കമ്പനികളുടെ ഉയര്‍ന്ന പങ്കാളിത്തം അനിവാര്യമാണെന്ന് ശാര്‍ദുല്‍ അമര്‍ചന്ദ് മണഗല്‍ദാസ് ആന്‍ഡ് കോ പാര്‍ട്ണര്‍ ഇഖ്ബാല്‍ ഖാനും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News