സ്മാര്‍ട്ട് ടിവികള്‍ക്ക് വന്‍ ഡിമാന്‍ഡ്; 2023 ആദ്യപകുതിയില്‍ 45 ലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കം
- സ്മാര്‍ട്ട് ടിവി വിപണിയില്‍ ചൈനീസ് ബ്രാന്‍ഡായ ഷവോമിക്കാണ് ഉയര്‍ന്ന ഡിമാന്‍ഡ്
- 2023 ആദ്യപകുതിയില്‍ സ്ട്രീമിംഗ് സ്റ്റിക്കുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി
ഇന്ത്യയില്‍ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു.2023-ന്റെ ആദ്യ പകുതിയില്‍ 45 ലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കമാണ് ഉണ്ടായതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ (ഐഡിസി) കണക്കുകള്‍ വിശദമാക്കി.
വര്‍ഷാടിസ്ഥാനത്തില്‍ 8 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായതെന്നും ഐഡിസി റിപ്പോര്‍ട്ട് പറഞ്ഞു.
32, 43 ഇഞ്ച് സ്‌ക്രീനുകളാണു ജനപ്രിയമെങ്കിലും വലിയ സ്‌ക്രീനുകള്‍, പ്രത്യേകിച്ച് 55 ഇഞ്ച് സ്മാര്‍ട്ട്ടിവികള്‍ വാങ്ങുന്നവരുടെ എണ്ണവും കൂടി വരികയാണ്.
8 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള സ്മാര്‍ട്ട് ടിവികള്‍ക്ക് നല്ല ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ടെന്നു കണക്കുകള്‍ പറയുന്നു. അതുപോലെ എച്ച്ഡിആര്‍, ഡോള്‍ബി സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ ഫീച്ചേഴ്‌സ് ഉള്ള ടിവികള്‍ക്കും ഡിമാന്‍ഡ് ഉണ്ട്.
കൂടുതല്‍ സ്മാര്‍ട്ട് ടിവികള്‍ പുതുതായി ലോഞ്ച് ചെയ്യുന്നതും, ഓണ്‍ലൈനില്‍ വില്‍പ്പന കൂടുതല്‍ നടക്കുന്നതും, ഉത്സവകാലത്തിനു മുന്നോടിയായി പഴയ ടിവി മാറ്റാന്‍ പലരും തീരുമാനിച്ചതുമൊക്കെയാണു സ്മാര്‍ട്ട് ടിവി വിപണിക്കു ഗുണകരമായത്.
സമീപകാലത്ത് ശ്രദ്ധേയമായി കാണപ്പെടുന്ന ഒരു പ്രവണതയാണ് ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന. ഇന്ന് ടിവി വിപണിയുടെ 39 ശതമാനം വില്‍പ്പനയും നടക്കുന്നത് ഓണ്‍ലൈനിലൂടെയാണ്.
2023 ആദ്യപകുതിയില്‍ സ്ട്രീമിംഗ് സ്റ്റിക്കുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി. ഈ ഉപകരണങ്ങളുടെ വില്‍പ്പന 2023-ന്റെ ആദ്യ പകുതിയില്‍ 85 ശതമാനത്തോളമാണ് ഇടിഞ്ഞത്.
സ്മാര്‍ട്ട് ടിവി വിപണിയില്‍ ചൈനീസ് ബ്രാന്‍ഡായ ഷവോമിക്കാണ് ഉയര്‍ന്ന ഡിമാന്‍ഡ്. 2023-ന്റെ ആദ്യ പകുതിയില്‍ വിറ്റഴിച്ച ടിവികളില്‍ 14 ശതമാനവും ഷവോമി ബ്രാന്‍ഡാണ്. തൊട്ടുപിന്നാലെ 13 ശതമാനവുമായി സാംസങ്ങും, 12 ശതമാനവുമായി എല്‍ജിയുമാണ്.
ടിസിഎല്ലിന് 8 ശതമാനവും, വണ്‍ പ്ലസ്സിനു 7 ശതമാനവും വിപണി വിഹിതമുണ്ട്.
