ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് വിന്യാസം; 15,000 കോടിയുടെ കരാര്‍ ടിസിഎസിന്

  • ഇടപാട് പ്രഖ്യാപിച്ചത് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ശേഷം
  • ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതിക്കാരാണ് ടിസിഎസ്
  • ബിഎസ്എന്‍എല്‍ വിന്യസിച്ചിരിക്കുന്ന 4 ജി ഉപകരണങ്ങള്‍ വേഗത്തില്‍ 5 ജിയിലേക്ക് ഉയര്‍ത്തും

Update: 2023-05-22 08:04 GMT

bsnl launch 4g service by december

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിക്ക് 4ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കാനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ബിഎസ്എന്‍എല്ലില്‍ നിന്ന് 15,000 കോടി രൂപയുടെ കരാര്‍ നേടി.

രാജ്യത്തെ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ 5ജി വിന്യസിക്കുന്നതില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വളരെ പിന്നിലായിപ്പോയ സ്ഥാപനമാണ് ബിഎസ്എന്‍എല്‍. ഇപ്പോഴും നഗരങ്ങളില്‍ ഒഴികെ 3ജിമാത്രം ലഭ്യമാക്കുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ള സര്‍വീസാണ് ബിഎസ്എന്‍എല്‍.

ബിഎസ്എന്‍എല്ലില്‍ നിന്ന് 15,000 കോടിയിലധികം മൂല്യമുള്ള അഡ്വാന്‍സ് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചതായി ടിസിഎസ് ഔദ്യോഗികമായി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

കരാറിനെ ചുറ്റിപ്പറ്റി മാസങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇടപാടിനുശ്രമിക്കുന്ന മുന്‍നിര കമ്പനി ടിസിഎസായിരിക്കുമെന്ന് സൂചനയും ഉയര്‍ന്നുവന്നിരുന്നു.

ഇതിനെല്ലാം വിരാമമിട്ടാണ് ഇടപാട് വിവരം പ്രഖ്യാപിക്കപ്പെട്ടത്. മാസങ്ങളായി കരാറിനായുള്ള ചരടുവലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നിരവധി കമ്പനികള്‍ക്ക് താല്‍പ്പര്യമുള്ള മേഖലയായിരുന്നു ഇത്.

ചൈനീസ് കമ്പനികളുമായി ഇടപാടുകള്‍ നടത്തില്ലെന്ന കേന്ദ്രതീരുമാനം മുമ്പേ വന്നതാണ്. അതിനാള്‍ ആഭ്യന്തരമായ കമ്പനികള്‍ക്ക് അതിന്റെ നേട്ടം ലഭിക്കുമെന്ന് ഉറപ്പായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതിക്കാരാണ് ടിസിഎസ്. ആഭ്യന്തരമായി മികച്ച വരുമാനം നേടുന്ന കമ്പനികളിലൊന്നാണ് ഇത്.

ബിഎസ്എന്‍എല്‍ മുംബൈയും ന്യൂഡല്‍ഹിയും ഒഴികെ രാജ്യത്തുടനീളം ഫിക്‌സഡ് ലൈന്‍, വയര്‍ലെസ് ടെലിഫോണി, ഡാറ്റ സേവനങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്.

ബിഎസ്എന്‍എല്ലിന്റെ എതിരാളികള്‍ ഇതിനകം 5ജി സര്‍വീസ് രംഗത്ത് മുന്നേറിയത് കമ്പനിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതിനാല്‍ നവീകരണത്തിന്റെ ഭാഗമായാണ് അവര്‍ 4ജി വ്യാപകമാക്കുന്നത്. തുടര്‍ന്ന് 5ജിയിലേക്ക് കമ്പനികടക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഎസ്ഇയില്‍ ടിസിഎസ് 0.77 ശതമാനം ഉയര്‍ന്ന് 3,246.55 രൂപയായി വ്യാപാരം നടത്തുന്നു.

ഈ വികസനം ബിഎസ്എന്‍എലിനെ ഇന്ത്യയിലുടനീളം 4ജി പുറത്തിറക്കാന്‍ സഹായിക്കുമെന്ന് ടിസിഎസ് പറയുന്നു. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ 2016-ല്‍തന്നെ വലിയ തോതില്‍ 4ജി സേവനങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2022 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോയും എയര്‍ടെലും ഇന്ത്യയിലുടനീളം 5ജി സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഒരുതരത്തില്‍ സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്റര്‍ സ്വകാര്യ കമ്പനികളേക്കാള്‍ പിന്നിലാണെന്ന വസ്തുത കേന്ദ്രത്തിന് ഇഷ്ടപ്പെടുന്നില്ല എന്നുവേണം പറയാന്‍.

ബിഎസ്എന്‍എല്‍ വിന്യസിച്ച 4ജി ഇന്‍ഫ്രാസ്ട്രക്ചര്‍ 5ജിയിലേക്ക് ഉയര്‍ത്തുമെന്ന് ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത് ഇക്കാരണത്താലാണ്.

''ബിഎസ്എന്‍എല്‍ വിന്യസിച്ചിരിക്കുന്ന 4 ജി ഉപകരണങ്ങള്‍ വേഗത്തില്‍ 5 ജിയിലേക്ക് ഉയര്‍ത്തും, ഇതിന് സോഫ്‌റ്റെ്‌വെയര്‍ നവീകരണം ആവശ്യമാണ്,'' മന്ത്രി പറഞ്ഞു.


Tags:    

Similar News