image

16 Dec 2025 9:16 PM IST

Aviation

ഡെല്‍ഹി-ഷാങ്ഹായ് നോണ്‍സ്‌റ്റോപ്പ് ഫ്‌ലൈറ്റുകള്‍ ദിവസേനയെന്ന് ചൈന

MyFin Desk

ഡെല്‍ഹി-ഷാങ്ഹായ് നോണ്‍സ്‌റ്റോപ്പ്  ഫ്‌ലൈറ്റുകള്‍ ദിവസേനയെന്ന് ചൈന
X

Summary

ജനുവരി 2 മുതല്‍ ദിനംപ്രതിയുള്ള സര്‍വീസ് ആരംഭിക്കും


ഡല്‍ഹി-ഷാങ്ഹായ് റൂട്ടില്‍ കൂടുതല്‍ വിമാന സര്‍വീസുമായി ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്. ജനുവരി 2 മുതല്‍ ആഴ്ചയില്‍ മൂന്ന് തവണയില്‍ നിന്ന് ദിവസേനയുള്ള നോണ്‍-സ്റ്റോപ്പ് സര്‍വീസായാണ് ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കൊല്‍ക്കത്ത-കുമിംഗ് സര്‍വീസ് പുനരാരംഭിക്കാനും, മുംബൈ-ഷാങ്ഹായ് എന്ന പുതിയ റൂട്ട് സമീപഭാവിയില്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായും കമ്പനി കൂട്ടിച്ചേര്‍ത്തു.

ശൈത്യകാല ഷെഡ്യൂളില്‍, വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകുന്നേരം 7:55 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 04:10 ന് ഷാങ്ഹായിലെ പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്ന് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. മടക്ക വിമാനം ഉച്ചയ്ക്ക് 12:50 ന് ഷാങ്ഹായില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5:45 ന് ഡല്‍ഹിയില്‍ എത്തും.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിച്ചത്.ആഴ്ചയില്‍ മൂന്നില്‍ നിന്ന് അഞ്ചായി ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാനാണ് തുടക്കത്തില്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യാത്രക്കാരില്‍ നിന്നും വ്യാപാര പങ്കാളികളില്‍ നിന്നുമുള്ള മികച്ച പ്രതികരണമാണ് ചൈന ഈസ്റ്റേണിനെ നേരിട്ട് ദൈനംദിന വിമാന സര്‍വീസുകളിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എയര്‍ലൈന്‍ ഇപ്പോള്‍ ഇന്റര്‍ലൈന്‍ കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. ഇത് യാത്രക്കാര്‍ക്ക് ഡല്‍ഹി വഴി ഷാങ്ഹായിലേക്കും തുടര്‍ന്ന് ചൈന ഈസ്റ്റേണിന്റെ വിപുലമായ ആഗോള ശൃംഖലയിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കും 39 ഇന്ത്യന്‍ നഗരങ്ങളിലേക്കും തടസ്സമില്ലാതെ ഒറ്റ ടിക്കറ്റില്‍ യാത്രകള്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കുന്നു.