താരിഫ്; കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് ഓര്‍ഡറുകള്‍ നഷ്ടപ്പെടുന്നു

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി അമേരിക്ക

Update: 2025-08-17 12:28 GMT

യുഎസ് താരിഫ് മൂലം ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് ഓര്‍ഡറുകള്‍ നഷ്ടപ്പെടുന്നു. ഈ സാഹചര്യം മറികടക്കുന്നത് സംബന്ധിച്ച് ഇതുവരെ പോംവഴികണ്ടെത്താന്‍ വ്യവസായികള്‍ക്ക് സാധിച്ചിട്ടില്ല. കാരണം ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം, അമേരിക്കയാണ് അവരുടെ ഏറ്റവും വലിയ കയറ്റുമതി വിപണി.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കയറ്റുമതിയുടെ 47 ശതമാനം വിഹിതം അമേരിക്കയിലേക്കാണ്. ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നിലവിലുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

50 ശതമാനം താരിഫ് 'ഫണ്‍സ്‌കൂളിന്റെ കയറ്റുമതിയിലും മൊത്തത്തിലുള്ള ഇന്ത്യന്‍ കളിപ്പാട്ട കയറ്റുമതിയിലും കാര്യമായ സ്വാധീനം ചെലുത്തും. കൂടാതെ നിരവധി ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയ്ക്കായി ഉണ്ടായിരുന്ന വൈവിധ്യവല്‍ക്കരണ പദ്ധതികളെ സ്തംഭിപ്പിക്കും' എന്ന് ചെന്നൈ ആസ്ഥാനമായുള്ള ഫണ്‍സ്‌കൂള്‍ ഇന്ത്യയുടെ സിഇഒ കെ എ ഷബീര്‍ പറഞ്ഞു.

യുഎസിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന മറ്റ് ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന തീരുവകള്‍ അവരുടെ ബിസിനസിനെ ബാധിച്ചതായി സ്ഥിരീകരിച്ചു. ''ഞങ്ങള്‍ 80 ശതമാനം കയറ്റുമതി ചെയ്യുന്നു, അതില്‍ 55 ശതമാനം യുഎസ് വിപണിയിലേക്കാണ്,'' സോഫ്റ്റ് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും നിര്‍മ്മിക്കുന്ന സണ്‍ലോര്‍ഡ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ അമിതാഭ് ഖര്‍ബന്ദ പറഞ്ഞു.

2020-ല്‍, ആഭ്യന്തര കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്കും ഇറക്കുമതിക്കാര്‍ക്കും വേണ്ടി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഗുണനിലവാര നിയന്ത്രണ ഉത്തരവ് അവതരിപ്പിച്ചു. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്റ്റാമ്പ് വഹിക്കണമെന്നും ഉത്തരവിറക്കി.

അടുത്ത വര്‍ഷം, 2021 ല്‍, സര്‍ക്കാര്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തി. 2023 ല്‍ ഇത് 70 ശതമാനമായി ഉയര്‍ത്തി. ഇത് ചൈനയില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഇറക്കുമതി നിയന്ത്രിക്കാന്‍ സഹായിച്ചു. അതേസമയം ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി, അവയെ കയറ്റുമതിക്ക് കൂടുതല്‍ അനുയോജ്യമാക്കി.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കളിപ്പാട്ട ഇറക്കുമതി 279.3 മില്യണ്‍ ഡോളറില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 73.9 മില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. അതേസമയം, കയറ്റുമതി ഇതേ കാലയളവില്‍ 129.6 മില്യണ്‍ ഡോളറില്‍ നിന്ന് 169.5 മില്യണ്‍ ഡോളറായി വളര്‍ന്നു. ഈ കാലയളവില്‍, ചൈനയില്‍ നിന്നുള്ള മൊത്തത്തിലുള്ള കളിപ്പാട്ട ഇറക്കുമതി 83 ശതമാനം കുറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 55 ശതമാനം വിഹിതവുമായി ചൈന ഇപ്പോഴും ഇന്ത്യയിലേക്ക് കളിപ്പാട്ടങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരനാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.

ട്രംപിന്റെ താരിഫുകള്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് തടസ്സമായി പ്രവര്‍ത്തിക്കുന്നതിനാല്‍, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പുതിയ വിപണികള്‍ പര്യവേക്ഷണം ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു വ്യാപാര കരാറില്‍ ചര്‍ച്ച നടത്തണമെന്നും വ്യവസായത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിന് പ്രോത്സാഹനങ്ങളും സബ്സിഡികളും അവതരിപ്പിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. 

Tags:    

Similar News