image

13 Dec 2025 2:46 PM IST

Auto

പുതിയ സിയേറയുടെ തിരിച്ചുവരവ്: ഇന്ധനക്ഷമതയിലും റെക്കോർഡ് പ്രകടനം

MyFin Desk

1991 മുതല്‍ 2000 കാല ഘട്ടങ്ങളിൽ ഇന്ത്യന്‍ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്ന ടാറ്റ സിയേറ 25 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് 2025ല്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയത്. ഫീച്ചറുകളിലും ഡിസൈനിലും വലിയ തോതിലുളള മാറ്റങ്ങളോടെയുള്ള ന്യൂജെന്‍ സിയേറയുടെ വരവ് വലിയ ചര്‍ച്ചയായിരുന്നു. രണ്ട് സിയേറകളെ നേരിട്ട് കൂട്ടിയിടിപ്പിക്കുന്ന വിഡിയോയുമായാണ് സിയേറയുടെ സുരക്ഷയെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. ഇന്ധനക്ഷമതയുടെ കാര്യത്തിലാണ് സിയേറ ഇപ്പോള്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നത് .

ഇന്‍ഡോറിലെ നാറ്റ്‌റാക്‌സില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് 29.9 കീലോമീറ്റര്‍ വരെ ഇന്ധനക്ഷമ നേടാന്‍ സിയേറക്ക് സാധിച്ചത്. 12 മണിക്കൂര്‍ നീണ്ട ഈ പരീക്ഷണ ഓട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടുകയും ചെയ്തു. ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനുള്ള 160എച്ച്പി കരുത്തും 255എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന മോഡലായിരുന്നു പരീക്ഷണ ഓട്ടത്തിനായി ടാറ്റ ഉപയോഗിച്ചത്. ഇതേ എന്‍ജിന്‍ ഉപയോഗിച്ച് നേരത്തെ മണിക്കൂറില്‍ 222 കീലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുകൊണ്ടും സിയേറ അമ്പരപ്പിച്ചിരുന്നു.

പരീക്ഷണ ഓട്ടം നടത്തിയ എന്‍ജിനു പുറമേ 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിനും സിയേറക്കുണ്ട്. 106എച്ച്പി കരുത്തും 145എന്‍എം പരമാവധി ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 118എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും സിയേറക്കുണ്ട്. 6 സ്പീഡ് മാനുവല്‍(260എന്‍എം)/ 6 സ്പീഡ് ഓട്ടമാറ്റിക്ക്(280എന്‍എം) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

കാബിനിലെ ആഡംബര ഫീച്ചറുകളുടെ കാര്യത്തിലും സിയേറ ഒട്ടും പിന്നിലല്ല. മൂന്ന് ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേകള്‍. ഒന്ന് ഡ്രൈവര്‍ക്കും രണ്ടെണ്ണം ഇന്‍ഫോടെയിന്‍മെന്റിനും. ടാറ്റ കര്‍വില്‍ നിന്നുള്ള 4 സ്‌പോക്ക് സ്റ്റീറിങ് വീല്‍, ടച്ച്‌സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍, 12 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, സോണിക് ഷാഫ്റ്റ് സൗണ്ട്ബാര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്ത്യയില്‍ തന്നെ ലഭ്യമായ ഏറ്റവും വലിയ പനോരമിക് സണ്‍ റൂഫ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, പിന്നില്‍ വിന്‍ഡോ സണ്‍ഷെയ്ഡുകള്‍, വെന്റിലേറ്റഡ് ആന്റ് ഇലക്ട്രിക്ക് മുന്‍സീറ്റുകള്‍ എന്നിങ്ങനെ പോവുന്നു ഉള്ളിലെ സൗകര്യങ്ങള്‍.

ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ സിയേറയിലുള്ളത്. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി വ്യു ക്യാമറ, ഡ്യുവല്‍ ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷന്‍, ഇഎസ്പി എന്നിങ്ങനെ പോവുന്നു സുരക്ഷാ ഫീച്ചറുകള്‍. സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകളും സീറ്റ്‌ബെല്‍റ്റ് ആങ്കര്‍ പ്രീടെന്‍ഷനേഴ്‌സും, കുട്ടികള്‍ക്കായി ISOFIX സീറ്റുകളും, ത്രീ പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകളും സുരക്ഷാ ഫീച്ചറുകളാവുന്നു. 11.49 ലക്ഷം രൂപ മുതലാണ് ടാറ്റ സിയേറയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.