വിദേശ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ: പുതിയ നീക്കവുമായി ട്രംപ്
വിദേശ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചിപ് എണ്ണം അടിസ്ഥാനമാക്കി തീരുവ ചുമത്താനുള്ള പദ്ധതി ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
വിദേശ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ട്രംപ്. ഓരോ ഉപകരണത്തിലെയും ചിപ്പുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാവും തീരുവ നിശ്ചയിക്കുക. എന്നാല്‍ പുതിയ നീക്കം പണപ്പെരുപ്പ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.
അമേരിക്കയിലെ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, വിദേശ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചിപ് എണ്ണം അടിസ്ഥാനമാക്കി തീരുവ ചുമത്താനുള്ള പദ്ധതി ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആഭ്യന്തര സെമികണ്ടക്ടര്‍ ഉല്‍പാദനം ശക്തിപ്പെടുത്തുകയും വിദേശ ആശ്രയത്വം കുറക്കുകയുമാണ് ലക്ഷ്യം. പദ്ധതി അനുസരിച്ച്, ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളിലെ ചിപ്പുകളുടെ എണ്ണത്തിനും മൂല്യത്തിനും അനുപാതമായ തീരുവ ചുമത്തും. ടൂത്ത്ബ്രഷ് മുതല്‍ ലാപ്ടോപ്പ് വരെ വിവിധ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളെ ബാധിക്കുന്ന രീതിയിലുള്ള ഈ നീക്കം, നടപ്പായാല്‍ അമേരിക്കയില്‍ പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം തീരുവകള്‍ നടപ്പാക്കിയാല്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്കുപോലും വില വര്‍ധിക്കും. നിലവില്‍ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളിലെ ചിപ് അനുസരിച്ച് 25% തീരുവയും, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 15% തീരുവയും ആണ് പരിഗണനയില്‍. അതേസമയം കമ്പനികള്‍ അവരുടെ ഉല്‍പ്പാദനത്തിന്റെ 50% അമേരിക്കയിലേക്ക് മാറ്റിയാല്‍ താരിഫില്‍ ഇളവ് ലഭിച്ചേക്കും.