ഹരിതവിപ്ലവം ലക്ഷ്യം നേടിയോ ?
ഹരിതവിപ്ലവത്തിന്റെ സ്വാധീനം പ്രധാനമായും അനുഭവപ്പെടുന്നത് ഭക്ഷ്യധാന്യങ്ങളിലാണ്. ഗോതമ്പ്, അരി, ജോവര്‍, ബജ്റ, ചോളം എന്നിവയുള്‍പ്പെടെ എല്ലാ ഭക്ഷ്യധാന്യങ്ങളും ഹരിതവിപ്ലവത്തിലൂടെ നേട്ടമുണ്ടാക്കിയെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഗോതമ്പാണ്.
സ്വതന്ത്ര ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ മികച്ച പദ്ധതിയാണ് ഹരിതവിപ്ലവം. ഹരിത വിപ്ലവം അതിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ...
സ്വതന്ത്ര ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ മികച്ച പദ്ധതിയാണ് ഹരിതവിപ്ലവം. ഹരിത വിപ്ലവം അതിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക അഭിവൃദ്ധി നല്‍കി. ആദ്യമായി അവതരിപ്പിച്ച പഞ്ചാബില്‍ ഹരിത വിപ്ലവം സംസ്ഥാനത്തിന്റെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി. ഇത് പട്ടിണിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയും, കര്‍ഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്തു. എന്നാല്‍ ഹരിതവിപ്ലവം മറ്റ് നിരവധി പ്രശ്‌നങ്ങള്‍ക്കും കാരണായിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതല്‍, വന്‍തോതില്‍ കൃഷി ചെയ്യുന്നവരും ചെറുകിട കര്‍ഷകരും തമ്മിലുള്ള വരുമാന അന്തരം വര്‍ദ്ധിച്ചു. ജലസേചനവും, മഴയെ ആശ്രയിച്ചുള്ള കൃഷികളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. ചില വിളകള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ പ്രയോജനം ലഭിക്കാനിടയായി.
ഇത് ഉത്പ്പന്നങ്ങള്‍ തമ്മിലും, ഓരോ ജന വിഭാഗങ്ങളുടെ ഇടയിലും വളര്‍ച്ചയുടെ അസമത്വങ്ങൾ ഉടലെടുക്കുന്നതിന് കാരണമായി. ഇത് സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. വളങ്ങളുടെ കുതിച്ചുയരുന്ന വിലയും, അവ പതിവായി ഉപയോഗിക്കുന്ന പ്രവണതയും പഞ്ചാബിലെയും ഹരിയാനയിലെയും ഗോതമ്പിന്റെയും അരിയുടെയും വിളവ് മുരടിക്കുന്നതിനും ഹരിതവിപ്ലവത്തിന് മങ്ങലേല്‍ക്കുന്നതിനും ഇടയാക്കി.
വിളകള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ
ഹരിതവിപ്ലവത്തിന്റെ സ്വാധീനം പ്രധാനമായും അനുഭവപ്പെടുന്നത് ഭക്ഷ്യധാന്യങ്ങളിലാണ്. ഗോതമ്പ്, അരി, ജോവര്‍, ബജ്റ, ചോളം എന്നിവയുള്‍പ്പെടെ എല്ലാ ഭക്ഷ്യധാന്യങ്ങളും ഹരിതവിപ്ലവത്തിലൂടെ നേട്ടമുണ്ടാക്കിയെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഗോതമ്പാണ്. നാടന്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവ നിലനിന്നിരുന്ന പ്രദേശങ്ങള്‍ ഗോതമ്പ് കൃഷിയ്ക്കായി ഉപയോഗിക്കപ്പെട്ടു. തല്‍ഫലമായി, ധാന്യ, പയറുവര്‍ഗ കൃഷി അതിവേഗം ലാഭകരമല്ലാതായി. പ്രധാന വാണിജ്യ വിളകളായ പരുത്തി, ചണം, തേയില, കരിമ്പ് എന്നിവയ്ക്ക് ഹരിതവിപ്ലവത്തില്‍ നിന്ന് യാതൊരുവിധ വളര്‍ച്ചയുമുണ്ടായില്ല. പയറുവര്‍ഗങ്ങളുടെ ഉത്പാദന വളര്‍ച്ചാ നിരക്ക് ഹരിതവിപ്ലവത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ പ്രതിവര്‍ഷം 1-39 ശതമാനത്തില്‍ നിന്ന് 1967-68 മുതല്‍ 1994-95 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 0-79 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ സന്തുലിതമായ കൃഷി വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിച്ചു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചു.
