ചരിത്രം കുറിക്കാന്‍ ഇന്ത്യ; ഇനി യാത്രാ വിമാനങ്ങള്‍ ഇവിടെ നിര്‍മ്മിക്കും
റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി എച്ച്എഎല്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു
വ്യോമഗതാഗത രംഗത്ത് ചരിത്രം കുറിച്ച് ഇന്ത്യ. ഇനി യാത്രാ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിയൊരുങ്ങുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി(യുഎസി) ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ വിമാനമായ എസ്ജെ-100 ആണ് നിര്‍മിക്കുക.
മോസ്‌കോയില്‍ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഹ്രസ്വദൂര സര്‍വീസുകള്‍ക്കായി രൂപകല്‍പന ചെയ്ത ഇരട്ട എന്‍ജിനോട് കൂടിയ എസ്‌ജെ 100 വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മിക്കുക. ഇതിനകം 200ലധികം വിമാനങ്ങള്‍ ഈ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ആഗോളത്തില്‍ പതിനാറിലേറെ വിമാനകമ്പനികളുമായി യുഎസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകുമെന്നാണ് എച്ച്എഎല്‍ അവകാശപ്പെടുന്നത്.
എസ്ജെ-100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടാതെ 3,530 കിലോമീറ്റര്‍ ദൂരംവരെ പറക്കാനും കഴിയും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയുള്ള താപനിലയുള്ള എല്ലാ കാലാവസ്ഥാ മേഖലകളിലും പ്രവര്‍ത്തിക്കാനുള്ള കഴിവുമാണ് വിമാനത്തിന്റെ സവിശേഷതകള്‍.
