കേരളത്തെ മാറ്റി ചിന്തിപ്പിച്ച പൊന്നാനിയിലെ അടുക്കള വിപ്ലവം

രാവിലെ എഴുന്നേറ്റാലുടന്‍ അടുക്കളയിലേക്ക് ഓടണം. ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്തെത്തുന്നതുവരെ ഓട്ടമാണ്. അല്ല, നാല് ചുവരുകള്‍ക്കുള്ളിലെ പരാക്രമം. പിടിവാശികള്‍ ഏറെയുള്ള ഒരിടമാണ് അടുക്കള. ശരിയല്ലേ? പുട്ടിന് പപ്പടം തന്നാല്‍ നമ്മള്‍ ചോദിക്കില്ലേ എന്തു പറ്റി ഇന്നു കറിയില്ലേ എന്ന്? രാവിലെ അടുക്കളയിലൊന്ന് കേറി നോക്കണം; എന്നാലറിയാം ഇതൊക്കെ ഉണ്ടാക്കിയെടുക്കാന്‍ പെടുന്ന പാട്. അടുക്കള ജോലി പെണ്ണുങ്ങള്‍ക്ക് മാത്രമാണെന്ന പൊതു ധാരണയുള്ളതിനാല്‍ വീട്ടിലെ സ്ത്രീകളോട് തന്നെ ചോദിക്കണം ഉത്തരമറിയണമെങ്കില്‍. ലീവില്ലാത്ത, കൂലി കിട്ടാത്ത തൊഴിലിടം. അതെ, അത് അടുക്കള തന്നെയാണ്. […]

Update: 2022-03-23 06:00 GMT

രാവിലെ എഴുന്നേറ്റാലുടന്‍ അടുക്കളയിലേക്ക് ഓടണം. ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്തെത്തുന്നതുവരെ ഓട്ടമാണ്. അല്ല, നാല് ചുവരുകള്‍ക്കുള്ളിലെ...

രാവിലെ എഴുന്നേറ്റാലുടന്‍ അടുക്കളയിലേക്ക് ഓടണം. ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്തെത്തുന്നതുവരെ ഓട്ടമാണ്. അല്ല, നാല് ചുവരുകള്‍ക്കുള്ളിലെ പരാക്രമം. പിടിവാശികള്‍ ഏറെയുള്ള ഒരിടമാണ് അടുക്കള. ശരിയല്ലേ? പുട്ടിന് പപ്പടം തന്നാല്‍ നമ്മള്‍ ചോദിക്കില്ലേ എന്തു പറ്റി ഇന്നു കറിയില്ലേ എന്ന്? രാവിലെ അടുക്കളയിലൊന്ന് കേറി നോക്കണം; എന്നാലറിയാം ഇതൊക്കെ ഉണ്ടാക്കിയെടുക്കാന്‍ പെടുന്ന പാട്.

അടുക്കള ജോലി പെണ്ണുങ്ങള്‍ക്ക് മാത്രമാണെന്ന പൊതു ധാരണയുള്ളതിനാല്‍ വീട്ടിലെ സ്ത്രീകളോട് തന്നെ ചോദിക്കണം ഉത്തരമറിയണമെങ്കില്‍. ലീവില്ലാത്ത, കൂലി കിട്ടാത്ത തൊഴിലിടം. അതെ, അത് അടുക്കള തന്നെയാണ്. ഉദ്യോഗസ്ഥയായ സ്ത്രീയാണെങ്കില്‍ ഉച്ചയ്ക്കുള്ള ഭക്ഷണം പോലും തയ്യാറാക്കി വെച്ചു വേണം പോകാന്‍. ജോലി പങ്കിട്ടെടുത്താല്‍ പോലും അതിരാവിലത്തെ ഓട്ടപ്പാച്ചില്‍ ഒഴിവാക്കാനാകില്ലല്ലോ. അങ്ങനെ വരുമ്പോള്‍ പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ക്രമേണ നമ്മള്‍ ശീലിക്കും. പതിയെ പതിയെ അനാരോഗ്യം നമ്മെ വേട്ടയാടും. മാത്രമല്ല പോക്കറ്റ് കാലിയായിക്കൊണ്ടുമിരിക്കും.

ഇത്രയൊക്കെ കേല്‍ക്കുമ്പോള്‍ ഇതിനൊരു പോംവഴി വേണമെന്നു തോന്നുന്നില്ലേ, ആരെങ്കിലുമൊക്കെ ആഹാരം വച്ചുണ്ടാക്കി തന്നെങ്കില്‍ എന്നൊരു ചിന്ത വന്നില്ലെ? അങ്ങനെയൊരു ചിന്തയാണ് ഇന്ന് പൊന്നാനിയെ ശ്രദ്ധേയമാക്കുന്നത്. അഡ്വക്കേറ്റ് ദമ്പതിമാരായ കെ പി ഖലീമുദ്ദീനേയും മാജിത അബ്ദുള്‍ മജീദേയും മാറി ചിന്തിപ്പിച്ച പുത്തന്‍ ആശയം.