പ്രാദേശിക അസമത്വങ്ങള്‍
ഹരിതവിപ്ലവം, പ്രാദേശിക തലങ്ങളില്‍ അസമത്വങ്ങള്‍ക്ക് ഇട നല്‍കി. കൃഷിയ്ക്ക് അനുസരിച്ച് ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനിടയായി. ഹരിതവിപ്ലവത്തിൻറെ ഗുണഫലങ്ങൾ ആകെ പ്രദേശത്തിന്റെ 40 ശതമാനത്തിന് മാത്രമേ ലഭിച്ചുള്ളൂ . 60 ശതമാനം പ്രദേശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. വടക്കന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, തെക്കന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത്.
മിക്ക കിഴക്കന്‍ ഭാഗങ്ങളിലും അനുയോജ്യമായ രോഗ പ്രതിരോധശേഷിയുള്ള, ഉയര്‍ന്ന വിളവ് തരുന്ന നെല്ല് വികസിപ്പിച്ചെടുക്കുന്നതിലൂടെയും, വരണ്ട പ്രദേശങ്ങളുള്ള പടിഞ്ഞാറന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ജലസേചന സൗകര്യങ്ങളും അനുയോജ്യമായ ഡ്രൈ ഫാമിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലൂടെയും വിളകളിലെ പ്രാദേശിക അസമത്വം കുറയ്ക്കാന്‍ കഴിയും.
വ്യക്തികള്‍ തമ്മിലുള്ള അസമത്വങ്ങളുടെ വര്‍ദ്ധനവ്
10 ഹെക്ടറോ അതില്‍ കൂടുതലോ ഭൂമിയുള്ള വന്‍കിട കര്‍ഷകനാണ് ഹരിതവിപ്ലവത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിച്ചത്. കാര്‍ഷിക ഉപകരണങ്ങളും, മെച്ചപ്പെട്ട വിത്തും, വളവും വാങ്ങാനുള്ള സാമ്പത്തിക സ്രോതസ്സും ജലസേചനം ക്രമമായി ചെയ്യുന്നതിനും ഇക്കൂട്ടര്‍ക്ക് കഴിയും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക സ്രോതസ്സുകളില്ല. കൂടാതെ, ഹരിത വിപ്ലവ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. 1990-91 ല്‍ ഇന്ത്യയില്‍ ഏകദേശം 1,053 ലക്ഷം ഹോള്‍ഡിങുകള്‍ ഉണ്ടായിരുന്നു. അതില്‍ 1.6 ശതമാനം മാത്രമാണ് 10 ഹെക്ടറില്‍ കൂടുതല്‍ വലിപ്പമുള്ളത്.
തൊഴിലില്ലായ്മ
പഞ്ചാബ് ഒഴികെ, ഹരിയാനയില്‍ ഒരു പരിധിവരെ, ഹരിതവിപ്ലവത്തിന് കീഴിലുള്ള കൃഷിരീതിയും, യന്ത്രവത്ക്കരണവും ഗ്രാമീണ മേഖലയിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ടവരെയും ഭൂരഹിതരെയുമാണ്.
ഹരിതവിപ്ലവത്തിന്റെ ചരിത്രം
ഹരിതവിപ്ലവം, അല്ലെങ്കില്‍ മൂന്നാം കാര്‍ഷിക വിപ്ലവം, 1950 നും 1960 കളുടെ അവസാനത്തിലും ഇടയില്‍ കാര്‍ഷിക മേഖലയില്‍ നടന്ന സാങ്കേതികത വിദ്യയുടെ ഇടപെടലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിച്ചു. ഇന്ത്യയില്‍ ഹരിത വിപ്ലവം ശക്തമായത് 1966 - 69 പഞ്ചവത്സര പദ്ധതി കാലത്താണ്. വികസ്വര രാജ്യങ്ങളില്‍ കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ഷിക ഗവേഷണവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതാണ് ഹരിത വിപ്ലവം.
