image

30 Nov 2025 1:59 PM IST

Agriculture and Allied Industries

ക്രിസ്തുമസ് വേളയിലെ ബംബര്‍ വില്‍പ്പനയെ ഉറ്റ് നോക്കുകയാണ് കാര്‍ഷിക കേരളം

MyFin Desk

ക്രിസ്തുമസ് വേളയിലെ ബംബര്‍ വില്‍പ്പനയെ ഉറ്റ് നോക്കുകയാണ് കാര്‍ഷിക കേരളം
X

Summary

സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ആഭ്യന്തര ആവശ്യം ഉയരുമെന്ന വിശ്വാസത്തില്‍ സ്റ്റോക്കിസ്റ്റുകള്‍ ഉത്തരേന്ത്യയില്‍ ശൈത്യം ശക്തി പ്രാപിച്ചിട്ടും ചുക്ക് വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഡിമാന്റ് ഉയരുന്നില്ല വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുന്നതും കാത്തിരിക്കുകയാണ് നാളികേര കര്‍ഷകര്‍ സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ നിരാശരാക്കിയിരിക്കുകയാണ് ടയര്‍ ലോബി.


നടപ്പ് വര്‍ഷത്തെ അവസാന ഉത്സവ വില്‍പ്പനയില്‍ പ്രതീക്ഷ നിലനിര്‍ത്തുകയാണ് സംസ്ഥാനത്തെ സുഗന്ധവ്യഞ്ജന കര്‍ഷകര്‍. ഓഫ് സീസണായതിനാല്‍ മികച്ചയിനം കുരുമുളക് കുറഞ്ഞ അളവില്‍ മാത്രമാണ് ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് ഇറങ്ങുന്നത്. ഹൈറേഞ്ചിലും മറ്റ് ഭാഗങ്ങളിലും കുരുമുളക് സ്റ്റോക്ക് നാമമാത്രമായതിനാല്‍ ക്രിസ്തുമസ് വില്‍പ്പനമുളക് വിപണിക്ക് എരിവ് പകരുമെന്നകണക്ക് കൂട്ടലിലാണ് മദ്ധ്യവര്‍ത്തികളും.

മുന്നിലുള്ള മൂന്നാഴ്ച്ച കാലയളവില്‍ രാജ്യത്തിന്റെ എതാണ്ട് ഏല്ലാ ഭാഗങ്ങളില്‍ നിന്നും കുരുമുളകിന് ആവശ്യകാരെത്തുമെന്ന നിഗമനത്തിലാണ് വിപണി വൃത്തങ്ങളും. ഇതിനിടയില്‍ ഇടുക്കി ജില്ലയില്‍ വിവിധഭാഗങ്ങളില്‍ അച്ചാര്‍ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായമൂപ്പ് കുറഞ്ഞമുളക് ചെറിയതോതില്‍ വില്‍പ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. വ്യവസായികള്‍ കിലോ 190 രൂപവരെ വാഗ്ദാനം ചെയുന്നുണ്ട്. എന്നാല്‍ വിളവ് കുറഞ്ഞതിനാല്‍ 200 രൂപയ്ക്ക് മുകളില്‍ ലഭിച്ചാല്‍ വിളവെടുപ്പ് നടത്താമെന്ന നിലപാടിലാണ് പലരും.

സത്ത് നിര്‍മ്മതാക്കള്‍ക്ക് ആവശ്യമായ ലൈറ്റ് പെപ്പര്‍ തെക്കന്‍ കേരളത്തില്‍ വിളവെടുപ്പിന് സജ്ജമായി. എണ്ണ അംശം ഉയര്‍ന്ന ഇത്തരം കുരുമുളക് കൊല്ലം, തിരുവനന്തപരം മേഖലയില്‍ മാത്രമാണ് കൂടുതലായി വിളയുന്നത്. ശ്രീലങ്ക, ഇന്തോനേഷ്യയിലും ഇത്തരം കുരുമുളക് ഉല്‍പാദിപ്പിക്കുന്നുണ്ടങ്കിലും ആഗോളവിപണിയിലെ വര്‍ദ്ധിച്ച ഡിമാന്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പാദനം നന്നെ കുറവാണ്. ഇതിനിടയല്‍ വാരാന്ത്യം ശ്രീലങ്കയില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപകമായ കൃഷിനാശം സംഭവിച്ചു.

ഡിസംബര്‍ പടിവാതുക്കല്‍ എത്തിയതിനൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തണുപ്പിന് കാഠിന്യമേറിയതിനാല്‍ ചുക്കിന് വന്‍ ഓര്‍ഡറുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വിപണി. എന്നാല്‍ നവംബര്‍ രണ്ടാം പകുതിയില്‍ വാങ്ങല്‍ താല്‍പര്യം ചുരുങ്ങി നിന്നത് ഇടപാടുകാരെ നിരാശപ്പെടുത്തി. വന്‍ വില മോഹിച്ച് ഉല്‍പാദനമേഖലയും വിപണിയും ഉയര്‍ന്ന അളവില്‍ ചുക്ക് സംഭരിച്ചിട്ടുണ്ട്.

