image

13 Dec 2025 12:42 PM IST

Business

Indigo Updates : ഭരണഘടനാ വിരുദ്ധം; സർക്കാർ ഈടാക്കിയ കസ്റ്റംസ് ഡ്യൂട്ടി തിരികെ വേണമെന്ന് ഇൻഡിഗോ

MyFin Desk

Indigo Updates : ഭരണഘടനാ വിരുദ്ധം; സർക്കാർ ഈടാക്കിയ കസ്റ്റംസ് ഡ്യൂട്ടി തിരികെ വേണമെന്ന് ഇൻഡിഗോ
X

Summary

സർക്കാർ ഈടാക്കിയ കസ്റ്റംസ് ഡ്യൂട്ടി തിരികെ വേണമെന്ന് ഇൻഡിഗോ. രാജ്യത്ത് ലാഭകരമായ ഒരേയൊരു മുൻനിര എയർലൈൻ


വിമാന ഭാഗങ്ങൾ ഇറക്കുമതി ചെയ്ത ഇനത്തിൽ ഈടാക്കിയ ഇരട്ടി കസ്റ്റംസ് തീരുവ സർക്കാർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ. ഇതിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിമാന ഭാഗങ്ങൾ ഇറക്കുമതി ചെയ്തതിലൂടെ 900 കോടി രൂപ തിരികെ ലഭിക്കാനുണ്ടെന്നാണ് ഇൻഡിഗോ അറിയിച്ചത്. വിമാന എഞ്ചിനുകൾ വിദേശത്ത് അറ്റകുറ്റപ്പണി ചെയ്ത ശേഷം ഇറക്കുമതി ചെയ്തതിന് അടച്ച കസ്റ്റംസ് തീരുവ ഭരണഘടാന വിരുദ്ധമാണെന്നും വിമാന കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഇരട്ടി തീരുവയാണ് സർക്കാർ ഈടാക്കുന്നതെന്ന് എയർലൈൻ ആരോപിക്കുന്നു. കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മകൻ ഇൻഡിഗോയിൽ ജോലി ചെയ്യുന്നത് ചൂണ്ടിക്കാട്ടി ജഡ്ജി കേസിൽ നിന്ന് സ്വയം പിന്മാറി. ഇന്ത്യൻ വ്യോമയാന മേഖലയിൽ മറ്റ് കമ്പനികൾ വരണമെന്ന് സർക്കാർ താൽപ്പര്യപ്പെടുന്നതിനിടയിലാണ് പുതിയ ആരോപണവുമായി ഇൻഡിഗോ എത്തിയിരിക്കുന്നത്.

ഇൻഡിഗോ; ലാഭത്തിലുള്ള ഒരേയൊരു മുൻനിര എയർലൈൻ

പ്രതിസന്ധിയിലായ ഇൻഡിഗോയാണ് രാജ്യത്ത് ലാഭകരമായ ഒരേയൊരു മുൻനിര എയർലൈൻ. 2024-25 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ 3,976 കോടി രൂപയും എയർ ഇന്ത്യ എക്സ്പ്രസ് 5,832 കോടി രൂപയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. ആകാശ എയർ 1,986 കോടി രൂപയും അലയൻസ് എയർ 691 കോടി രൂപയും നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 7253 കോടി രൂപയുടെ ലാഭമാണ് ഇൻഡിഗോ നേടിയത്. സ്പൈസ് ജെറ്റിന് 56 കോടി രൂപയാണ് നഷ്ടം. സ്റ്റാർ എയർ 68 കോടി രൂപ ലാഭം നേടിയെങ്കിലും മുൻനിര എയർലൈനല്ല. ആഭ്യന്തര വ്യോമയാന വിപണിയിൽ 65 ശതമാനം വിഹിതവും നിലവിൽ ഇൻഡിഗോയ്ക്കാണ്. അതുകൊണ്ട് തന്നെ ഇൻഡിഗോയുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് വ്യോമയാന മേഖലയിൽ നിർണായകമാണ്.