26 Nov 2025 2:15 PM IST
റഷ്യ-യുക്രെയ്ന് സമാധാന കരാറിന് ധാരണ. യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതിയുണ്ടായെന്ന് ട്രംപ്
MyFin Desk
Summary
സമാധാനപദ്ധതിക്ക് അന്തിമരൂപം നല്‍കും
റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കും സമാധാനപദ്ധതിക്ക് അന്തിമരൂപം നല്‍കാനും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ന് അറിയിച്ചു. അബുദാബിയില്‍ റഷ്യന്‍ പ്രതിനിധികളുമായി യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്കോള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് യുക്രെയ്ന് സമ്മതിച്ച വിവരം പുറത്തുവരുന്നത്.
മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ്,യുക്രെയ്ന്,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഞായറാഴ്ച സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. സ്വിറ്റ്സര്‍ലന്റിലെ പ്രഥമിക ചര്‍ച്ചയില്‍ സമാധാന പദ്ധതിയിലെ പിഴവുകള്‍ തിരുത്തിയതായും മൊത്തത്തില്‍ പ്രതീക്ഷയുണ്ടെന്നും യുക്രെയ്ന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി പറഞ്ഞിരുന്നു. ചില കാര്യങ്ങളില്‍ ട്രംപുമായി ചര്‍ച്ച നടത്താനുണ്ടെന്നും സൂചിപ്പിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ കരാറിലേക്ക് നീങ്ങുമ്പോള്‍ പുടിനുമായും സെലന്‍സ്കിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഭേദഗതി ചെയ്ത സമാധാനപദ്ധതി മുന്‍ധാരണകളില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ നിരസിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പ്രതികരിച്ചു.
അതേസമയം, റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്നും അവര്‍ തന്നെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടതെന്നും യുക്രെയന്‍ പ്രസിഡന്റ് സെലന്‍സ്കി വ്യക്തമാക്കി. പുതുക്കിയ സമാധാനപദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ യുക്രെയ്ന് തയ്യാറാണെന്നും തര്‍ക്കവിഷയങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്യുമെന്നും സെലന്‍സ്കി പറഞ്ഞു.
യുക്രെയ്ന് സമാധാന പദ്ധതി അംഗീകരിച്ചതോടെ റഷ്യ-യുക്രൈന് യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