ഇതൊരു അടുക്കള വിപ്ലവമാണ്. കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സാമൂഹിക പരിവര്‍ത്തനം. പൊതു അടുക്കള അഥവാ കോമണ്‍ കിച്ചണ്‍. ഒരു വീട്ടിലെ അടുക്കളയില്‍ നിന്ന് ചുരുങ്ങിയത് പത്ത് കുടുംബങ്ങള്‍ക്ക് അന്നമൂട്ടുന്നു. മൂന്നു നേരത്തെ ഭക്ഷണം വീട്ടിലെത്തുമ്പോള്‍ അവിടെ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു. ഒപ്പം അടുക്കളയെന്ന യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ മാറിമറിയുന്നു. മാത്രമല്ല തികച്ചും ലാഭകരം; അനാവശ്യ ചെലവുകള്‍ തീരെ കുറവ്; പല സാധനങ്ങൾക്കും ഉപയോഗം പോലുമില്ല.

പൊന്നാനിയിലെ ഈ മാതൃക കേരളത്തിന് പരിചയപ്പെടുത്തിയത് മുന്‍ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. അടുക്കള രാഷ്ട്രീയം - സംസ്ഥാന ശില്‍പ്പശാലയിലെ അടുക്കള ഒഴിവാക്കൂ, അതൊരു തൊഴിലാക്കൂ എന്ന മുദ്രാവാക്യമാണ് പൊതു അടുക്കളയെന്ന നൂതന ആശയത്തിന് വേരുകള്‍ നല്‍കിയത്. ഒരു വീട്ടിലെ അടുക്കള ഒരു വരുമാന ഉറവിടമാക്കിയ മാറ്റുകയാണ് പൊതു അടുക്കളയിലൂടെ.

വിപ്ലവം ചിന്തകളില്‍

സ്വന്തം തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അടുക്കള ജോലി തടസമായി മാറാന്‍ തുടങ്ങിയതാണ് ഖലീമുദ്ദീന്‍-മാജിത ദമ്പതികളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരായ സുഹൃത്ത് രമേശനും ഭാര്യ രാഖിയും ഇതേ ആവശ്യമായി മുന്നോട്ട് വന്നതോടെ ആശയങ്ങള്‍ കൂടുതല്‍ ശക്തമായി പ്രാവര്‍ത്തികമാകുകയായിരുന്നു.

ചോറ് ഒഴികെ-കറികളും പ്രാതലും ഉള്‍പ്പെടെ മൂന്ന് നേരത്തെ വിഭവങ്ങള്‍ പൊതു അടുക്കളയില്‍ തയ്യാറാക്കി രാവിലെ ഏഴരയോടെ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നയാണ് ഇവർ ചെയ്യുന്നത്. വീട്ടിലുണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം സാധ്യമാകും എന്ന് കണ്ടതോടെ ഈ ആശയത്തിന് പ്രചാരം ലഭിച്ചു തുടങ്ങി. കൊവിഡ് കാലത്ത് പൊതു അടുക്കളയിലൂടെ ഭക്ഷണം വീടുകളിലെത്തി. ഇപ്പോള്‍ മലപ്പുറത്തും സമീപ ജില്ലകളിലുമായി പൊതു അടുക്കളകള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

കാലാകാലങ്ങളായി പിന്തുടർന്നുപോന്ന അടുക്കള രീതികളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വന്നു. ശാരീരിക അവശതകളും ജോലി ഭാരവുമാണ് ഇതിന് പ്രേരണ നല്‍കിയത്.

"തുടക്കത്തില്‍ സുന്ദരേട്ടനും ഭാര്യയുമാണ് ഞങ്ങള്‍ രണ്ട് കുടുംബങ്ങള്‍ക്ക് വേണ്ടി ആഹാരം തയ്യാറാക്കാന്‍ മുന്നോട്ട് വന്നത്. ഗള്‍ഫില്‍ പാചകക്കാരനായിരുന്നു സുന്ദരേട്ടന്‍. വെറും നൂറ് രൂപയ്ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കാന്‍ തയ്യാറായ സുന്ദരേട്ടന് 50 രൂപ കൂട്ടി നല്‍കി. കൂടാതെ ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിന് 10 രൂപ ഡെലിവറി ചാര്‍ജ്ജായും നല്‍കി; മൊത്തം 160 രൂപയ്ക്ക് പൊതു അടുക്കള ആരംഭിച്ചു. ഇതോടെ സമയക്കുറവ് മൂലം ബാധ്യതയായി മാറിയ അടുക്കള ജോലി ലഘൂകരിക്കപ്പെട്ടു. ഗ്യാസിനും ചെലവ് കുറവ്. വല്ലപ്പോഴും മാത്രം അടുക്കള സാധനങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ലളിതമാക്കപ്പെട്ടു," പൊതു അടുക്കളുടെ ആശയത്തിന് രൂപം നല്‍കിയ മാജിതയുടെ വാക്കുകള്‍ ഇപ്രകാരമാണ്.

