എയര്‍ ഇന്ത്യ വിമാനാപകടം; സുരക്ഷാ മുന്നറിയിപ്പെന്ന് എയര്‍ബസ്
എയര്‍ബസിന്റെ എ 350 ജെറ്റ്ലൈനര്‍ ബോയിംഗ് 787 മായി മത്സരിക്കുന്നു
അഹമ്മദാബാദ് വിമാനാപകടം ഒരു സുരക്ഷാ മുന്നറിയിപ്പാണെന്ന് എയര്‍ബസ്. എന്നാല്‍ ഈ അപകടം ബോയിംഗിനെക്കാള്‍ എയര്‍ബസിന് മുന്‍തൂക്കം നേടാന്‍ കാരണമാകുമെന്ന വാദം കമ്പനി തള്ളിക്കളഞ്ഞു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ ബാക്കി എല്ലാവരും മരണമടഞ്ഞു. കൂടാതെ വിമാനം പതിച്ച സ്ഥലത്തും നിരവധി മരണങ്ങളാണുണ്ടായത്.
വ്യോമയാന മേഖലയില്‍ താരതമ്യേന സുരക്ഷിതമായ ഒരു കാലഘട്ടത്തിനു ശേഷമാണ് അഹമ്മദാബാദിലെ അപകടം ഉണ്ടായത്. 787 മോഡലിന്റെ ആദ്യത്തെ മാരകമായ അപകടമാണിത്, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം സിവില്‍ ഏവിയേഷന്‍ ദുരന്തമായി ഇത് കണക്കാക്കപ്പെടുന്നു.
അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ബോയിംഗിന്, കമ്പനിയുടെ ഏറ്റവും ജനപ്രിയ വിമാനങ്ങളിലൊന്നായ 787 മോഡല്‍ നഷ്ടപ്പെട്ടത് ആദ്യമായാണ്. എയര്‍ബസിന്റെ എ 350 ജെറ്റ്ലൈനറും ചെറിയ എ330 നിയോ മോഡലും ആ മേഖലയില്‍ ബോയിംഗ് 787 മായി മത്സരിക്കുന്നു.
പാരീസ് എയര്‍ ഷോ ആരംഭിക്കുന്നത് അടുത്ത ആഴ്ചയാണ്. എന്നാല്‍ ഇന്ത്യയിലെ ദുരന്തത്തോടുള്ള തന്റെ കമ്പനിയുടെ പ്രതികരണം ഏകോപിപ്പിക്കാന്‍ സഹായിക്കുന്നതിനായി ബോയിംഗ സിഇഒ കെല്ലി ഓര്‍ട്ട്ബര്‍ഗ് എയര്‍ഷോയില്‍ പങ്കെടുക്കുന്നത് റദ്ദാക്കിയിട്ടുണ്ട്.
കമ്പനി ഇപ്പോഴും ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ആഗോള അസ്ഥിരതയും വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങളും അതിന് തടസം സൃഷ്ടിക്കുന്നു. അതേസമയം, ഈ വര്‍ഷം 820 വിമാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യം കമ്പനി ആവര്‍ത്തിച്ചു.
