105 വർഷത്തെ ചരിത്രം തിരുത്തുന്നു; ഹോർലിക്സ് റീബ്രാൻഡിങ്ങിന് പിന്നിൽ എന്താണ്?

105 വർഷത്തിലേറെ പാരമ്പര്യമുള്ള ഹോർലിക്സ് പുതുരൂപത്തിൽ വിപണിയിൽ എത്തുന്നു.

Update: 2025-12-12 11:21 GMT

പുതിയ ഭാവത്തിലും രൂപത്തിലുമൊക്കെ ഹോർലിക്സ് വിപണിയിൽ എത്തുകയാണ്. പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്ന സൂപ്പർഫുഡ്, മൾട്ടിഗ്രെയിൻ മിശ്രിതം എന്ന രീതിയിലാണ് പുതിയ ഹോർലിക്സ് വിപണിയിൽ എത്തുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കമ്പനിയുടെ റീബ്രാൻഡിങ്ങിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.

ഒരു ഇൻഫൻ്റ് ഫോർമുലയിൽ നിന്ന് ഇന്ത്യാക്കാരുടെ പ്രധാന പാനീയമായി മാറിയ ഹോർലിക്സ് കുറച്ചുകാലം ബ്രാൻഡ് ചെയ്യപ്പെട്ടത് ഒരു ഹെൽത്ത് ഡ്രിങ്കായാണ്. ബ്രിട്ടീഷ് സഹോദരന്മാരായ വില്യമും ജെയിംസ് ഹോർലിക്കും 1873ൽ കണ്ടുപിടിച്ച മാൾട്ട് സപ്ലിമെൻ്റായ പാനീയം ലോകമെമ്പാടും പടർന്ന് പന്തലിച്ചത് വളരെ പെട്ടെന്നാണ്.

ഇന്ത്യയിൽ എത്തിയത് എങ്ങനെ?

ഒന്നാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സൈനികർ വ്യാപകമായി ഉപയോഗിച്ചിരുന്ന ഹോർലിക്സ് അവരോടൊപ്പമാണ് ഇന്ത്യയിലെത്തിയത് എന്നാണ് ചരിത്രം. 1960-കളോടെ, ഹോർലിക്സ് കൂടുതൽ ആളുകളെ, പ്രത്യേകിച്ച് അമ്മമാരെ ലക്ഷ്യം വയ്ക്കാൻ തുടങ്ങി. കുട്ടികൾക്ക് ഹോർലിക്സ് നൽകാൻ അമ്മമാരെ പ്രേരിപ്പിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ വിപണിയിലെ ആധിപത്യത്തിന് വഴിവെച്ചു. പിന്നീട് വ്യത്യസ്ത പ്രായക്കാർ പോഷകാഹാര സപ്ലിമെന്റ് എന്ന രീതിയിൽ പാലിനൊപ്പം ഉപയോ​ഗിച്ച് തുടങ്ങി. 2020ലാണ് എച്ച്‍യുഎൽ ഹോ‍‍ർലിക്സ് ബ്രാൻഡ് ഏറ്റെടുക്കുന്നത്.

സർക്കാരിന്റെ സമ്മർദ്ദം മൂലം അടുത്തിടെ ഹോർലിക്സ് ഇന്ത്യയിൽ ആരോഗ്യ പാനീയം എന്നതിൽ നിന്ന് "ഫങ്ഷണൽ ന്യൂട്രീഷണൽ ഡ്രിങ്ക്" ആയി പുനർനാമകരണം ചെയ്തിരുന്നു. ഈ രം​ഗത്ത് മത്സരം കടുത്തതോടെയാണ് പുതിയ സാങ്കേതിക വിദ്യയുടെ കൂട്ടുപിടിച്ച് അടിമുടി റീബ്രാൻഡിങ്ങുമായി ഹോർലിക്സ് മത്സരത്തിനൊരുങ്ങുന്നത്.

Tags:    

Similar News