നിലവില്‍ 40-ഓളം ആളുകള്‍ പൊതു അടുക്കളയുടെ ഭാഗമായി ഇന്ന് ഭക്ഷണം വാങ്ങുന്നുണ്ട്. രണ്ട് അടുക്ക് പാത്രത്തിലും രണ്ട് വട്ടപ്പാത്രത്തിലുമായാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അതിനാല്‍ ഭക്ഷ്യ അവശിഷ്ടങ്ങള്‍ അല്ലാതെ മറ്റ് പ്ലാസ്റ്റിക് വേസ്റ്റുകള്‍ ഒന്നും തന്നെയില്ലെന്നതും ശ്രദ്ധേയമാണ്. രണ്ട് സെറ്റ് പാത്രങ്ങള്‍ വീതമുള്ളതിനാല്‍ ഭക്ഷണ വിതരണത്തിനും തടസുമുണ്ടാകുന്നില്ല.

പൊന്നാനിയില്‍ പ്രധാനമായും മൂന്ന് പൊതു അടുക്കളയാണ് ഇപ്പോഴുള്ളത്. ഒരു അടുക്കളയില്‍ അസൗകര്യമുണ്ടായാല്‍ അടുത്ത അടുക്കളയില്‍ നിന്നും ഭക്ഷണം വീട്ടിലെത്തും. അതിനാല്‍ ഭക്ഷണം മുടങ്ങുമെന്ന പേടിയും വേണ്ട.

"തുടക്കത്തില്‍ ഒറ്റ അടുക്കള മാത്രമായിരുന്നതിനാല്‍ ചില ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഭക്ഷണം പാകം ചെയ്യാനും എത്തിക്കാനും സാധിക്കാതെ വന്നതോടെയാണ് കൂടുതല്‍ അടുക്കളകളെന്ന ആവശ്യം ഉയര്‍ന്നത്. ഇങ്ങനെയാണ് ഉമ ഈ ആശയത്തിന്റെ ഭാഗമാകുന്നത്. പത്ത് കുടുംബങ്ങള്‍ക്ക് ഒരു അടുക്കളയെന്ന തരത്തില്‍ ഞങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി. ഉമയുടെ അടുക്കള കൂടി സജീവമായതോടെ ഭക്ഷണത്തിന്റെ മെനു തയ്യാറാക്കി നല്‍കുകയായിരുന്നു.

ആദ്യത്തെ മൂന്ന് മാസം ഉമയുടേത് ഉള്‍പ്പെടെ ഏതാണ്ട് ആറോളം കുടുംബങ്ങള്‍ ആകുന്നതുവരെ പച്ചക്കറികളും മറ്റ് പലവ്യഞ്ജനങ്ങളും ഞങ്ങള്‍ തന്നെയാണ് വാങ്ങി നല്‍കിയത്. ഇതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പും തുടങ്ങി. പിന്നീട് ഇത് എട്ടായി. ആ എട്ട് ഫാമിലിയും കൂടാതെ ഉമയുടെ ഫാമിലിക്കും ചേര്‍ന്നാണ് ഇവിടെ ഭക്ഷണം പാകം ചെയ്തിരുന്നത്. പൊതു അടുക്കളയിലൂടെ 15,000 രൂപയാണ് ഉമയ്ക്ക് വരുമാനമായി നല്‍കുന്നത്," അടുക്കള ജോലി മറ്റൊരു വിഭാഗത്തിന് വരുമാനം നല്‍കുന്നിടമാക്കി മാറ്റിയതിന്റെ അഭിമാനം മാജിതയുടെ വാക്കുകളില്‍ പ്രകടമാണ്.

നിലവില്‍ മൂന്ന് അടുക്കളയാണ് ഉള്ളത്. നാലു പേരടങ്ങുന്ന കുടുബത്തിന് ഒരു മാസം 8400 രൂപയാണ് ചെലവ്. ഇവിടെയാണ് ചെലവ് ചുരുങ്ങിയ രീതിയില്‍ പൊതു അടുക്കളയ്ക്ക് ജനകീയ മുഖം നല്‍കാന്‍ ഈ അഡ്വക്കേറ്റ് ദമ്പതികള്‍ ശ്രമിക്കുന്നത്. ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ ഈ തുക വഹിക്കാനുള്ള സാമ്പത്തിക ശേഷിയുള്ളൂ. അതിനാല്‍ സാധാരണ കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകണം. വരും നാളുകളില്‍ ഇത് തീര്‍ച്ചായയും നടപ്പിലാകുമെന്നാണ് അഡ്വക്കേറ്റ് മാജിത നല്‍കുന്ന ഉറപ്പ്.

