കേരളത്തിന്റെ സമ്പദ്ഘടനയും അതിഥി തൊഴിലാളികളും

പ്രവാസത്തിൻറെ നോവുമായി നമുക്കിടയിൽ ജീവിക്കുന്ന 35ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ. ‘അതിഥി' തൊഴിലാളികൾ എന്ന ഓമനപേരിട്ട് സ്വന്തം രാജ്യത്ത് തന്നെ നമ്മൾ അവരെ വിരുന്നുകാരാക്കി. എന്ത് ജോലിയും ചെയ്യുന്ന ‘ഭായി’മാരില്ലാതെ മലയാളിക്കിന്ന് ജീവിക്കാൻ കഴിയില്ല. എന്നിട്ടും, കേരളത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന അവരെ ഉൾകൊള്ളാൻ നമുക്ക് ഇനിയും മടിയാണ്. അകറ്റി നിർത്തുന്ന അന്യ നാട്ടുകാരൻ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സിഎംഐഡി) പ്രകാരം കേരളത്തിൽ ഏകദേശം 35 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. ഇത് […]

Update: 2022-06-04 22:53 GMT

പ്രവാസത്തിൻറെ നോവുമായി നമുക്കിടയിൽ ജീവിക്കുന്ന 35ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ. ‘അതിഥി' തൊഴിലാളികൾ എന്ന ഓമനപേരിട്ട് സ്വന്തം രാജ്യത്ത് തന്നെ നമ്മൾ അവരെ വിരുന്നുകാരാക്കി. എന്ത് ജോലിയും ചെയ്യുന്ന ‘ഭായി’മാരില്ലാതെ മലയാളിക്കിന്ന് ജീവിക്കാൻ കഴിയില്ല. എന്നിട്ടും, കേരളത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന അവരെ ഉൾകൊള്ളാൻ നമുക്ക് ഇനിയും മടിയാണ്.

അകറ്റി നിർത്തുന്ന അന്യ നാട്ടുകാരൻ

സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സിഎംഐഡി) പ്രകാരം കേരളത്തിൽ ഏകദേശം 35 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. ഇത് കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം വരും. കേരളത്തിലെ തൊഴിൽ മേഖലയിൽ 26.3 ശതമാനം അന്യസംസ്ഥാനക്കാരാണ്. 16,000 രൂപ മുതൽ 35,000 രൂപവരെയാണ് ഒരാളുടെ മാസ ശമ്പളം. ഇവർ പ്രതിവർഷം ഏകദേശം 750 കോടി രൂപ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നു. ഏതാണ്ട് 100,000 കോടി രൂപ കേരളത്തിൽ ചെലവഴിക്കുന്നു.

"തൊഴിൽ മേഖലയിൽ കേരളം കൂടുതലായി ആശ്രയിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ്. കുടിയേറ്റം സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഘടനയുടെ അടിസ്ഥാനമാണ്," സിഎംഐഡിയുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബിനോയ് പീറ്റർ പറയുന്നു.

കേരള സർക്കാർ അവരെ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, കേരളത്തിലെ ജനങ്ങൾ അവരെ അവരുടെ സമൂഹത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ മടിക്കുന്നു.

“തൊഴിലാളികൾ നമ്മുടെ അതിഥികളാണെന്ന് ആവർത്തിച്ച് പറയുന്നതു കൊണ്ട് മാത്രം കാര്യമില്ല. അവർ മൗലികാവകാശമുള്ള ഇന്ത്യൻ പൗരന്മാരാണെന്ന് മറന്നു പോകരുത്. എവിടെയും ജോലി ചെയ്യാനും താമസിക്കാനും യാത്ര ചെയ്യാനും അവർക്കും അവകാശമുണ്ട്. സെനോഫോബിയ അഥവാ മറ്റു പ്രദേശങ്ങളിൽ നിന്ന് വരുന്നവരോട് സ്വദേശത്തുള്ളവർക്കു തോന്നുന്ന ഒരുതരം അനിഷ്ടം ലോകമെമ്പാടും നിലവിലുണ്ട്, എന്നാൽ കുടിയേറ്റം കാരണം വികസിച്ച കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന് അത് ഭൂഷണമല്ല,” ബിനോയ് പീറ്റർ പറഞ്ഞു.

