പിരിച്ചുവിട്ടവര്‍ക്ക് മസ്‌കിന്റെ പിന്‍വിളി: 'ഒരു കൈയ്യബദ്ധ'മെന്ന് ഏറ്റുപറച്ചില്‍

ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ പിരിച്ചു വിടുകയും നിലവില്‍ ജോലിയില്‍ തുടരുന്ന ചില എഞ്ചിനീയര്‍മാരുടെ തൊഴില്‍ സമയം പ്രതിദിനം 12 മണിക്കൂറാക്കുകയും ചെയ്തു. ആഴ്ച്ചയില്‍ ഏഴ് ദിവസം ജോലി ചെയ്യണമെന്നും അദ്ദേഹത്തിന്റെ അറിയിപ്പിലുണ്ടായിരുന്നു. ലീവ് ചോദിക്കാനും പാടില്ല. എന്നാലിപ്പോള്‍ തന്റെ മൂന്നാഴ്ച്ച നീണ്ട നടപടിക്രമങ്ങളില്‍ മസ്‌കിന് 'മനഃക്ലേശം' ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ട്വീറ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ആളുകളുടെ എണ്ണം […]

Update: 2022-11-07 01:02 GMT
ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ പിരിച്ചു വിടുകയും നിലവില്‍ ജോലിയില്‍ തുടരുന്ന ചില എഞ്ചിനീയര്‍മാരുടെ തൊഴില്‍ സമയം പ്രതിദിനം 12 മണിക്കൂറാക്കുകയും ചെയ്തു. ആഴ്ച്ചയില്‍ ഏഴ് ദിവസം ജോലി ചെയ്യണമെന്നും അദ്ദേഹത്തിന്റെ അറിയിപ്പിലുണ്ടായിരുന്നു. ലീവ് ചോദിക്കാനും പാടില്ല.
എന്നാലിപ്പോള്‍ തന്റെ മൂന്നാഴ്ച്ച നീണ്ട നടപടിക്രമങ്ങളില്‍ മസ്‌കിന് 'മനഃക്ലേശം' ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ട്വീറ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ആളുകളുടെ എണ്ണം കൂടുതലായതിനാല്‍ പ്രതിദിനം 40 ലക്ഷം യുഎസ് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്നും, പിരിഞ്ഞു പോയവര്‍ക്ക് മൂന്നു മാസത്തെ ശമ്പളം അധികമായി നല്‍കിയിട്ടുണ്ടെന്നും മസ്‌ക് ട്വീറ്റ് വഴി അറിയിച്ചു. ഇവര്‍ക്ക് വിതരണം ചെയ്തിരിക്കുന്ന തുക നിയപരമായി നല്‍കേണ്ടതിനേക്കാള്‍ 50 ശതമാനം കൂടുതലാണെന്നും ട്വീറ്റിലുണ്ട്. ഇതിനൊപ്പം തന്നെയാണ് മസ്‌ക് പിരിച്ചുവിട്ട ചില ജീവനക്കാരെ തിരിച്ച് വിളിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും വരുന്നത്.
'പിന്‍വിളി'യുമായി മസ്‌ക്
മികച്ച തൊഴില്‍ നൈപുണ്യമുള്ളവരെയാണ് മസ്‌ക് ഇത്തരത്തില്‍ തിരിച്ച് വിളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ 'തിരിച്ചുവിളിക്കല്‍' സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയിലെ 50 ശതമാനം പേരെ പിരിച്ചുവിടാനാണ് മസ്‌ക് തീരുമാനിച്ചിരുന്നത്. ഇത് ഏകദേശം 3,700 പേര്‍ വരും. ഇത്രത്തോളം ആളുകളെ കഴിഞ്ഞ 20 ദിവസത്തിനിടെ മസ്‌ക് പിരിച്ചു വിട്ടിരുന്നു.
സോഫ്റ്റ് വെയര്‍ കോഡിംഗില്‍ മികവുള്ള ആളുകളെയും, വ്യാജ വാര്‍ത്തകള്‍ തടയുന്ന ടീമിനേയുമാണ് മസ്‌കിപ്പോള്‍ തിരിച്ചുവിളിയ്ക്കുന്നത് എന്നാണ് സൂചന. എന്നാല്‍ എത്രത്തോളം ആളുകളെ തിരികെ ജോലിയില്‍ കയറ്റും എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഗര്‍ഭിണിയായ യുവതിയെയുള്‍പ്പടെ മസ്‌ക് പിരിച്ചു വിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു.
മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ ആളുകളെയാണ് മസ്‌ക് കൂടുതലായും പിരിച്ചുവിട്ടത്. കമ്പനിയിലേക്ക് പരസ്യം തരുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും, വരുമാനം കുറയുന്നതാണ് കൂട്ട പിരിച്ചുവിടലിന് കാരണമാകുന്നതെന്നും മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. കോര്‍പ്പറേറ്റ് ലോകത്തെ തന്നെ ക്രൂര നടപടി എന്ന രീതിയിലാണ് ട്വിറ്ററിലെ സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.
ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് 180 പേര്‍ക്ക്
ട്വിറ്റര്‍ ഇന്ത്യയിലെ 180 പേര്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ തൊഴില്‍ നഷ്ടമായത്. ഇന്ത്യയില്‍ 230 പേരോളമാണ് ട്വിറ്ററിന്റെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. കണ്ടന്റ്, പാര്‍ട്ണര്‍ഷിപ്, കണ്ടന്റ് ക്യുറേഷന്‍, സെയില്‍സ്, സോഷ്യല്‍ മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്നറിയിപ്പൊന്നുമില്ലാതെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പലര്‍ക്കും ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായുള്ള അറിയിപ്പുകള്‍ ലഭിച്ചിരുന്നു. ചില ജീവനക്കാര്‍ക്ക് മാത്രമാണ് ജോലിയില്‍ തുടരാനുള്ള 'സര്‍വൈവര്‍' ഇമെയിലുകള്‍ ലഭിച്ചതെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ക്രിട്ടിക്കല്‍ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍, ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കാണ് ജോലിയില്‍ തുടരാനുള്ള അറിയിപ്പ് ലഭിച്ചത്. ഈ ജീവനക്കാരെ ഇപ്പോള്‍ നിലനിര്‍ത്തുമെങ്കിലും, അവരുടെ ജോലികള്‍ എന്തൊക്കെയാണെന്നുള്ളതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും പറയുന്നു.

