കരിമ്പ് സംഭരണവിലയില്‍ വര്‍ധനയുണ്ടായേക്കും

  • നടപ്പ് വര്‍ഷം സംഭരണവിലയില്‍ 10 രൂപ കൂട്ടിയിരുന്നു
  • നാളെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം നടക്കുക
  • സാധാരണയായി ജൂണ്‍ മാസത്തിലാണ് സംഭരണ വില നിശ്ചയിക്കുന്നത്‌

Update: 2024-02-21 10:04 GMT

കരിമ്പ് സംഭരണ വില ഉയര്‍ത്തല്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കരിമ്പ് കര്‍ഷകര്‍ക്ക് ആശ്വാസകരമായ നീക്കം. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കരിമ്പ് സംഭരണ വില നിലവിലെ 315 രൂപയില്‍ നിന്ന് 340 രൂപയായി ഉയര്‍ത്തിയേക്കും. 10.25 ശതമാനം റിക്കവറി റേറ്റുള്ള വിളകള്‍ക്ക് മാത്രമേ സംഭരണ വില കൂടുകയുള്ളു. ഇതും നാളെ ചേരുന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) തീരുമാനിക്കും.

സാധാരണഗതിയില്‍ സംഭരണ വില നിശ്ചയിക്കുന്നത് ജൂണിലോ അതിന് ശേഷമോ ആണ്. പുതുക്കിയ വിലകള്‍ 2025-26 ലെ പഞ്ചസാര സീസണില്‍ ബാധകമായേക്കും. 2024-25 സീസണില്‍ സംഭരണ വിലയില്‍ ക്വിന്റലിന് 10 രൂപ വര്‍ധന നടപ്പാക്കിയിരുന്നു. ഇതോടെ ക്വിന്റലിന് 305 രൂപയായിരുന്നത് 315 രൂപയിലേക്ക് ഉയര്‍ന്നു.

കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ സംഭരിക്കേണ്ട ഏറ്റവും കുറഞ്ഞ വിലയാണ് സംഭരണ വില. 1966 ലെ കരിമ്പ് നിയന്ത്രണ ഉത്തരവ് പ്രകാരമാണ് കരിമ്പിന്‍രെ സംഭരണവില നിയന്ത്രിക്കുന്നത്. കമ്മീഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസ് (സിഎസിപി) വര്‍ഷം തോറും കരിമ്പ് ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ഉള്‍പ്പെടുത്തി സംഭരണ വിലക്കുള്ള ശുപാര്‍ശകള്‍ തയ്യാറാക്കുന്നു. ഇത് പിന്നീട് സര്‍ക്കാര്‍ വിലയിരുത്തുകയാണ് പതിവ്.

നിലവിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കരിമ്പുകര്‍ഷകര്‍ക്ക് ഈ നീക്കം ഏറെ ആശ്വാസകരമാണ്.

Tags:    

Similar News