എഐ ജീനിയസ് ; ക്ലാസ് എടുക്കുന്നത് വൻകിട കമ്പനികൾക്കും വിദേശികൾക്കും, റൗൾ റൈസിങ് സ്റ്റാർ!
എഐ ലോകത്തെ കൊച്ചുമിടുക്കനാണ്; ഇന്ന് ക്ലാസ് എടുക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക്
എഐ ടൂളുകൾ സ്വന്തമായി ഡെവലപ്പ് ചെയ്യുന്ന 11-ാം ക്ലാസ് വിദ്യാർത്ഥി. ക്ലാസ് എടുക്കുന്നത് വൻകിട കമ്പനികൾക്കും വിദേശികൾക്കും. എഐയിലെ കേരളത്തിൻ്റെ കുട്ടിത്താരം റൗൾ ജോൺ അജു ഈ രംഗത്തെ വിസ്മയമാണ്. എഐ രംഗത്തെ മുന്നേറ്റത്തിന് പ്രചോദിപ്പിച്ച ഘടകങ്ങളെ കുറിച്ചും ഈ രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ മൈഫിൻ ടിവിയുടെ മെഗാ ടോക്കിലൂടെ റൗൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കുട്ടിക്കാലം മുതൽ വീഡിയോ എടുക്കാൻ ഇഷ്ടമുള്ള റൗളിന് എഐ രംഗത്ത് ചുവടുറപ്പിക്കാൻ പ്രചോദനം നൽകിയത് ഒരു എഐ ടൂളാണ്. വീഡിയോ എടുക്കലും എഡിറ്റിങ്ങുമൊക്കെ അനായാസം പൂർത്തിയാക്കാൻ സഹായിക്കുന്ന ഒരു ടൂൾ. രണ്ടു മാസം കൊണ്ടു ചെയ്യുന്ന കാര്യം പൂർത്തിയാക്കാൻ രണ്ടു ദിവസം പോലും വേണ്ടി വന്നില്ല. പിന്നീട് കൂടുതൽ എഐ ടൂളുകൾ നിരീക്ഷിക്കാൻ തുടങ്ങി. ഒടുവിൽ സ്വന്തമായി ടൂൾ നിർമാണം. എഐ മേഖലയിലെ ട്രെൻഡുകൾ എല്ലാം ഇപ്പോൾ ഈ കൊച്ചു മിടുക്കന് കാണാപ്പാഠമാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഐ വിഗഗ്ധൻ എന്നത് അതിശയോക്തിയല്ല. പഠിക്കുന്നത് എറണാകുളത്തെ ഒരു സർക്കാർ സ്കൂളിൽ.
യൂട്യൂബ് നോക്കിയാണ് എഐ പഠിച്ചത് എന്നതാണ് ഏറ്റവും രസകരം. വീട്ടുകാർ തടഞ്ഞതുമില്ല. ഇപ്പോൾ കോഡിങ് ഒന്നും അറിയാതെ തന്നെ എഐ ടൂൾ നിർമിക്കാൻ റൗൾ ആവശ്യക്കാരെ പഠിപ്പിക്കുന്നുണ്ട്. 10 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ളവരെ എഐ പഠിപ്പിക്കുന്നു. ബാച്ചിൽ ഒട്ടേറെ വിദേശികളും. എഐ ക്ലാസ് എടുക്കാൻ ദുബായിൽ പോയിട്ടുള്ള റൗഫ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ ക്ലാസുകൾ എടുക്കാൻ തയ്യാറെടുക്കുകയാണ്.
ഒരു മണിക്കൂർ മുതൽ വിവിധ സെഷനുകളായി ഒട്ടേറെ ക്ലാസുകൾ എടുക്കുന്നുണ്ട്. ആണവായുധങ്ങളേക്കാൾ ഭയാനകരവും അതേസമയം ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്നതുമായ എഐ ടൂളുകൾ അനായാസം നേരത്തെ വശത്താക്കിയ ഈ കൊച്ചുമിടുക്കൻ, കേരളത്തിന് അഭിമാനമായി ഈ രംഗത്ത് വലിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്.
ദുബായി സർക്കാരിൻ്റെ 'എഐ കൺസൾട്ടൻ്റ്'
ഡ്രൈവിങ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട്. എഐ ടൂളുകൾ എല്ലാ മേഖലകളിലുമുണ്ട്. ടെക്സ്റ്റ് ബുക്ക് വിവരങ്ങൾ പിഡിഎഫായി അപ്‍ലോഡ് ചെയ്താൽ ഗെയിമായി പഠിപ്പിക്കുന്ന ടൂളുകൾ കുട്ടികൾക്ക് പ്രയോജനകരമാണ്. ഒരു പവർ പോയിൻ്റ് പ്രസൻ്റേഷൻ കിടിലനാക്കാൻ മികച്ച ഒരു ടൂൾ സഹായിക്കും.
എഐയുടെ വിവിധ മേഖലകളിൽ അധികം ഉപയോഗിക്കാത്ത സാധ്യതകൾ ലോകത്തെ പഠിപ്പികുകയാണ് നമ്മുടെ റൈസിങ് സ്റ്റാർ. റൗളിൻ്റെ എഐ ടൂളുകളും വ്യത്യസ്തമാണ്. ചാറ്റ് ബോട്ടുകൾ ഉൾപ്പെടെ 10 ടൂളുകളാണ് ഇതുവരെ സ്വന്തമായി വികസിപ്പിച്ചത്. കേരള സർക്കാരിനും ദുബായി സർക്കാരിനും എഐയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉപദേശം നൽകുന്നു..
