image

21 Nov 2025 7:28 PM IST

Travel & Tourism

ഇന്ത്യയിലേക്ക് ചൈനാക്കാര്‍ ഒഴുകുമോ? ടൂറിസ്റ്റ് വിസ സേവനങ്ങള്‍ പുനരാരംഭിച്ചു

MyFin Desk

ഇന്ത്യയിലേക്ക് ചൈനാക്കാര്‍ ഒഴുകുമോ? ടൂറിസ്റ്റ് വിസ സേവനങ്ങള്‍ പുനരാരംഭിച്ചു
X

Summary

2024 മുതൽ താൽക്കാലികമായി നിർത്തിവെച്ച ടൂറിസ്റ്റ് വിസ സേവനങ്ങളാണ് ഈ ആഴ്ച മുതൽ പുനഃസ്ഥാപിച്ചത്


ചൈനീസ് പൗരന്‍മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള മറ്റൊരു ചുവടുവെയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.വിസ വിഭാഗം ഈ ആഴ്ചയാണ് സൗകര്യങ്ങള്‍ പുനസ്ഥാപിച്ചത്.

ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷൂ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍വഴി അപേക്ഷിക്കാം. ഇക്കാര്യത്തില്‍ ഇന്ത്യ ജൂലൈയിലാണ് തീരുമാനമെടുത്തിരുന്നത്.ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് 2020 മുതല്‍ ചൈനീസ് യാത്രക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത് ഉഭയകക്ഷി ബന്ധങ്ങളെ പതിറ്റാണ്ടുകളിലെ ഏറ്റവും വഷളായ അവസ്ഥയിലേക്ക് തള്ളിവിട്ടു.

സാധാരണ ഇടപെടല്‍ പുനഃസ്ഥാപിക്കുന്നതിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികളില്‍ ന്യൂഡല്‍ഹിയും ബെയ്ജിംഗും അടുത്തിടെ ധാരണയിലെത്തിയിരുന്നു. 2020 ന്റെ തുടക്കം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബറില്‍ പുനരാരംഭിച്ചു.

അടുത്ത വേനല്‍ക്കാലത്ത് കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിക്കാനും, വിവിധ വിഭാഗങ്ങളിലുള്ള വിസ പ്രക്രിയകള്‍ ലഘൂകരിക്കാനും, നയതന്ത്ര ബന്ധത്തിന്റെ 75 വര്‍ഷം ആഘോഷിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കസാനില്‍ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണം സ്ഥിരപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരാണ്.

അതിനുശേഷം, വിദേശകാര്യ, പ്രതിരോധ മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍, പ്രത്യേക പ്രതിനിധികള്‍ അജിത് ഡോവല്‍, വാങ് യി എന്നിവര്‍ നിരവധി സംഭാഷണങ്ങള്‍ നടത്തി. അതിര്‍ത്തി വ്യാപാരം, സാമ്പത്തിക ഏകോപനം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് വഴിയൊരുക്കാന്‍ പുതുക്കിയ ഇടപെടല്‍ സഹായിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു.അപൂര്‍വ ഭൂമി ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് ഉള്‍പ്പെടെ ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാര ആശങ്കകള്‍ പരിഹരിക്കാൻ ചൈനയും നീക്കം നടത്തിയിട്ടുണ്ട്.