image

28 Nov 2025 10:53 AM IST

Business News

Sunil Mittal: 20,000 രൂപ കടം എടുത്താണ് തുടക്കം; ഇന്ന് ബിസിനസിൻ്റെ മൂല്യം 12 ലക്ഷം കോടി രൂപ!

MyFin Desk

20000 രൂപ കടം വാങ്ങിയാണ് തുടക്കം. ഇന്ന് ആ ബിസിനസ് സാമ്രാജ്യത്തിൻ്റെ മൂല്യം 12 ലക്ഷം കോടി രൂപയിലേറെയാണ്. സാക്ഷാൻ അംബാനി കമ്പനിക്ക് പോലും വെല്ലുവിളി ഉയർത്തുന്ന ആ ബിസിനസുകാരൻ ആരാണ്. ഇന്ത്യൻ ടെലികോം രംഗത്തെഅതികായനായ സുനിൽ ഭാരതി മിത്തൽ. ഇന്ന് രാജ്യത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളിൽ നാലാം സ്ഥാനത്ത് എയർടെല്ലുണ്ട്.

ഒട്ടേറെ ജയപരാജയങ്ങൾ കണ്ടാണ് മിത്തൽ ബിസിനസിനെ വിജയത്തിലേക്ക് നയിച്ചത്. ബിസിനസ് വിജയം മിത്തലിന് എളുപ്പമായിരുന്നില്ല. 1976 ൽ ലുധിയാനയിൽ സൈക്കിൾ പാർട്‌സ് നിർമ്മാതാവായാണ് ബിസിനസിൻ്റെ തുടക്കം. അച്ഛനിൽ നിന്ന് കടം വാങ്ങിയ 20,000 രൂപയാണ് ബിസിനസിന് നിർണായകമാക്കിയത്.

രാഷ്ട്രീയം വേണ്ടെന്ന് വെച്ച് ബിസിനസിലേക്ക്

സുനിൽ മിത്തലിൻ്റെ പിതാവ് ഒരു രാഷ്ട്രീയക്കാരനായിരുന്നു. എന്നാൽ രാഷ്ട്രീയം വിട്ട് സുനിൽ മിത്തൽ വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുകുകയായിരുന്നു. 18-ാം വയസിലാണ് ബിസിനസ് തുടങ്ങുന്നത്. ഒരു സുഹൃത്തിനൊപ്പം ഒരു ചെറിയ സൈക്കിൾ-പാർട്ട്‌സ് നിർമ്മാണ ബിസിനസ് ആരംഭിച്ചായിരുന്നു തുടക്കം. മൂന്ന് വർഷത്തിനുള്ളിൽ, ബിസിനസ് മൂന്ന് യൂണിറ്റുകളായി വളർന്നു. പിന്നീട് മിത്തൽ ഈ ബിസിനസ് വിറ്റു. പിന്നീട് ജനറേറ്ററുകൾ ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങി. 1983 വരെ ഈ ബിസിനസ് തുടർന്നു. എന്നാൽ സർക്കാർ ജനറേറ്റർ ഇറക്കുമതി നിരോധിച്ചത് തിരിച്ചടിയായി.

ജനറേറ്റർ ബിസിനസിൽ നിന്ന് ടെലികോം രംഗത്തേക്ക്

1992-ൽ, ഇന്ത്യ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരെ പ്രോത്സാഹിപ്പിച്ചപ്പോഴാണ് മിത്തൽ സെല്ലുലാർ ലൈസൻസിന് അപേക്ഷിക്കുന്നത്. 1995 ലാണ് ഭാരതി സെല്ലുലാർ ലിമിറ്റഡ് എയർടെൽ എന്ന ബ്രാൻഡായി സേവനങ്ങൾ ആരംഭിച്ചത്. 2008-ൽ, 18 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായി വളർന്നിരുന്നു.

എന്നാൽ, 2016-ൽ ജിയോയുടെ വരവ് തിരിച്ചടിയായി. സൗജന്യ വോയ്‌സ് കോളുകളും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും നൽകി റിലയൻസ് ജിയോ ആരംഭിച്ചത് എയർടെല്ലിൻ്റെ ലാഭവും വിപണി വിഹിതവും കുറച്ചു. എന്നാൽ ടെലികോം വ്യവസായ രംഗം ഉപേക്ഷിക്കാതെ മിത്തൽ പിടിച്ചു നിന്നു. ജിയോയുടെ ഡിസ്റപ്ഷനിൽ പതറാതെ ടെലികോം രംഗത്ത് എയർടെലും മുന്നേറ്റം തുടരുന്നു. 12 ലക്ഷം കോടി രൂപയിലേറെയാണ് എയർടെല്ലിൻ്റെ മൂല്യം.