കുതിച്ചുയര്‍ന്ന് ഖാദി മേഖല; ഒന്‍പതുവര്‍ഷത്തില്‍ വളര്‍ച്ച 332ശതമാനം

  • 1.34 ലക്ഷം കോടിയുടെ അമ്പരപ്പിക്കുന്ന വിറ്റുവരവ്
  • ഈ വിജയത്തിന്റെ ക്രെഡിറ്റ് കരകൗശല തൊഴിലാളികളുടെ പരിശ്രമത്തിന്
  • ശക്തമായ വിതരണ ശൃംഖല വില്‍പ്പന വര്‍ധിപ്പിച്ചു

Update: 2023-06-09 07:37 GMT

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ഒന്‍പത് വര്‍ഷത്തിനിയില്‍ നേടിയത് അഭൂതപൂര്‍മായ വളര്‍ച്ച.ഏകദേശം 332ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ കൈവരിക്കാനായത്.

ഈ വളര്‍ച്ചയുടെ പ്രതിഫലനം വിറ്റുവരവില്‍ ദൃശ്യമായിരുന്നു. 1.34 ലക്ഷം കോടിയുടെ അമ്പരപ്പിക്കുന്ന വിറ്റുവരവാണ് മേഖലയില്‍ ഉണ്ടായതെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

''കഴിഞ്ഞ ഒന്‍പത് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കെടുത്താല്‍, ഗ്രാമീണ മേഖലയിലെ കരകൗശല വിദഗ്ധര്‍ ഉല്‍പ്പാദിപ്പിച്ച തദ്ദേശീയ ഖാദി ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ 332ശതമാനം വളര്‍ച്ച ഉണ്ടായി. ഈ ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവും മികച്ചതായിരുന്നു.

2013-14 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവ് 31,154 കോടി രൂപ മാത്രമായിരുന്നു. ഇന്ന്് അതായത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് 1,34,630 കോടി രൂപയായാണ് വര്‍ധിച്ചത്. ഇത് എക്കാലത്തെയും മികച്ച നേട്ടമാണ്,'' മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു.

കെവിഐസി ചെയര്‍മാന്‍ മനോജ് കുമാര്‍ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് നല്‍കിയരിക്കുന്നത് മഹാത്മാഗാന്ധിയുടെ യഥാര്‍ത്ഥ പ്രചോദനത്തിനും ഒപ്പം രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിനുമാണ്. സ്വപ്‌നതുല്യമായ നേട്ടമാണ് അവര്‍ നേടിയെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഖാദി മേഖലയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങിയതും നേട്ടമായി.

ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരം കുത്തനെ ഉയര്‍ന്നു. മേഖലയില്‍ കയറ്റുമതിയും വര്‍ധിപ്പിക്കാനായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തും വിദേശത്തുമുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലും ഖാദിയെ പ്രകീര്‍ത്തിക്കുന്ന നിലപാട് സ്വീകരിച്ചത് മേഖലയ്ക്ക് ഒട്ടൊന്നുമല്ല ഗുണകരമായത്. അതുവഴി ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയും ജനപ്രീത്രിയും നേടാന്‍ കഴിഞ്ഞതായും മനോജ് കുമാര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഉല്‍പ്പന്നങ്ങളിലൊന്നായാണ് ഇന്ന്് ഖാദിയെ കണക്കാക്കുന്നത്. മുന്‍പ് ഇത് തീരെ അസംഘടിതമായ ഒരു മേഖലയായിരുന്നു. അവിടെ നിന്നും ഇന്ന് കാണുന്ന തലത്തിലേക്ക് ഈ മേഖലയെ ഒരു ചുരുങ്ങിയ കാലയളവില്‍ എത്തിക്കാനായത് വലിയ നേട്ടമാണ്.

2013-14 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കെവിഐ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ 268 ശതമാനം വര്‍ധനയുണ്ടായി. മേഖലയുടെ സംഘടിതാവസ്ഥയാണ് ഇതിനുകാരണമായത്. കൂടാതെ നൂതനാശയങ്ങളും മേഖലയിലേക്ക് കടന്നുവന്നു.

ഏറ്റവും പ്രധാനം ശക്തമായ വിതരണ ശൃംഖല സൃഷ്ടിച്ചെടുക്കാനായി എന്നുള്ളതാണ്.

ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭിച്ചാല്‍ ആവശ്യകതയും ഏറും. സ്വാഭാവികമായി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും.

എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് വില്‍പ്പന 332ശതമാനം എന്ന കണക്കിലെത്തി. 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'വോക്കല്‍ ഫോര്‍ ലോക്കല്‍', 'സ്വദേശി ഉല്‍പ്പന്നങ്ങള്‍' എന്നിവയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചു എന്നതിന്റെ തെളിവുകൂടിയാണ് ഇതെന്ന് കെവിഐസി ചെയര്‍മാന്‍ മനോജ് കുമാര്‍ പറയുന്നു.

Tags:    

Similar News