തൊഴിലും വരുമാനവും

ഓരോ അടുക്കളയിലും പാചകക്കാരനൊപ്പം ഒന്നോ രണ്ടോ സഹായികള്‍ വീതമാണ് ഉള്ളത്. ഇവര്‍ തന്നെയാണ് ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതും. കൂടുതല്‍ പ്രചാരം ലഭിക്കുന്നതോടെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ പദ്ധതിയുടെ ഭാഗമാക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. മറ്റ് വരുമാന മാര്‍ഗ്ഗമില്ലാത്ത വീട്ടമ്മമാര്‍ ഭക്ഷണം പാകം ചെയ്തു നല്‍കാന്‍ തയ്യാറായി സമീപിക്കുന്നതും ജനകീയാസൂത്രണത്തിന്റെ അടിത്തറ ശക്തമാക്കുന്നു. പല അടുക്കളകളും മികച്ച ലാഭമാണ് നേടുന്നത്. ചെലവുകളും തൊഴിലാളികളുടെ കൂലിയും കഴിഞ്ഞ് 50,000 ന് മുകളില്‍ ലാഭം കിട്ടുന്ന അടുക്കളവരെയുണ്ട് ഇതില്‍.

പൊന്നാനി മാതൃക ചോദിച്ചറിയാനും പ്രാവര്‍ത്തികമാക്കാനുമായി പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, കുന്ദംകുളം മുനിസിപ്പാലിറ്റി, വടക്കേക്കാട് എന്നിവയടക്കം നിരവധി പ്രാദേശിക ഭരണകൂടങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. പാത്രത്തിന്റെ അളവുവരെ എടുത്തുപോയിട്ടുണ്ട് പലരും. അത്രയ്ക്കും ജനകീയത പൊതു അടുക്കളയ്ക്കുണ്ടെന്നതിന്റെ സൂചനകളാണിത്.

രാവിലെയുള്ള അടുക്കള പണി കുറയ്ക്കാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ തൊഴിലാളികളുമായി അടുക്കള ഭാരം കുറയ്ക്കാന്‍ പൊതു അടുക്കള ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ധാരണമുണ്ടെന്നാണ് മാജിത പറയുന്നത്. കുറച്ച് നാളുകള്‍ കൂടി കഴിഞ്ഞാല്‍ ഇത് സര്‍വ്വ സാധാരണമാകുമെന്നതില്‍ സംശയമില്ലെന്ന് ഈ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഒരു വീട്ടില്‍ ഒരു വിളവെടുപ്പ്

പല വീടുകളിലും ചെറിയ തോതിലുള്ള അടുക്കള തോട്ടം പ്രോത്സാഹിപ്പിക്കുക, ഇത് പൊതു അടുക്കളയിലേക്ക് ഉപയോഗിക്കുക, സംഗതി സൂപ്പറാണ്. ഒരു പച്ചമുളകോ തക്കാളിയോ നട്ടുവളര്‍ത്താത്ത വീടുകള്‍ വിരളമാണ്. ഇവ പൊതു അടുക്കളയിലെ വിഭവങ്ങളിലേക്ക് എത്തിക്കണമെന്ന ആഗ്രഹം പങ്കുവയ്ക്കുകയാണ് മാജിത. ഒരു വീട്ടില്‍ നിന്ന് ഒരു വിളവെടുപ്പ് മാത്രം മതി ഈ സ്വപ്‌നം പൂവണിയാന്‍.

ഒരു ചിന്ത, ഒരു മാറ്റം സൃഷ്ടിക്കുന്നു. വലിയൊരു കാഴ്ചപ്പാടിനെ മാറ്റി മറിക്കുന്നു. ആ മാറ്റം നാടും നാട്ടുകാരും ഏറ്റെടുക്കുന്നു. അവിടെ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു. വരുമാനം വന്നുതുടങ്ങുന്നു. ഒരു പ്രദേശം പതിയെ സാമ്പത്തിക-സാമൂഹിക ഉന്നമനത്തിലേക്ക് ചുവടുമാറുന്നു. ഒന്നില്‍ നിന്നും ഒട്ടനവധി മാറ്റങ്ങള്‍ നാമ്പെടുക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ അടുക്കളില്‍ ഒരല്‍പ്പം വിപ്ലവം ഉണ്ടാകുന്നതും നല്ലതല്ലെ.

Tags:    

Similar News