ഭരണഘടനാപരമായ തൊഴില്‍ അവകാശങ്ങള്‍ ഇതൊക്കെയാണ്
ആര്‍ട്ടിക്കിള്‍ 15 പ്രകാരം, സംസ്ഥാനം പൗരന്മാരോട് വിവേചനം കാണിക്കരുതെന്നും ആര്‍ട്ടിക്കിള്‍ 16 പ്രകാരം സംസ്ഥാനത്തിന് കീഴിലുള്ള തൊഴില്‍ നിയമനത്തില്‍ 'അവസര സമത്വം' ഉറപ്പാക്കണമെന്നും പരാമര്‍ശിക്കുന്നു
ഇന്ത്യന്‍ ഭരണഘടനയില്‍, ആര്‍ട്ടിക്കിള്‍ 14 മുതല്‍ 16, 19 (1) (സി), 23 മുതല്‍ 24, 38, 41 മുതല്‍ 43(എ) എന്നിവ തൊഴില്‍ അവകാശങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളാണ്....
ഇന്ത്യന്‍ ഭരണഘടനയില്‍, ആര്‍ട്ടിക്കിള്‍ 14 മുതല്‍ 16, 19 (1) (സി), 23 മുതല്‍ 24, 38, 41 മുതല്‍ 43(എ) എന്നിവ തൊഴില്‍ അവകാശങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരായിരിക്കണമെന്ന് ആര്‍ട്ടിക്കിള്‍ 14 പ്രസ്താവിക്കുന്നു. ആര്‍ട്ടിക്കിള്‍ 15 പ്രകാരം, സംസ്ഥാനം പൗരന്മാരോട് വിവേചനം കാണിക്കരുതെന്നും ആര്‍ട്ടിക്കിള്‍ 16 പ്രകാരം സംസ്ഥാനത്തിന് കീഴിലുള്ള തൊഴില്‍ നിയമനത്തില്‍ 'അവസര സമത്വം' ഉറപ്പാക്കണമെന്നും പരാമര്‍ശിക്കുന്നു.
ആര്‍ട്ടിക്കിള്‍ 19 (1) (സി) എല്ലാവര്‍ക്കും 'അസോസിയേഷനുകളോ യൂണിയനുകളോ
രൂപീകരിക്കാനുള്ള' പ്രത്യേക അവകാശം നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 23 തൊഴിലിനായുള്ള മനുഷ്യ കടത്തും നിര്‍ബന്ധിത ജോലിയും നിരോധിക്കുന്നു. അതേസമയം ആര്‍ട്ടിക്കിള്‍ 24 ഒരു ഫാക്ടറിയിലോ ഖനിയിലോ മറ്റേതെങ്കിലും അപകടകരമായ ജോലിയിലോ 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ ബാലവേല നിരോധിക്കുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ബ്രിട്ടനില്‍ നടപ്പിലാക്കിയിരുന്ന ഫാക്ടറി നിയമം, ട്രേഡ് യൂണിയന്‍ നിയമം, വ്യവസായ തര്‍ക്ക നിയമം എന്നിവയ്ക്ക് ശേഷം ഇന്ത്യയിലും തൊഴില്‍ നിയമനിര്‍മാണം നടത്തുകയുണ്ടായി.
രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിലെ വ്യവസായങ്ങളിലുള്ള തൊഴില്‍തര്‍ക്കം, പണിമുടക്ക് എന്നിവ നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. 1947-ല്‍ ഇന്ത്യ
സ്വതന്ത്രമായതിനുശേഷവും ഇത്തരം നിയമങ്ങള്‍ തുടരാനുള്ള പ്രവണത ഉണ്ടായപ്പോള്‍, തൊഴിലാളിസംഘടനകള്‍ അതിനെ എതിര്‍ത്തു. ഇന്ത്യയുടെ പ്രത്യേകതകള്‍ക്കനുസൃതമായ സ്വതന്ത്രമായൊരു ദേശീയ തൊഴില്‍നിയമത്തിനായി സംഘടനകള്‍ ആവശ്യപ്പെട്ടു. അതിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ഗജേന്ദ്ര ഗാഡ്ക്കര്‍ അധ്യക്ഷനായുള്ള ഒന്നാം ദേശീയ
തൊഴില്‍ കമ്മിഷനെ നിയോഗിച്ചു(1969).
അതിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം, തര്‍ക്കപരിഹാരത്തിനായി തൊഴിലാളി സംഘടനകളും തൊഴിലുടമകളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് മുന്‍ഗണന നല്കുക എന്നതാണ്. തര്‍ക്കപരിഹാരം എന്നതിനേക്കാള്‍ തര്‍ക്കം ഉണ്ടാകാതെ സംരക്ഷിക്കുന്ന അന്തരീക്ഷം ഉണ്ടാക്കാന്‍ സംസ്ഥാനവും അതിന്റെ തൊഴില്‍നയവും ശ്രമിക്കണമെന്ന് കമ്മിഷന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിനുവേണ്ട പ്രത്യേക സംവിധാനങ്ങളും നിര്‍ദേശങ്ങളും
കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന
തൊഴില്‍നയത്തെയും കേരളത്തിന്റെ തനതായ വ്യവസായ അനുബന്ധ കമ്മിറ്റികളേയും (Industrial Relation committees) തൊഴില്‍ കമ്മിഷന്‍ പ്രശംസിച്ചു. ഇത്തരം നീക്കങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുകയും ചെയ്തു.
1976-ലെ ഇന്ത്യന്‍ ഭരണഘടനയുടെ നാല്‍പ്പത്തിരണ്ടാം ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 43 A പ്രകാരം, 'സംരംഭങ്ങളുടെ മാനേജ്‌മെന്റില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍' സംസ്ഥാനം നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു.