എയര്‍ ഇന്ത്യ നാരോ ബോഡി വിമാന സര്‍വീസുകള്‍ കുറയ്ക്കുന്നു

118 വീക്ക്‌ലി സര്‍വീസുകളാണ് താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുന്നത്

Update: 2025-06-23 03:45 GMT

എയര്‍ ഇന്ത്യ 118 വീക്ക്‌ലി സര്‍വീസുകള്‍ താല്‍ക്കാലികമായി കുറയ്ക്കുന്നു.19 റൂട്ടുകളിലായി നാരോ ബോഡി വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന സര്‍വീസുകളാണ് കുറയ്ക്കുന്നത്. കൂടാതെ മൂന്നു റൂട്ടുകളിലെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

സര്‍വീസുകളിലെ താല്‍ക്കാലിക വെട്ടിക്കുറവുകള്‍ എയര്‍ലൈനിന്റെ മൊത്തത്തിലുള്ള നാരോ-ബോഡി പ്രവര്‍ത്തനങ്ങളുടെ ഏകദേശം 5 ശതമാനമാണ്. ജൂണ്‍ 12 ന് അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തെത്തുടര്‍ന്ന് പ്രവര്‍ത്തന സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.

നാരോ ബോഡി സര്‍വീസുകള്‍ കുറച്ച 19 റൂട്ടുകളും ആഭ്യന്തര റൂട്ടുകളാണ്, വിമാനങ്ങള്‍ നിര്‍ത്തിവച്ച മൂന്ന് റൂട്ടുകളില്‍ രണ്ടെണ്ണം അന്താരാഷ്ട്ര സര്‍വീസുകളും ഒന്ന് ആഭ്യന്തര സര്‍വീസുമാണ്.

വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി 15 ശതമാനം കുറയ്ക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാരിയര്‍ പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം.

ബെംഗളൂരു-സിംഗപ്പൂര്‍, പൂനെ-സിംഗപ്പൂര്‍, മുംബൈ-ബാഗ്ഡോഗ്ര എന്നീ മൂന്ന് റൂട്ടുകളിലായി ആഴ്ചയില്‍ ഏഴ് വിമാന സര്‍വീസുകള്‍ ജൂലൈ 15 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.

ഡല്‍ഹി-ബെംഗളൂരു, ഡല്‍ഹി-മുംബൈ ഉള്‍പ്പെടെയുള്ള വിവിധ റൂട്ടുകളിലെ വിമാന സര്‍വീസുകളും കുറച്ചിട്ടുണ്ട്.

ബെംഗളൂരു-ചണ്ഡീഗഢ് റൂട്ടില്‍ പ്രതിവാര സര്‍വീസുകള്‍ ഏഴായും, ഡല്‍ഹി-ബെംഗളൂരു 113 ആയും, ഡല്‍ഹി-മുംബൈ 165 ആയും, ഡല്‍ഹി-കൊല്‍ക്കത്ത 63 ആയും, ഡല്‍ഹി-കോയമ്പത്തൂര്‍ 12 ആയും, ഡല്‍ഹി-ഗോവ (ഡബോലിം), ഡല്‍ഹി-ഗോവ (മോപ) എന്നിവ ഏഴ് വീതമായും കുറച്ചിട്ടുണ്ട്.

ഡല്‍ഹി-ഹൈദരാബാദ് റൂട്ടിലെ പ്രതിവാര വിമാന സര്‍വീസുകള്‍ 76 ആയും, ഡല്‍ഹി-ഇന്‍ഡോര്‍ 14 ആയും, ഡല്‍ഹി-ലഖ്നൗ 21 ആയും, ഡല്‍ഹി-പൂനെ 54 ആയും, മുംബൈ-അഹമ്മദാബാദ് 37 ആയും, മുംബൈ-ബെംഗളൂരു 84 ആയും, മുംബൈ-കൊല്‍ക്കത്ത 30 ആയും കുറച്ചിട്ടുണ്ട്.

മുംബൈ-കോയമ്പത്തൂര്‍ റൂട്ടില്‍ 16 ലേക്കും മുംബൈ-കൊച്ചി റൂട്ടില്‍ 34 ലേക്ക്, മുംബൈ-ഗോവ (ഡബോലിം) 29 ലേക്കും, മുംബൈ-ഹൈദരാബാദ് 59 ലേക്കും, മുംബൈ-വാരണാസി റൂട്ടില്‍ ഏഴിലേക്കും ആഴ്ചതോറുമുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

'എയര്‍ ഇന്ത്യ 120 ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്ട്ര റൂട്ടുകളിലായി നാരോ-ബോഡി വിമാനങ്ങള്‍ ഉപയോഗിച്ച് പ്രതിദിനം 600 ഓളം വിമാന സര്‍വീസുകള്‍ തുടരും,' പ്രസ്താവനയില്‍ പറയുന്നു.

വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതില്‍ ബുദ്ധിമുട്ട് അനുഭവിച്ച യാത്രക്കാരോട് എയര്‍ ഇന്ത്യ ക്ഷമാപണം നടത്തി. ഇതര വിമാനങ്ങളില്‍ താമസ സൗകര്യം, സൗജന്യ റീഷെഡ്യൂളിംഗ് അല്ലെങ്കില്‍ മുഴുവന്‍ റീഫണ്ടും വാഗ്ദാനം ചെയ്യുമെന്ന് അറിയിച്ചു. 

Tags:    

Similar News