വാഹന ഇന്‍ഷൂറന്‍സില്‍ 20% ഇളവ്; പേ ആസ് യു ഡ്രൈവിലെ നേട്ടങ്ങളെന്തൊക്കെ?

  • സാധാരണ ആഡ്-ഓണ്‍ കവറായാണ് ഇത് നല്‍കുന്നത്
  • വ്യത്യസ്ത സ്ലാബുകളില്‍ ലഭ്യം
  • സ്ഥിരമായി കാര്‍ എടുക്കാത്തവര്‍ക്ക് ഏറെ ഗുണകരം

Update: 2023-05-01 08:57 GMT

ഇന്ത്യയില്‍ നിയമപ്രകാരം വാഹനം റോഡിലിറങ്ങാന്‍ വാഹന ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. ഒരു മാസം റോഡിലിറക്കാന്‍ പോലും തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ആവശ്യമാണ്. സ്വന്തം വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഭിക്കാന്‍ വലിയ പ്രീമിയം നല്‍കേണ്ടതുണ്ട്. ഇന്ന് ചെലവ് കുറഞ്ഞ രീതിയില്‍ വാഹന ഇന്‍ഷൂറന്‍സ് നേടാനുള്ള നിരവധി വഴികള്‍ വിപണിയിലുണ്ട്.

ആഡ് ഓണ്‍ കവറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് വാഹന ഇന്‍ഷൂറന്‍സില്‍ മികച്ച സേവനങ്ങളാണ് ലഭിക്കുന്നത്. അതില്‍ ഒന്നാണ് പേ ആസ് യു ഡ്രൈവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി. സ്വന്തം വാഹനത്തിന് ഉണ്ടാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതോടൊപ്പം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നതാണ് ഈ പോളിസി.

'പേ അസ് യു ഡ്രൈവ്' ഇന്‍ഷുറന്‍സ് സ്വന്തം വാഹനത്തിനുള്ള നാശനഷ്ടവും മൂന്നാം കക്ഷിയുടെ നാശനഷ്ടവും പരിഗണിക്കുന്ന ഇന്‍ഷൂറന്‍സ് പോളിസിയാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ സാധാരണയായി ഒരു ആഡ്-ഓണ്‍ കവറായാണ് ഇത് നല്‍കുന്നത്. തേര്‍ഡ് പാര്‍ട്ടി പ്രീമിയം മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് കണക്കാക്കുന്നത്.

'എത്ര കിലോമീറ്ററാണ് വാഹനം ഓടിക്കുന്നതെന്ന് കണക്കാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്. ഇതിനാല്‍ ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 20 ശതമാനം വരെ പ്രീമിയം ലാഭിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

കിലോമീറ്റര്‍ അടിസ്ഥാനമാക്കിയുള്ള പ്ലാനുകള്‍ സാധാരണയായി പ്രതിവര്‍ഷം 2,500 കിലോമീറ്ററില്‍ നിന്നാണ് ആരംഭിക്കുന്നത്. കൂടാതെ 5,000 കിലോമീറ്റര്‍, 7,500 കിലോമീറ്റര്‍, 10,000 കിലോമീറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത സ്ലാബുകളുണ്ട്. ഉപയോഗം കണക്കാക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ കാറില്‍ ട്രാക്കിംഗ് ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യും.

കിലോമീറ്റര്‍ പരിധി കഴിഞ്ഞാലും തേര്‍ഡ് പാര്‍ട്ടി കവറേജ് തുടരും. അപകടമുണ്ടായാല്‍ സ്വന്തം നാശനഷ്ട കവറേജ് ലഭിക്കില്ല. കിലോമീറ്റര്‍ പരിധി കടന്നാല്‍ കൂടുതല്‍ കിലോമീറ്ററുകള്‍ നേടാന്‍ കവറേജ് ടോപ്പ് അപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നുണ്ട്.

എത്ര കിലോമീറ്റര്‍ ഉപയോഗിക്കുന്നു എന്നതിന് പുറമേ വാഹനത്തിന്റെ തരം, കാറിന്റെ കാലപ്പഴക്കം, എത്ര രൂപയുടെ കവറേജ് എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പ്രീമിയം നിശ്ചയിക്കുക. സ്ഥിരമായി കാര്‍ പുറത്തേയ്ക്ക് എടുക്കാത്തവര്‍ക്ക് പേ ആസ് യു ഡ്രൈവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി ഗുണകരമായിരിക്കും.

കുറച്ച് ഡ്രൈവ് ചെയ്താല്‍ ഇന്‍ഷുറന്‍സിനായി കുറഞ്ഞ പ്രീമിയം എന്ന തത്വമാണ് 'പേ ആസ് യു ഡ്രൈവ്' കവറുകളില്‍ പ്രയോഗിക്കുന്നത്. വര്‍ഷത്തില്‍ വാഹന ഉപയോഗം കുറവാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ഫ്‌ലാറ്റ് നിരക്കിന് പകരം യഥാര്‍ത്ഥ ഉപയോഗത്തിനനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാം. ഇത് സാധാരണ കാര്‍ ഇന്‍ഷുറന്‍സിനേക്കാള്‍ കുറവാണ്

Tags:    

Similar News