അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ

ജൂലൈ പകുതി വരെ വൈഡ്‌ബോഡി വിമാനങ്ങളുടെ പ്രവര്‍ത്തനം 15% കുറയ്ക്കും

Update: 2025-06-19 06:22 GMT

എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ മുതല്‍ കുറഞ്ഞത് ജൂലൈ പകുതി വരെ വൈഡ്‌ബോഡി വിമാനങ്ങളുടെ പ്രവര്‍ത്തനം 15% കുറയ്ക്കും. അഹമ്മദാബാദ് വിമാനാപകടത്തെതുടര്‍ന്നാണ് എയര്‍ലൈനിന്റെ തീരുമാനം.

സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനുവേണ്ടിയാണ് സര്‍വീസുകള്‍ കുറയ്ക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തന സ്ഥിരത, മികച്ച കാര്യക്ഷമത, യാത്രക്കാരുടെ അസൗകര്യങ്ങള്‍ കുറയ്ക്കല്‍ എന്നിവ ഉറപ്പാക്കുക എന്നിവയും എയര്‍ ഇന്ത്യ പരിഗണിക്കുന്നു.

'മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യൂറോപ്പിലെയും കിഴക്കന്‍ ഏഷ്യയിലെയും പല രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തികളിലെ രാത്രി കര്‍ഫ്യൂ,സുരക്ഷാ പരിശോധനകള്‍, എഞ്ചിനീയറിംഗ് ജീവനക്കാരും എയര്‍ ഇന്ത്യ പൈലറ്റുമാരും സ്വീകരിക്കുന്ന ആവശ്യമായ ജാഗ്രതാ സമീപനം എന്നിവ കാരണം, കഴിഞ്ഞ 6 ദിവസത്തിനുള്ളില്‍ ഞങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ ചില തടസ്സങ്ങള്‍ ഉണ്ടായി. ഇത് ആകെ 83 റദ്ദാക്കലുകള്‍ക്ക് കാരണമായി' എന്ന് എയര്‍ ഇന്ത്യ എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.

വിമാനങ്ങളുടെ വെട്ടിക്കുറവ് കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. വിവരങ്ങള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ഇതര സര്‍വീസുകളില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയുമാണ്. പ്രത്യേക ചെലവില്ലാതെ അവരുടെ യാത്ര പുനഃക്രമീകരിക്കാനോ അവരുടെ ഇഷ്ടാനുസരണം മുഴുവന്‍ റീഫണ്ട് നല്‍കാനോ ഉള്ള ഓപ്ഷനും വാഗ്ദാനം ചെയ്യും. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അന്താരാഷ്ട്ര സര്‍വീസുകളുടെ പുതുക്കിയ ഷെഡ്യൂള്‍ ഉടന്‍ പങ്കിടും- കമ്പനി അറിയിച്ചു.

പരിശോധിക്കപ്പെട്ട 26 വിമാനങ്ങള്‍ തിരികെ സര്‍വീസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന വിമാനങ്ങളുടെ പരിശോധന വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Tags:    

Similar News