വില്‍പ്പന ചുരുങ്ങിയാല്‍ കാലാവസ്ഥ മാറ്റം മൂലം ചുക്കില്‍ കുത്ത് വീഴാന്‍ സാധ്യതയുണ്ട്. മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ശൈത്യകാലത്തിന് തുടക്കം കുറിച്ചതിനാല്‍ വിദേശവിപണികളില്‍ നിന്നും പുതിയ ഓര്‍ഡറുകള്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടങ്കിലും നേരെത്ത ലഭിച്ച വന്‍ ഓര്‍ഡറുകളെകുറിച്ചുള്ളവിവരങ്ങള്‍ അവര്‍ രഹസര്യമാക്കിനിരക്ക് ഉയര്‍ത്താതെ പരമാവധി ചുക്ക് സംഭരിച്ചിരുന്നു. വിവിധയിനം ചുക്ക് കിലോ 280300 രൂപയിലാണ്.

നാളികേര വിപണിയെ തളര്‍ച്ചയില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്താനുള്ള തമിഴ്നാട് ലോബിയുടെ നീക്കങ്ങള്‍ വേണ്ട വിധം വിജയിച്ചിട്ടില്ല. മാസാരംഭമായതിനാല്‍ പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന ചൂടുപിടിക്കുമെന്ന മനസിലാക്കി കാങ്കയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട മില്ലുകാര്‍ സംഘടിതായി വില ഉയര്‍ത്താന്‍ നീക്കം നടത്തുകയാണ്. കേരളത്തില്‍ എണ്ണയ്ക്ക് ആവശ്യം വര്‍ധിക്കുമെന്ന കണക്ക് കൂട്ടലിലാണ് കാങ്കയം ലോബി. സ്റ്റോക്കുള്ള എണ്ണ വില ഉയര്‍ത്താന്‍ മില്ലുകാര്‍ ആവേശം കാണിക്കുന്നുണ്ടങ്കിലും വിപണികളില്‍ നിന്നും കൊപ്ര വില ഉയര്‍ത്തി ശേഖരിക്കാന്‍ ഉത്സാഹിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പക്ഷം.

കേരളത്തില്‍ നാളികേരോല്‍പ്പന്ന വില ഒരാഴ്ച്ചയായി സ്റ്റെഡിയാണ്. ക്രിസ്തുമസ് അടുക്കുന്നതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ദ്ധിക്കും. കൊച്ചി ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില 34,500 രൂപയില്‍ ഇടപാടുകള്‍ പുരോഗമിക്കുന്നു.

രാജ്യാന്തര റബര്‍ വിപണിയില്‍ ഉണര്‍വ് ദൃശ്യമായി, എന്നാല്‍ ഇന്ത്യന്‍ വ്യവസായികള്‍ കേരളത്തിലെ മുന്‍ നിര വിപണികളില്‍ നിന്നും പിന്‍വലിഞ്ഞ് ഷീറ്റ് വില ഇടിച്ചു. കയറ്റുമതി രാജ്യമായ തായ്ലന്‍ഡില്‍ ഡിസംബര്‍ ആദ്യം വരെ മഴ തുടരുമെന്ന കാലാവസ്ഥ വിലയിരുത്തലുകള്‍ വിപണിക്ക് താങ്ങ് പകര്‍ന്നു. ഇതോടെ അവിടെ റബര്‍ 193 രൂപ വരെ കയറി. ഇതിനിടയില്‍ ജപ്പാന്‍ എക്സ്ചേഞ്ചില്‍ റബര്‍ കിലോ 334 യെന്നില്‍ നിന്നും 343 യെന്നായി ഉയര്‍ന്നു.

ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ കൊച്ചിയില്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് 186 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 183 രൂപയ്ക്കും വാരാന്ത്യം വാങ്ങി. സംസ്ഥാനത്ത് ഇത് റബര്‍ ടാപ്പിങ് സീസണാണെങ്കിലും അടിക്കടി മഴ അനുഭവപ്പെടുന്നതിനാല്‍ കാര്‍ഷിക മേഖലയുടെ കണക്ക് കൂട്ടലിന് ഒത്ത് ഉല്‍പാദനം ഉയര്‍ത്താനാവുന്നില്ല. ലഭ്യത കുറഞ്ഞതിനിടയില്‍ വില ഉയരുമെന്ന ഉല്‍പാദകരുടെ പ്രതീക്ഷകള്‍ക്ക് മേഖല ടയര്‍ ലോബി സംഘടിതരായി കത്തിവെക്കുകയായിരുന്നു.