27 Nov 2025 8:36 PM IST
Summary
യാത്രാസമയം 24 മണിക്കൂറില്‍ നിന്ന് 12 ആയി കുറയും
ഗുജറാത്തിലെ സൂറത്തില്‍ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ നിര്‍മ്മാണ പുരോഗതി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അവലോകനം ചെയ്തു. അഭിലാഷ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ അതിന്റെ സാമ്പത്തിക തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 1,350 കിലോമീറ്റര്‍ നീളമുള്ള എക്സ്പ്രസ് വേ പൂര്‍ത്തിയാകുമ്പോള്‍, രണ്ട് മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം നിലവില്‍ 24 മണിക്കൂറില്‍ നിന്ന് വെറും 12 മണിക്കൂറായി കുറയും.
'എല്ലാ തടസ്സങ്ങളും നീക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. റോഡ് നന്നായി നിര്‍മ്മിച്ചിട്ടുണ്ട്. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ ചെറിയ പോരായ്മകളും ഞങ്ങള്‍ പരിഹരിക്കുന്നുണ്ട്,'ഗുജറാത്തിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗം പരിശോധിച്ചപ്പോള്‍ ഗഡ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ക്ക് സൗകര്യപ്രദവും സുഖകരവുമാക്കുന്നതിനായി എട്ടുവരി എക്സ്പ്രസ് വേയുടെ ഗുണനിലവാരം സമഗ്രമായി പരിശോധിച്ചുവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡിന് പച്ചപ്പ് നല്‍കുന്നതിനായി ഹൈവേയുടെ ഇരുവശങ്ങളിലും മരങ്ങളും നടും.
'ഭാവിയില്‍, ഈ റോഡിലൂടെ ഇലക്ട്രിക് ട്രക്കുകളും ബസുകളും ഓടുന്നത് കാണുക എന്നത് ഒരു സ്വപ്നമാണ്. ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു- ഗഡ്കരി ഊന്നിപ്പറഞ്ഞു.
2019 ല്‍ തറക്കല്ലിട്ട എക്സ്പ്രസ് വേ ഉത്തര്‍പ്രദേശുമായും രാജസ്ഥാനുമായും ബന്ധിപ്പിക്കുന്നുണ്ട്.
സൂറത്തിനു ശേഷം, ഗഡ്കരി നവസാരിയിലേക്കും പിന്നീട് ദക്ഷിണ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലേക്കും യാത്ര ചെയ്ത് ഈ ഹൈവേയുടെ പുരോഗതി പരിശോധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
