ബിസിനസ് വളർത്താൻ റിട്ടന്‍ഷന്‍ റേഷ്യോ
ഒരു കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര പണം പുനര്‍നിക്ഷേപംനടത്തുന്നുണ്ടെന്ന് നിക്ഷേപകര്‍ക്ക് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
ഒരു കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗം (portion of the profit), ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം (dividend) നല്‍കിയതിനു ശേഷം, ബിസിനസ് വളര്‍ത്തുന്നതിനായി...
ഒരു കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗം (portion of the profit), ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം (dividend) നല്‍കിയതിനു ശേഷം, ബിസിനസ് വളര്‍ത്തുന്നതിനായി തിരികെ നിക്ഷേപിക്കുന്നതിന്റെ (reinvestment) തോതിനെയാണ് റിട്ടന്‍ഷന്‍ റേഷ്യോ(Retention ratio) എന്നു പറയുന്നത്. ഒരു കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര പണം പുനര്‍നിക്ഷേപം നടത്തുന്നുണ്ടെന്ന് നിക്ഷേപകര്‍ക്ക് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വളരുന്ന കമ്പനികള്‍ക്ക് (growing company) സാധാരണയായി ഉയര്‍ന്ന റിട്ടന്‍ഷന്‍ റേഷ്യോ ഉണ്ട്. കാരണം അതിവേഗ വളര്‍ച്ചയ്ക്കായി കമ്പനിയിലേക്ക് വരുമാനം തിരികെ നിക്ഷേപിക്കുന്നു.
റീട്ടെയ്ന്‍ഡ് ഏണിംഗ്‌സ് ഒരു സേവിംഗ്സ് അക്കൗണ്ടിന് സമമാണ്. ഇത് ലാഭത്തിന്റെ ശേഖരമാണ്. ഇത് കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് നല്‍കാതെ കമ്പനിയിലേക്ക് തിരികെ നിക്ഷേപിക്കാനും സാധിക്കും. ഉയര്‍ന്ന റിട്ടന്‍ഷന്‍ റേഷ്യോ കമ്പനിയുടെ സാമ്പത്തികാരോഗ്യത്തെ സൂചിപ്പിക്കണമെന്നില്ല. ഇത് മനസിലാക്കാന്‍ ആദ്യം കമ്പനിയെ അടുത്തറിയുന്നത് നല്ലതാണ്.
നവ സംരംഭങ്ങള്‍ (new ventures/startups) സാധാരണയായി ഉയര്‍ന്ന റിട്ടന്‍ഷന്‍ അനുപാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ബിസിനസിന്റെ വികസനത്തിനും നിക്ഷേപങ്ങള്‍ക്കും ഇവര്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ ലാഭവിഹിതം (dividend) ഓഹരിയുടമകള്‍ക്ക് നല്‍കുന്നതിനു പകരം കമ്പനിയില്‍ തന്നെ നിക്ഷേപിക്കുന്നു. ഉദാഹരണമായി, ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആദ്യഘട്ടത്തില്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലും മറ്റും കുറവുണ്ടാകാം. ഇത് ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാന്‍ കുറഞ്ഞ വരുമാനമേയുള്ളൂ എന്ന് അര്‍ത്ഥമാക്കുന്നു. ഇത് ഉയര്‍ന്ന റിട്ടന്‍ഷന്‍ റേഷ്യോ യ്ക്ക് കാരണമാകുന്നു. എന്നാല്‍ പല വലിയ കമ്പനികള്‍ക്കും റിട്ടന്‍ഷന്‍ റേഷ്യോ കുറവായിരിക്കും. കാരണം അവ ലാഭകരമായ കമ്പനികളായതിനാല്‍ വളര്‍ച്ചയ്ക്കായി പുതിയ നിക്ഷേപം നടത്തേണ്ട ആവശ്യമുണ്ടാകുന്നില്ല. ഇത്തരം കമ്പനികള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ തുക ലാഭവിഹിതമായി നല്‍കുന്നു.