ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേയ്സ്
വര്‍ധിക്കുന്ന എയര്‍ കണക്ടിവിറ്റി സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനമാകും
ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിലുള്ള വ്യോമഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് എയര്‍വേയ്സ് പദ്ധതിയിടുന്നു. ഇതനുസരിച്ച് അടുത്ത വര്‍ഷം ലണ്ടനെയും ന്യൂഡെല്‍ഹിയെയും ബന്ധിപ്പിച്ച് പുതിയ സര്‍വീസുകള്‍ എയര്‍വേയ്സ് ആരംഭിക്കും. ഇത് സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കും.
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ 'ബ്രിട്ടന്‍ മീന്‍സ് ബിസിനസ്' എന്ന വ്യാപാര ദൗത്യത്തിന് നേതൃത്വം നല്‍കുന്ന വേളയിലാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ഈ പ്രഖ്യാപനം നടത്തിയത്.
100 വര്‍ഷത്തിലേറെയായി ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ലൈനാണിത്. ബ്രിട്ടീഷ് എയര്‍വേയ്സ് അതിന്റെ മുന്‍ഗാമിയായ ഇംപീരിയല്‍ എയര്‍വേയ്സ് വഴി 1924-ലാണ് ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചത്.
2026 ല്‍ ലണ്ടന്‍ ഹീത്രോയ്ക്കും ഡല്‍ഹിക്കും ഇടയില്‍ മൂന്നാമത്തെ പ്രതിദിന വിമാന സര്‍വീസ് എയര്‍ലൈന്‍ അവതരിപ്പിക്കുമെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് എയര്‍വേയ്സ് നിലവില്‍ ലണ്ടനെ അഞ്ച് പ്രധാന ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 56 പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. മുംബൈയിലേക്ക് മൂന്ന് സര്‍വീസുകളും ഡല്‍ഹിയിലേക്ക് രണ്ട് സര്‍വീസുകളും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുമാണ് കമ്പനിക്കുള്ളത്. യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യയാണ്.
