സംസ്ഥാനം പവർകട്ടിലേക്കോ? ലോഡ് ഷെഡിംഗ് വേണമെന്ന് കെഎസ്ഇബി

  • സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി
  • 700 -ൽ കൂടുതൽ ട്രാൻസ്‌ഫോമറുകൾ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്
  • ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി വിതരണ ശൃംഖല താറുമാറാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി

Update: 2024-04-30 06:56 GMT

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും.

കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവർലോഡ് വരുന്നതിനാൽ ട്രാൻസ്‌ഫോമറുകൾ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ൽ കൂടുതൽ ട്രാൻസ്‌ഫോമറുകൾ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ വൈദ്യുതി ഉപഭോഗം 11.3 കോടിയൂണിറ്റാണ്. ഏപ്രില്‍ ഒന്‍പതിലെ 11.1 കോടി യൂണിറ്റ് ആണ് മറികടന്നത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.

ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി വിതരണ ശൃംഖല താറുമാറാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി. വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി രംഗത്തെത്തിയിരുന്നു. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടി. രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

അതേസമയം അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ആലുവ, ഇടപ്പള്ളി,പാലാരിവട്ടം,ചേരാനെല്ലൂർ  തുടങ്ങിയ ഇടങ്ങളിലാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.



Tags:    

Similar News