സോളാര്‍ ശേഷി വര്‍ധിപ്പിക്കാന്‍ മാരുതി; 925കോടിരൂപ നിക്ഷേപിക്കും

2030-31 സാമ്പത്തിക വര്‍ഷത്തോടെ സോളാര്‍ ശേഷി 319 മെഗാവാട്ട് പീക്കായി ഉയര്‍ത്തും

Update: 2025-06-04 07:04 GMT

സൗരോര്‍ജ്ജ ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി മാരുതി സുസുക്കി ഇന്ത്യ. 2030-31 സാമ്പത്തിക വര്‍ഷത്തോടെ ക്യാപ്റ്റീവ് സോളാര്‍ ശേഷി 319 മെഗാവാട്ട് പീക്കായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 925 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.

രണ്ട് പുതിയ പദ്ധതികളിലൂടെ സൗരോര്‍ജ്ജ ശേഷി 30 മെഗാവാട്ട് പീക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് വാഹനനിര്‍മാതാക്കള്‍ പറഞ്ഞു. ഹരിയാനയിലെ ഖാര്‍ഖോഡയിലുള്ള പുതിയ പ്ലാന്റില്‍ 20 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ട് കമ്മീഷന്‍ ചെയ്ത കമ്പനി, മനേസര്‍ പ്ലാന്റില്‍ 10 മെഗാവാട്ട് കൂടി കൂട്ടിച്ചേര്‍ത്തു.

ഈ കൂട്ടിച്ചേര്‍ക്കലുകളിലൂടെ, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ സോളാര്‍ ശേഷി 49 മെഗാവാട്ടില്‍ നിന്ന് 79 ആയി വര്‍ധിപ്പിച്ചുവെന്ന് പ്രസ്താവനയില്‍ കമ്പനി പറയുന്നു.

മാതൃ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പരിസ്ഥിതി ദര്‍ശനം 2050, പുനരുപയോഗ ഊര്‍ജ്ജത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം എന്നിവയുമായി യോജിച്ച് കമ്പനി പ്രവര്‍ത്തിക്കുന്നു. ഇതനുസരിച്ച് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം കമ്പനി ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നതായി എംഎസ്‌ഐ എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.

തുടര്‍ച്ചയായ ശ്രമങ്ങളിലൂടെ, 2030-31 സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ പങ്ക് ഏകദേശം 85 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടകേച്ചി പറഞ്ഞു.

സംസ്ഥാന വൈദ്യുതി ബോര്‍ഡുകളില്‍ നിന്ന് ഉപഭോഗത്തിനായി ഹരിത വൈദ്യുതിയുടെ വിഹിതം വര്‍ദ്ധിപ്പിക്കുകയാണെന്നും ഓട്ടോ ഭീമന്‍ പറഞ്ഞു. 

Tags:    

Similar News