“കുടിയേറ്റ തൊഴിലാളികളുടെ സേവനം ഉപയോഗിക്കാത്ത ഒരു വ്യക്തി പോലും സംസ്ഥാനത്ത് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. നിർമാണ ജോലികൾ മുതൽ ദൈനംദിന കൂലിപ്പണികൾക്ക് വരെ അവരുടെ സേവനം വേണം. എന്നിട്ടും, അവരെ വേറിട്ട് കാണുന്ന പ്രവണതയാണുള്ളത്. അവരെ പലപ്പോഴും കുറ്റവാളികൾ, രോഗവാഹകർ എന്നിങ്ങനെയാണ് പരിഗണിക്കുന്നത്. അത് മനുഷ്യാവകാശ വിരുദ്ധവും വംശീയതയുമാണ്,” അദ്ദേഹം തുടർന്നു.

വർദ്ധിക്കുന്ന കുടിയേറ്റം

സമീപ ഭാവിയിൽ തന്നെ അതിഥി തൊഴിലാളികളുടെഎണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്‍റെ അഭിപ്രായം. 2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും. ആ സമയത്ത് കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും എന്നാണ് കണകാക്കപ്പെടുന്നത്.

'അതിഥി തൊഴിലാളികളും അസംഘടിത തൊഴില്‍ മേഖലയും നഗരവത്കരണവും' എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. അതിഥി തൊഴിലാളികളെ സംബന്ധിച്ച്, ഉയർന്ന വേതനവും സാമൂഹിക അന്തരീക്ഷവുമാണ് കേരളത്തെ മികച്ച തൊഴിലിടമായി മാറ്റുന്നത്. 2017-18 കാലത്തെ കണക്കുകള്‍ പ്രകാരം, കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025ല്‍ 45.5 ലക്ഷം മുതല്‍ 47.9 ലക്ഷം വരെ ഇയരാം. ഇത് 2030 ആകുമ്പോള്‍ 55.9 ലക്ഷം മുതല്‍ 59.7 ലക്ഷം വരെയാകും, പഠനം പറയുന്നു.

എന്നാല്‍ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് ഈ സംഖ്യയും വര്‍ദ്ധിക്കും എന്നാണ് പഠനം പറയുന്നത്. കേരളത്തില്‍ കുടുംബമായി കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ ഇപ്പോള്‍ 10.3 ലക്ഷത്തോളം വരും. ഇത് 2025ല്‍ 13.2 ലക്ഷമായും, 2030ല്‍ 15.2 ലക്ഷമായും വര്‍ദ്ധിക്കും.

നിലവില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്നത് നിര്‍മ്മാണ മേഖലയിലാണ്. 17.5 ലക്ഷം പേര്‍. ഉത്പാദന മേഖലയില്‍ 6.3 ലക്ഷം പേർ. കാര്‍ഷിക അനുബന്ധ മേഖലയില്‍ 3 ലക്ഷം പേരും, ഹോട്ടല്‍ ഭക്ഷണശാല മേഖലയില്‍ 1.7 ലക്ഷം പേരും പണിയെടുക്കുന്നു. ബാക്കിയുള്ളവർ അസംഘിടത മേഖലയിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു.

