2 Dec 2025 6:38 PM IST
Summary
ഇന്ത്യന്‍ വ്യവസായികള്‍ രാജ്യാന്തര വിപണിയില്‍ നിന്നും സോയാ ഓയില്‍ ഇറക്കുമതിക്ക് വന്‍ കരാറുകള്‍ ഉറപ്പിച്ചതിന്റെ ഞെട്ടലിലിലാണ് പാം ഓയില്‍ കയറ്റുമതി വിപണി.
തിരിച്ചുവരവിന് അവസരം ലഭിക്കാതെ റബര്‍. ജപ്പാനിലെ യെന്‍ കരുത്ത് നേടിയത് ഒസാക്ക എക്സ്ചേഞ്ചില്‍ റബറിനെ പ്രതിസന്ധിലാക്കി. കഴിഞ്ഞവാരം റബറില്‍ ശക്തമായ കുതിപ്പ് ദൃശ്യമായെങ്കിലും ഫോറെക്സ് മാര്‍ക്കറ്റിലെ പുതിയ ചലനങ്ങള്‍ വിദേശ നിക്ഷേപകരെ പിന്നാക്കം വലിച്ചു. അതേസമയം സിംഗപ്പൂര്‍, ചൈനീസ് മാര്‍ക്കറ്റുകള്‍ നേട്ടത്തിലാണ്. ക്രൂഡ് ഓയില്‍ ഉല്‍പാദനം അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ഉയര്‍ത്തില്ലെന്ന ഒപെക് വെളിപ്പെടുത്തല്‍ കൃത്രിമ റബറിന് കരുത്തായില്ല.
മഴ മൂലം തായ്ലന്‍ഡില്‍ ടാപ്പിങ്ങിന് നേരിട്ട സ്തംഭനാവസ്ഥ തുടരുകയാണ്. ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 187 രൂപയില്‍ നിന്ന് 189 രൂപയായി. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മികച്ച കാലാവസ്ഥ ലഭ്യമായതോടെ കര്‍ഷകര്‍ ടാപ്പിങ്ങിന് ഉത്സാഹിച്ചു. നാലാം ഗ്രേഡ് റബര്‍ കിലോ 184 രൂപയില്‍ വ്യാപാരം നടന്നു. ലാറ്റക്സ് വില 120 രൂപയായി ഉയര്‍ന്നു.
ഇന്ത്യന്‍ വ്യവസായികള്‍ രാജ്യാന്തര വിപണിയില്‍ നിന്നും സോയാ ഓയില്‍ ഇറക്കുമതിക്ക് വന്‍ കരാറുകള്‍ ഉറപ്പിച്ചതിന്റെ ഞെട്ടലിലിലാണ് പാം ഓയില്‍ കയറ്റുമതി വിപണി. ഇന്തൊനീഷ്യയും മലേഷ്യയും പെടുന്നനെ പാം ഓയില്‍ വില കുറച്ച് ഇറക്കുമതിക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത വര്‍ഷം ഏപ്രില്‍-ജൂലൈയിലേക്കായി ആറ് ലക്ഷം ടണ്‍ സോയാ ഓയില്‍ ഇറക്കുമതിക്കാണ് കരാര്‍ ഒപ്പുവച്ചത്, പ്രതിമാസം ഒന്നര ലക്ഷം ടണ്‍ എണ്ണ വീതം ഇറക്കുമതി നടക്കും. ഭക്ഷ്യയെണ്ണ വിപണിയില്‍ വിദേശ എണ്ണകളുടെ സ്വാധീനം ഉയരുന്നത് നാളികേര കര്‍ഷകരെ പ്രതിസന്ധിയിലാക്കും. കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും ഇന്ന് 200 രൂപ ഇടിഞ്ഞു.
ഏലക്ക ലേലത്തില്‍ ഒറ്റ ദിവസം നടന്ന രണ്ട് ലേലത്തിലും എത്തിയ ചരക്ക് പൂര്‍ണമായി വിറ്റഴിഞ്ഞത് ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരും. ഇന്നലെ രാവിലെ നടന്ന ലേലത്തിന് വന്ന 43,008 കിലോ ഏലക്കയ്ക്ക് പുറമേ രണ്ടാമത് നടന്ന ലേലത്തിന് എത്തിയ 22,293 കിലോ ചരക്കും ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും വന്‍ തോതില്‍ വാങ്ങിക്കൂട്ടി. ശരാശരി ഇനങ്ങള്‍ കിലോ 2479 രൂപയിലും മികച്ചയിനങ്ങള്‍ 2749 രൂപയിലും കൈമാറ്റം നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
