എടിഎം തട്ടിപ്പ് തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എടിഎം തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കൂ

Update: 2022-01-11 01:48 GMT

സാങ്കേതികവിദ്യ നമ്മുടെ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതിനനുസരിച്ച് ഇതുപയോഗപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പുകളും ഏറുകയാണ്....

 

സാങ്കേതികവിദ്യ നമ്മുടെ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതിനനുസരിച്ച് ഇതുപയോഗപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പുകളും ഏറുകയാണ്. വിരല്‍ത്തുമ്പില്‍ സേവനങ്ങള്‍ ലഭ്യമായതിനൊപ്പം തട്ടിപ്പിന്റെ പുതിയ മേഖലകളും സാധ്യതകളും തുറക്കുന്നു. വ്യാജ കോളുകളായോ, എസ്എംഎസ് വഴിയോ പിന്‍ നമ്പര്‍ ഉപയോഗിച്ചോ പണം തട്ടുന്ന കേസുകള്‍ നിരവധിയുണ്ട്. പണം തിരികെ ലഭിക്കാന്‍ പരാതി നല്‍കിയാല്‍ കേസിന്റെ സ്വഭാവം കണക്കിലെടുത്ത് കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ പണം തിരികെ കിട്ടുകയുള്ളു. ഇത്തരം കേസുകളില്‍ പണം തിരികെ ലഭിക്കുക എന്നത് ഉപഭോക്താവിന് അത്ര എളുപ്പമല്ല.

രാജ്യത്തുടനീളം പെരുകുന്ന തട്ടിപ്പുകള്‍ തടയാന്‍ ബാങ്കുകള്‍ പലതരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ദിനംപ്രതി പലരും തട്ടിപ്പിനിരയാകുന്നണ്ട്. വര്‍ധിച്ചുവരുന്ന എടിഎം തട്ടിപ്പുകള്‍ തടയുന്നതിനായി ഒടിപി സംവിധാനം ഒരുക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്ക് മൊബൈലിലേക്ക് ഒടിപി നമ്പര്‍ ലഭിക്കും. ഈ ഒടിപി നമ്പര്‍ നല്‍കിയാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. നിലവില്‍ 10,000 രൂപയ്ക്ക് മേല്‍ പണം പിന്‍വലിക്കുമ്പോഴാണ് ഒടിപി സേവനം ലഭ്യമാകുക.

എടിഎം തട്ടിപ്പ് അടക്കം പണമിടപാടുമായി ബന്ധപ്പെട്ട പലതരം ക്രമക്കേടുകള്‍ വ്യാപകമായതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സുരക്ഷാ മാനദണ്ഡങ്ങളള്‍ ശക്തമാക്കികൊണ്ട് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുക, ഇടപാടുകള്‍ നടക്കുമ്പോള്‍ എസ്എംഎസ് വഴി അലര്‍ട്ട് ചെയ്യുന്ന സംവിധാനം പ്രയോജനപ്പെടുത്തുക, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കുക, കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ മുന്നില്‍ നിന്ന് മാത്രം സൈ്വപ് ചെയ്യാന്‍ ശ്രദ്ധിക്കുക മുതലായവയാണ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍. ഇടപാടുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

 

Tags:    

Similar News