അടിസ്ഥനരഹിതമായ ധാരണകൾ

ഈ തൊഴിലാളികൾ കുറ്റവാളികളാണെന്ന ധാരണകൾക്ക് അടിസ്ഥാനവും സത്യവുമില്ലെന്ന് ബിനോയ് പറയുന്നു. ഈ തൊഴിലാളികൾ പ്രദേശവാസികളിൽ നിന്ന് തൊഴിലവസരങ്ങൾ തട്ടിയെടുക്കുകയും കൂടുതൽ വരുമാനം നേടുകയും ചെയ്യുന്നു എന്ന തെറ്റായ ധാരണയും നിലനിൽക്കുന്നു. മലയാളികൾ ചെയ്യാൻ തയ്യാറാകാത്ത ജോലികളാണ് അന്യ സംസ്ഥാനക്കാർ ഏറ്റെടുക്കുന്നത്.

"അവർ പ്രതിവർഷം ഏകദേശം 750 കോടി രൂപ നാട്ടിലേക്ക് അയയ്ക്കുന്നു. അവർ കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം മാത്രമാണ് അവർ എടുക്കുന്നത്. അവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇവിടെത്തന്നെ ചെലവഴിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.

1961 മുതൽ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ജോലി തേടി കേരളത്തിലെത്തി. പിന്നീട്, 1990-കളിൽ പാലക്കാട്ടെ കഞ്ചിക്കോട് ഇരുമ്പ് വ്യവസായം അഭിവൃദ്ധിപ്പെട്ടപ്പോൾ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ കേരളത്തിലേക്ക് കുടിയേറി. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ, തമിഴ്‌നാട്, കർണാടക എന്നിവയ്‌ക്ക് പുറമേ അസം, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വലിയ ഒഴുക്കാണ് കേരളം കണ്ടത്.

സാമൂഹിക സുരക്ഷാ പദ്ധതി

2010 ൽ, കുടിയേറ്റ തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷാ പദ്ധതി അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിക്ക് കീഴിൽ, രജിസ്റ്റർ ചെയ്ത പ്രവാസിക്ക് 25,000 രൂപ വരെ അപകട പരിരക്ഷയോ വൈദ്യസഹായമോ ലഭിക്കും. മരണപ്പെട്ടാൽ കുടുംബത്തിന് ഒരു ലക്ഷം രൂപയും മൃതദേഹം എംബാം ചെയ്യാനും കൊണ്ടുപോകാനുമുള്ള തുകയും ലഭിക്കും. പദ്ധതിയിൽ ചേരുന്നവർക്ക് അഞ്ചുവർഷത്തെ ജോലിക്ക് ശേഷം 25,000 രൂപ ലഭിക്കും.

2017 മുതൽ, സംസ്ഥാന സാക്ഷരതാ മിഷൻ തൊഴിലാളികളെ ഹിന്ദിയും മലയാളവും പഠിപ്പിക്കുന്നതിനുള്ള ഒരു പരിപാടി നടപ്പിലാക്കുന്നു. കുടിയേറ്റ സ്ത്രീ തൊഴിലാളികളെയും അംഗങ്ങളാക്കാനുള്ള ശ്രമങ്ങൾ കുടുംബശ്രീ മിഷൻ ആരംഭിച്ചിട്ടുണ്ട്.

2010-ൽ തൊഴിൽ വകുപ്പിന്റെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിക്ക് (ISMWWS) കീഴിൽ, തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് (KBOCWWB) ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു. 30 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസ്. സംസ്ഥാന സർക്കാരും ഇതിലേക്ക് സംഭാവന നൽകും.

താങ്ങാനാവുന്ന വാടകയ്ക്ക് 'അപ്‌നാ ഘർ' ഭവന പദ്ധതിയും കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും, എംപാനൽ ചെയ്‌ത ചില സ്വകാര്യ ആശുപത്രികളിലും 15,000 രൂപയുടെ സൗജന്യ ചികിത്സയ്‌ക്കുള്ള 'ആവാസ് ആരോഗ്യ ഇൻഷുറൻസ് സ്കീമും' നിലവിലുണ്ട്.

ഈ പദ്ധതികൾ ഫലപ്രദമായോ?

എന്നാൽ, ഒരു പഠനത്തിൽ, തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമല്ലെന്ന് സിഎംഐഡി കണ്ടെത്തി. കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ പല പദ്ധതികളും ഒന്നുകിൽ അവരിൽ എത്തിയില്ല അല്ലെങ്കിൽ അവർക്ക് അതിനെക്കുറിച്ച് അറിയില്ല. "ഡിസംബർ 2019-ജനുവരി 2020 കാലയളവിൽ എറണാകുളം ജില്ലയിൽ നടത്തിയ ഒരു പഠനത്തിൽ അഭിമുഖം നടത്തിയ 419 തൊഴിലാളികളിൽ ആരും അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമ സ്കീമിനെക്കുറിച്ച് കേട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി," എന്ന് സിഎംഐഡി പഠനത്തിൽ പറയുന്നു.

കേരളത്തിൽ വരുന്ന ഭൂരിഭാഗം തൊഴിലാളികളേയും അവരുടെ സ്വന്തം സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു കരാറുകാരൻ റിക്രൂട്ട് ചെയ്യാത്തതിനാൽ, അവർക്ക് ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ (നിയന്ത്രണവും സേവന വ്യവസ്ഥകളും; ഐഎസ്എംഡബ്ല്യു) നിയമം, 1979, ബാധകമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ നിയന്ത്രിക്കുന്നതിനും അവരുടെ സേവന വ്യവസ്ഥകൾക്കും അനുബന്ധ കാര്യങ്ങൾക്കുമായി ഐഎസ്എംഡബ്ല്യു അവതരിപ്പിച്ചു. എന്നിരുന്നാലും, സിഎംഐഡി പഠനം അനുസരിച്ച്, കേരളത്തിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളിൽ 2,741 തൊഴിലാളികൾ മാത്രമാണ് 2016-2017 കാലയളവിൽ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്തത്.

സ്വന്തം സംസ്ഥാനങ്ങളിൽ റിക്രൂട്ട് ചെയ്ത് കരാറുകാർ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭൂരിഭാഗം തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സിഎംഐഡി പറയുന്നു. 2012-2013 കാലയളവിൽ രജിസ്ട്രേഷനുകൾ 6,833 ആയിരുന്നത് 2014-2015 കാലയളവിൽ 11,011 ആയി വർദ്ധിച്ചു, തുടർന്ന് 2016-2017 ൽ പകുതിയോളം കുറഞ്ഞു.

മിക്ക തൊഴിലാളികൾക്കും ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നു. "2019-2020 കാലയളവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടിയേറ്റക്കാരിൽ ആരും ആവാസിൽ നിന്ന് പ്രയോജനം നേടിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അവരുടെ ആശുപത്രി ചെലവുകൾ സ്വന്തമായോ അല്ലെങ്കിൽ തൊഴിലുടമയോ നൽകി," പഠനം പറയുന്നു.

തൊഴിൽ വകുപ്പിലെ മനുഷ്യവിഭവശേഷി പരിമിതി മൂലം ഈ ആഭ്യന്തര കുടിയേറ്റക്കാർക്ക് നൽകുന്ന വിവരങ്ങളും ബോധവൽക്കരണവും വളരെ കുറവാണെന്ന് ബിനോയ് പീറ്റർ പറയുന്നു.

അപ്‌നാ ഘർ ഭവന പദ്ധതിയും കുടിയേറ്റ കുടുംബങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നില്ല. അവിവാഹിതരായ പുരുഷ തൊഴിലാളികൾക്ക് മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളൂ. ബിനോയ് പറയുന്നതനുസരിച്ച്, കുടുംബമായി വരുന്ന തൊഴിലാളികൾക്ക് ഡോർമിറ്ററി പോലുള്ള സൗകര്യം അനുയോജ്യമല്ല.

