22 Nov 2025 11:35 AM IST
Labour Code Changes: ഇനി സമയബന്ധിതമായി ശമ്പളം നൽകിയേ പറ്റൂ! മാറിയ ലേബർ കോഡുകൾ, പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
MyFin Desk
Summary
ഇനി തൊഴിൽ നിയമന കത്ത് നൽകാതെ ജോലി നൽകാനാകില്ല; ഒട്ടേറെ കർശന വ്യവസ്ഥകൾ
കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് നാല് പുതിയ ലേബർ കോഡുകൾ രാജ്യത്ത് പ്രാബല്യത്തിൽ വരികയാണ്. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പ്രധാന പരിഷ്കരണമാണിത്. 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ രാജ്യത്തെ ലേബർ കോഡുകളിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?
സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പ്രയോജനകരമായ ഒട്ടേറെ വ്യവസ്ഥകളും പുതിയ ലേബർ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജീവനക്കാരുടെ മിനിമം ശമ്പള വ്യവസ്ഥ മുതൽ വനിതകൾക്ക് തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയെല്ലാം പുതിയ ലേബർ കോഡുകളിൽ ഉൾപ്പെടുന്നു.
പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
മിനിമം ശമ്പളം നിയമപരമായ അവകാശമാകുന്നു
നേരത്തെ ഒരു തൊഴിലുടമ തൊഴിൽ നൽകുമ്പോൾ നിയമന കത്തുകൾ നിർബന്ധമല്ലായിരുന്നു, എന്നാൽ പുതിയ കോഡുകൾ അനുസരിച്ച് എല്ലാ തൊഴിലാളികൾക്കും രേഖാമൂലമുള്ള നിയമന കത്തുകൾ നിർബന്ധമാണ്. ചില മേഖലകളിൽ മാത്രമായിരുന്നു നേരത്തെ മിനിമം ശമ്പള വ്യവസ്ഥകൾ എങ്കിൽ ഇനി എല്ലാ മേഖലകളിലും ഇത് ബാധകമാകും. ഇതുവരെ മിനിമം ശമ്പളം പോലുമില്ലാതെ തൊഴിലാളികൾക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നെങ്കിൽ ഇനി മിനിമം ശമ്പളം നിയമപരമായ അവകാശമാവുകയാണ്.
സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങൾ ഇ-കൊമേഴ്സ് രംഗത്തും
ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നിർബന്ധമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർക്കും പിഎഫ്. ഇഎസ്ഐ ആനുകൂല്യങ്ങൾ നൽകണം. അതുപോലെ എല്ലാ മേഖലകളിലുമുള്ള തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാകും. അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കണം.
സമയബന്ധിതമായ വേതനം നൽകിയേ പറ്റൂ
സമയബന്ധിതമായി തന്നെ തൊഴിലാളികൾക്ക് തൊഴിലുടമ വേതനം നൽകണമെന്നതും നിർബന്ധമാവുകയാണ്..
ലീവെടുത്താലും ശമ്പളം നൽകണം
തൊഴിലാളികൾ ലീവെടുക്കുന്ന ദിവസങ്ങളിൽ ഇനി ശമ്പളം പിടിക്കാനാകില്ല. ലീവെടുക്കുന്ന ദിവസങ്ങളിലും ശമ്പളം നൽകണം.
കരാർ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി
ഒരു വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഇനി കരാർ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി നൽകണം.സാമൂഹിക സുരക്ഷയും ആരോഗ്യ ആനുകൂല്യങ്ങളും നിയമപരമായ അവകാശമാകും
സൗജന്യ വാർഷിക ആരോഗ്യ പരിശോധന
നേരത്തെ തൊഴിലുടമകൾ തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ നൽകണമെന്നത് നിയമപരമായ നിബന്ധനയായിരുന്നില്ല. ഇനി 40 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും തൊഴിലുടമകൾ സൗജന്യ വാർഷിക ആരോഗ്യ പരിശോധന നൽകണം.
സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം
സ്ത്രീകൾക്ക് തൊഴിൽ ചെയ്യാൻ രാജ്യത്ത് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. രാത്രി ഷിഫ്റ്റുകളിലും ചില തൊഴിലുകളിലും സ്ത്രീ തൊഴിലാളികളെ പരിമിതപ്പെടുത്തിയിരുന്നു. ഇനി സ്ത്രീകൾക്ക് ഏത് മേഖലയിലും രാത്രിയിലും ജോലി ചെയ്യാൻ അനുമതി ലഭിക്കും. ഉയർന്ന വരുമാനമുള്ള റോളുകളിൽ തുല്യമായ വേതന വ്യവസ്ഥകൾ നിയമപരമാകും. രാവിലെ ആറ് മണിക്ക് മുൻപും ഏഴു മണിക്ക് ശേഷവും എവിടെയും ജോലി ചെയ്യാം.
ജീവനക്കാരുടെ പരാതികളിൽ കാലതാമസം അരുത്
ജീവനക്കാരുടെ പരാതികൾ പ്രത്യേക ട്രൈബ്യൂണൽ വഴി പരിഹരിക്കാം. ഒരു വർഷത്തിനുള്ളിൽ കേസുകൾ തീർപ്പാക്കണം.
10 ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇഎസ്ഐ കവറേജ് തൊഴിലുടമക്ക് സ്വമേധയാ നൽകാമെങ്കിലും അപകട സാധ്യതയുള്ള ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെങ്കിലും ഉണ്ടെങ്കിൽ ഇഎസ്ഐ സംരക്ഷണം നൽകണം.
പഠിക്കാം & സമ്പാദിക്കാം
Home
