ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; താമസിക്കാൻ ഇടമില്ലെന്ന് കാനഡ

  • ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നയം
  • പാർപ്പിട പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കും
  • അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രണത്തിൽ നിന്ന് പുറത്തുപോയി

Update: 2024-01-16 09:58 GMT

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നയം. കൂടുതൽ വിദ്യാർത്ഥികളുടെ വരവ് രാജ്യത്തെ പാർപ്പിട അടിസ്ഥാന പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള പദ്ധതി കാനഡ സർക്കാർ ആലോചിക്കുന്നു. ഈ വിഷയത്തിൽ കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്.  പാർപ്പിട ക്ഷാമത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന വിദ്യാർത്ഥികളുടെ വരവ് കുറയ്ക്കാൻ സർക്കാർ കടുത്ത നടപടികൾ ആലോചിക്കുന്നു എന്നാണ്, കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

രാജ്യം രൂക്ഷമായ ഭവനക്ഷാമം അഭിമുഖീകരിക്കുമ്പോൾ, സ്ഥിരവും താത്കാലികവുമായ താമസക്കാരെയും വർദ്ധിച്ചുവരുന്ന കുടിയേറ്റക്കാരെയും സ്വാഗതം ചെയ്തതിന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഫെഡറൽ ഗവൺമെന്റ് വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് മില്ലറുടെ പരാമർശം ഞായറാഴ്ച വന്നത്.

"വിദ്യാർത്ഥികളുടെ ഈ എണ്ണം ആശങ്കാജനകമാണ്," എന്നും "കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രണത്തിൽ നിന്ന് പുറത്തുപോയി" എന്നും ഈ സംവിധാനം "നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതുണ്ട്" എന്നും മാർക്ക് മില്ലർ പറഞ്ഞു. എന്നിരുന്നാലും, എല്ലാ പ്രദേശങ്ങളിലും ഒരേ നിയമം ബാധകമാക്കില്ലെന്നും ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുക്കുമെന്നും മില്ലർ ഉറപ്പുനൽകി. ഈ നടപടി പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് കരുതുന്നത്.

എന്നാൽ, വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം തൊഴിലാളികളുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുമെന്നും മില്ലർ പറഞ്ഞു. ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് നയപ്രകാരം പ്രവിശ്യാ സർക്കാരുകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News