കേരളം തന്നെ മെച്ചം

നിരവധി പോരായ്മകൾ ഉണ്ടെങ്കിലും, കുടിയേറ്റ തൊഴിലാളികൾക്ക് കേരളം വളരെ മികച്ചത് തന്നെ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിവേചനം കുറവാണ്, കൂടാതെ നല്ല വേതനമാണ് ലഭിക്കുന്നതും.

കേരളത്തിൽ ദിവസ വേതനക്കാരനായ ഒരു കുടിയേറ്റ തൊഴിലാളിക്ക് പ്രതിദിനം 600 മുതൽ 800 രൂപ വരെ ലഭിക്കും. അതേ ജോലിക്ക് ഒരു മലയാളി തൊഴിലാളിക്ക് പ്രതിദിനം 1000 രൂപ ലഭിക്കും.

"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നല്ല കൂലിയാണ്. ഞങ്ങൾക്ക് മറ്റൊരു സംസ്ഥാനത്ത് അത്രയും തുക ലഭിക്കുന്നില്ല," പെരുമ്പാവൂർ താമസിക്കുന്ന ബീഹാറിൽ നിന്നുള്ള തൊഴിലാളിയായ മഹേഷ് യാദവ് പറയുന്നു. "ഞങ്ങളുടെ സംസ്ഥാനത്ത്, ദിവസക്കൂലിക്ക്, ഞങ്ങൾക്ക് 200 രൂപയോ 300 രൂപയോ ലഭിക്കൂ. അതുകൊണ്ട് നാട്ടുകാരേക്കാൾ കുറഞ്ഞ ശമ്പളം ലഭിക്കുന്നതിൽ ഞങ്ങൾക്ക് വിഷമമില്ല," അദ്ദേഹം പറയുന്നു.

ഭരണ ഇടപെടൽ വേണം

കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പരാതി പരിഹാര യൂണിറ്റുകൾ ഉണ്ടാകണം എന്ന അഭിപ്രായം പല തലങ്ങളിൽ നിന്നും ഉയർന്നിട്ടു കാലം കുറെയായി.

“കുടിയേറ്റ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നടപടികളുണ്ടാവണം. അവരെ സ്വീകരിക്കാൻ പ്രദേശവാസികളെ ബോധവൽക്കരിക്കണം. വ്യവസായ മാനദണ്ഡങ്ങൾക്കനുസൃതമായി വേണ്ടത്ര ശമ്പളം നൽകാതെ തൊഴിലുടമകൾ അവരെ കബളിപ്പിക്കുന്നു; പച്ചക്കറി കച്ചവടക്കാർ അവരോട് പുശ്ചത്തോടെ പെരുമാറുന്നു. ഓട്ടോ ഡ്രൈവർമാർ അവരിൽ നിന്ന് പണം തട്ടിയെടുക്കുന്നു. അതിനാൽ, ഭരണ നേതൃത്വത്തിൻറെ ഇടപെടൽ ആവശ്യമാണ്," ബിനോയ് പറയുന്നു.

ഈ അഭിപ്രായങ്ങൾക്കു ഭരണ തലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാകണം. എങ്കിൽ മാത്രമേ നമ്മുടെ സമ്പദ് ഘടനയ്ക്ക് കൂടുതൽ താങ്ങായി വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടത്ര സാമൂഹ്യ സുരക്ഷിതത്വം നൽകാൻ നമുക്കാവുകയുള്ളു. ഗൾഫിലും, മറ്റു മനുഷ്യവാസം ഉള്ള രാജ്യങ്ങളിലുമെല്ലാം വേരുറപ്പിക്കുന്ന മലയാളി സ്വന്തം നാട്ടിൽ എത്തപ്പെടുന്ന തൊഴിലാളികളോട് മാന്യമായി പെരുമാറുകയും അവർക്കെതിരെയുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് ഒരു അനിവാര്യതയാണ്.

Tags:    

Similar News