ഇഷ്ടമുള്ള തൊഴില്‍ മെച്ചപ്പെടുത്താന്‍ സഹായം, പ്രത്യാശ പദ്ധതി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 43.93 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്

Update: 2022-01-17 03:29 GMT

ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന...

ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഇതിന്റെ മുഖ്യലക്ഷ്യം.

ഓരോ പ്രദേശത്തെയും കുടുംബങ്ങളില്‍ നിന്നും 18 വയസ്സ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന 10 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 43.93 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.

ഓരോ കുടുംബത്തില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന 2.91 ലക്ഷം അയല്‍ക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 19,489 ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റികളും 1064 കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്.

സ്ത്രീ കൂട്ടായ്മകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വരുമാനം ഉറപ്പിച്ച് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും നിരവധി പദ്ധതകള്‍ കുടുംബശ്രീ നടപ്പിലാക്കുന്നുണ്ട്. അതിലൊന്നാണ് 'പ്രത്യാശ'.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ സ്ത്രീകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയും ആണ് പ്രത്യാശ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സ്റ്റാര്‍ട്ട് അപ്പ് ഫണ്ട്

വ്യക്തിഗത സംരംഭം ആരംഭിക്കുന്നതിന് പരമാവധി 50,000 രൂപ വരെ ഇവിടെ പ്രത്യാശ സ്റ്റാര്‍ട്ട് അപ് ഫണ്ടായി ലഭിക്കും. ഗ്രൂപ്പ് സംരംഭത്തില്‍ ഒരംഗത്തിന് 50,000 രൂപ എന്ന നിലയില്‍ പരമാവധി 2.5ലക്ഷം രൂപ ലഭിക്കുക.

ഇവിടെ ഒരോരുത്തകര്‍ക്കും അവരവരുടെ താത്പര്യമനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താം. ഇതിനാണ് ഫണ്ട് അനുവദിക്കുക. അതായത് കൃത്യമായ നിബന്ധനകള്‍ക്കനുസരിച്ച് അല്ലാതെയുള്ള തൊഴില്‍ ചെയ്യുന്നവര്‍ക്കും സഹായം ലഭിക്കുമെന്നര്‍ഥം.

നൂതനമായ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇവിടെ ലക്ഷ്യമിടുന്നത്.

ഗുണഭോക്താക്കള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന അശരണര്‍, വൃദ്ധര്‍, ഭിന്നലിംഗക്കാര്‍, ഗാര്‍ഹിക പീഡനത്തിനും അതിക്രമങ്ങള്‍ക്കും ഇരയായവര്‍, അവിവാഹിതരായ അമ്മമാര്‍, കിടപ്പുരോഗികള്‍ / മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍/അവരുടെ സംരക്ഷകര്‍, വിധവകള്‍, ആശ്രയ ഗുണഭോക്താക്കള്‍, വികലാംഗര്‍,
ബഡ്സ് സ്‌കൂള്‍ കുട്ടികളുടെ അമ്മമാര്‍ എന്നിവരൊക്കെയാണ്.

Tags:    

Similar News