image

13 Dec 2025 5:27 PM IST

Auto

Ather-Rizta Sale: കസറി ഏഥർ റിസ്ത; 2 ലക്ഷം യൂണിറ്റ് വിൽപ്പന

MyFin Desk

2024 ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏഥർ റിസ്ത ഇലക്ട്രിക് സ്കൂട്ടർ, വിപണിയിൽ എത്തിയ രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന കടമ്പ പിന്നിട്ടു. നിലവിൽ രാജ്യത്തെ ഇവി വിൽപ്പനയുടെ 70 ശതമാനത്തിലധികവും ഏഥർ റിസ്തയിൽ നിന്നാണ് . ഏഥർ റിസ്തയുടെ വിൽപ്പന 2025 മെയ് മാസത്തിൽ ഒരു ലക്ഷം യൂണിറ്റ് കടന്നിരുന്നു. അടുത്ത ആറു മാസത്തിനുള്ളിലാണ്, ഇലക്ട്രിക് സ്കൂട്ടർ രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടിരിക്കുന്നത്.

വിപണി വിഹിതം ഉയരുന്നു

റിസ്ത തുടക്കം മുതൽ തന്നെ വളരെ ജനപ്രീതി നേടിയ ഒരു മോഡലാണ്, ജനങ്ങളുടെ ആവശ്യകതകൾ അഭിസംബോധന ചെയ്യുവാനും നിർമ്മാതാക്കൾക്ക് വിപണിയിൽ വലിയ വികാസങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു, പ്രത്യേകിച്ച് മധ്യ-വടക്കേ ഇന്ത്യൻ ബെൽറ്റിൽ വലിയ മുന്നേറ്റവും നേടി എന്ന് ഏഥർ എനർജിയുടെ സിഇഒ രവ്നീത് സിംഗ് ഫോകെല വ്യക്തമാക്കി.2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിനും 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിനും ഇടയിൽ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിപണി വിഹിതത്തിൽ ഗണ്യമായ വർധനവ് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഥർ റിസ്ത എസ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്, കൂടാതെ 2.7 കിലോവാട്ട്, 2.9 കിലോവാട്ട്, 3.7 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളും ഇതിലുണ്ട്. വേരിയന്റിനെ ആശ്രയിച്ച്, ഐഡിസി റൈഡിംഗ് റേഞ്ച് 123 കിലോമീറ്റർ മുതൽ 159 കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നു. രണ്ട് വേരിയന്റുകളും 4.3 കിലോവാട്ട് (5.77 bhp) പീക്ക് പവർ ഔട്ട്പുട്ടും 22 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഇരു വേരിയന്റുകളുടെയും പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററാണ്, 4.7 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇവിയ്ക്കു കഴിയും. സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില നിലവിൽ 1.05 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.