1960 കളുടെ അവസാനത്തില്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന വിളവ് തരുന്ന ഇനങ്ങള്‍, ധാന്യങ്ങളുടെ, പ്രത്യേകിച്ച് കുള്ളന്‍ ഗോതമ്പും അരിയും ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കപ്പെട്ടു. രാസവളങ്ങള്‍, കാര്‍ഷിക രാസവസ്തുക്കള്‍, നിയന്ത്രിത ജലസേചനം, എന്നിവയും യന്ത്രവല്‍ക്കരണം ഉള്‍പ്പെടെയുള്ള പുതിയ കൃഷിരീതികളും ഹരിതവിപ്ലവത്തിന്റെ സംഭാവനയായിരുന്നു.
ഹരിതവിപ്ലവത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്.
1) അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള വസ്തുക്കളുടെ ഉപയോഗം
2) ആധുനിക ശാസ്ത്രീയ കൃഷിരീതികള്‍ സ്വീകരിക്കല്‍
3) അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ഉപയോഗം
4) രാസവളങ്ങളുടെ ശരിയായ ഉപയോഗം
5) കൈവശമുള്ള ഭൂമിയുടെ ഏകീകരണം
6) വിവിധ മെക്കാനിക്കല്‍ യന്ത്രങ്ങളുടെ ഉപയോഗം
1940കളില്‍ മെക്‌സിക്കോയില്‍ ഡോ. നോര്‍മന്‍ ഇ. ബോര്‍ലാഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ പദ്ധതിയുടെ സമ്പൂര്‍ണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന് അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളായ സൊണോറ-64, ലെര്‍മാ റോജോ 64 എന്നീ വിത്തിനങ്ങള്‍ ഉത്പാദിപ്പിച്ചതിന് 1970 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. ഇന്ത്യയില്‍ അന്ന് ഉണ്ടായിരുന്ന അതിഭീമമായ ക്ഷാമത്തെ തരണം ചെയ്യുവാന്‍ അന്നത്തെ കാര്‍ഷികമന്ത്രിയുടെ ഉപദേശകനായിരുന്ന എം.എസ്.സ്വാമിനാഥന്‍ ബോര്‍ലാഗിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. ഭക്ഷ്യസുരക്ഷയ്ക്കും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഡോ. എം.എസ്. സ്വാമിനാഥന്‍ ' ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു.
തുടക്കത്തില്‍ പഞ്ചാബ് കേന്ദ്രീകരിച്ച് നെല്കൃഷി ആരംഭിച്ചു. ഇന്റര്‍നാഷണല്‍ റൈസ് റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഐആര്‍എസ് എന്ന പൊക്കം കുറഞ്ഞതും ഓരോ ചെടിയിലും ധാരാളം നെന്‍മണികള്‍ ലഭിക്കുന്നതുമായ നെല്ലിനങ്ങളെ വ്യാപകമായി വളര്‍ത്താന്‍ തുടങ്ങി. അന്ന് ഉപയോഗത്തിലുണ്ടായിരുന്ന നെല്ലിനങ്ങളെക്കാള്‍ പത്തിരട്ടിയോളം ഉത്പാദനം ഈ വിത്തിനങ്ങള്‍ നല്‍കി. 1960 കളില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് 2 ടണ്‍ മാത്രം നെല്ലുല്‍പാദനമുണ്ടായിരുന്ന സ്ഥാനത്ത് 1990 ഓടെ ഹെക്ടറിന് ആറുടണ്‍ എന്നകണക്കില്‍ ഉത്പാദനം വര്‍ദ്ധിച്ചു. 2006 ഓടെ 4.5 ദശലക്ഷം ടണ്‍ നെല്ലുല്‍പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനമാണ് പഞ്ചാബ്.