കളിപ്പാട്ടത്തിനും കലികാലമോ, പിഎല്‍ഐ പുറത്തേക്ക്; എന്താണ് പുതിയ പദ്ധതി?

  • പിഎല്‍ഐ പദ്ധതി കളിപ്പാട്ട മേഖലയില്‍നിന്ന് ഒഴിവാക്കുന്നു

Update: 2025-05-21 05:57 GMT

ഏറെ പെരുമയോടെ അവതരിപ്പിക്കപ്പെട്ട പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി കളിപ്പാട്ട മേഖലയില്‍ നിന്ന് ഒഴിവാക്കുകയാണ്. പകരം എന്തു സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുക. ടോയ്‌സിന്റെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ എന്തുമാര്‍ഗമാണ് സര്‍ക്കാര്‍ കണ്ടിട്ടുണ്ടാകുക?

ഉയര്‍ന്ന ഉല്‍പ്പാദനം, വര്‍ധിച്ചുവരുന്ന വില്‍പ്പന തുടങ്ങിയവയുമായി നേരിട്ട് ബന്ധപ്പെട്ട സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായിരുന്നു പിഎല്‍ഐ പദ്ധതി.2024-25 ലെ ഇടക്കാല ബജറ്റില്‍ മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുന്ന 3,489 കോടി രൂപ അടങ്കലോടെ പിഎല്‍ഐ പദ്ധതി നീട്ടാന്‍ ശുപാര്‍ശ ചെയ്തിരുന്നതുമാണ്.

എന്നാല്‍ 2025 ഫെബ്രുവരി 1 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍, ധനമന്ത്രി സീതാരാമന്‍ പിഎല്‍ഐ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചില്ല. പകരം ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് കേന്ദ്രം ഒരു ദേശീയ കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നാണ് പറഞ്ഞത്. ഇതെങ്ങനെ സാധ്യമാകും.. അതിനുള്ള മാര്‍ഗമെന്താണ്?

പിഎല്‍ഐ പദ്ധതി വ്യവസായത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു. എന്നാല്‍ അതിന്റെ അസ്ഥിരമായ നേട്ടങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രം പ്രോത്സാഹനവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ നിന്ന് പിന്മാറുകയാണ്. അതായത് ഉദ്ദേശിച്ച ഫലങ്ങള്‍ ലഭ്യമായില്ല എന്ന് ചുരുക്കം. പിഎല്‍ഐ പദ്ധതിയില്‍ അനുവദിച്ച ഫണ്ടിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമേ അതിന്റെ തുടക്കം മുതല്‍ വിനിയോഗിച്ചിട്ടുള്ളൂ എന്നതിനാലാണ് സമീപനത്തില്‍ മാറ്റം വന്നത്.

2021-22 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് വിവിധ പിഎല്‍ഐ പദ്ധതികള്‍ക്കായി ഏകദേശം 1.97 ലക്ഷം കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിരുന്നു. വന്‍കിട ഇലക്ട്രോണിക്സ് നിര്‍മ്മാണം പോലുള്ള മേഖലകള്‍ സമാനതകളില്ലാത്ത വിജയം കണ്ടപ്പോള്‍, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകള്‍ പിന്നോട്ട് പോയി.

ഇത് കണക്കിലെടുക്കുമ്പോള്‍, ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ പിഎല്‍ഐ ഇതര പദ്ധതി തേടുകയാണ്.

കളിപ്പാട്ട മേഖലയില്‍ ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്യുന്ന ഒരു പദ്ധതിയില്‍ നിന്ന് മേഖലക്ക്് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.അടുത്തിടെ പുറത്തിറക്കിയ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീമിന് (ഇസിഎംഎസ്) സമാനമായ പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അത് ചില സന്ദര്‍ഭങ്ങളില്‍ വിറ്റുവരവ് അല്ലെങ്കില്‍ മൂലധനം അല്ലെങ്കില്‍ രണ്ടും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള വ്യത്യസ്ത പ്രോത്സാഹനങ്ങള്‍ നല്‍കും.

2023-24 ല്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 152 മില്യണ്‍ ഡോളറായി കുറഞ്ഞു. ആഗോള ഡിമാന്‍ഡ് മന്ദഗതിയിലായതാണ് ഇതിനു കാരണമായി പറയുന്നത്. രാജ്യത്തെ ഈ മേഖലയുടെ പുനരുജ്ജീവനത്തിന് വഴികള്‍ സര്‍ക്കാര്‍ ഒരുക്കുകയാണ്. 

Tags:    

Similar News