പിരിച്ചു വിടുന്നതിനു മുമ്പ നേരത്തെ അറിയിപ്പു നല്‍കുമെന്നും, സാവകാശം അനുവദിക്കുമെന്നും ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇന്നലെ ജോലി അവസാനിച്ച് പോകാനിറങ്ങുമ്പോഴാണ് അറിയിപ്പ് ലഭിച്ചതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ചിലര്‍ക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിലും, അവരുടെ കമ്പനി സിസ്റ്റവും, ഇമെയിലുകളും, ഓഫീസിനുള്ളില്‍ സന്ദേശങ്ങള്‍ കൈമാറാനുള്ള സ്ലാക്ക് പ്ലാറ്റ്ഫോമുകളും ലോഗൗട്ട് ചെയ്തുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ഈ വാര്‍ത്തകളോടൊന്നും പ്രതികരിക്കാന്‍ ട്വിറ്റര്‍ ടീം തയ്യാറായിട്ടില്ല. വ്യാഴാഴ്ച്ച ട്വിറ്റര്‍ മാനേജ്മെന്റ് ആഗോളതലത്തില്‍ പിരിച്ചുവിടല്‍ സംബന്ധിച്ച ഇമെയില്‍ അയച്ചിരുന്നു. പിരിച്ചുവിടലിനെതിരെ ജീവനക്കാര്‍ ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്. ട്വിറ്റര്‍ ജീവനക്കാര്‍ അവരെ ട്വീപ് (Tweep), അല്ലെങ്കില്‍ ട്വീപിള്‍ (Tweeple) എന്നാണ് വിളിക്കുന്നത്. ആഗോളതലത്തില്‍ ട്വിറ്ററില്‍ ഏകദേശം 7,500 ജീവനക്കാരാണ് കമ്പനിയ്ക്കുണ്ടായിരുന്നത്. പിന്നീട് സിഇഒ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗാഡെ എന്നിവരുള്‍പ്പെടെ നിരവധി എക്സിക്യൂട്ടീവുകളെ ജോലിയില്‍ നിന്നും ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ മസ്‌ക് പുറത്താക്കിയിരുന്നു
Tags:    

Similar News