ഐടി, എണ്ണ ഓഹരികളില്‍ കുതിപ്പ്; നേട്ടത്തിലേക്ക് തിരിച്ചെത്തി ഓഹരിവിപണികള്‍
- നിക്ഷേപകര്‍ പ്രധാന ഡാറ്റകള്‍ക്കായി കാക്കുന്നു
- റീട്ടെയില്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷ
- ഫെഡ്‍ റിസര്‍വും പലിശ നിരക്ക് മാറ്റില്ലെന്ന് നിരീക്ഷണം
ആഗോള വിപണികളില്‍ പ്രകടമായ ശുഭാപ്തി വിശ്വാസം ഇന്ന് ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചതോടെ രണ്ടു ദിവസത്തെ ഇടിവിന് ശേഷം സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തിലേക്ക് തിരിച്ചെത്തി. ഐടി, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം ഓഹരികളിലാണ് ഇന്ന് കാര്യമായ മുന്നേറ്റം ഉണ്ടായത്. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 99.08 പോയിന്റ് അഥവാ 0.16 ശതമാനം ഉയർന്ന് 62,724.71 ൽ എത്തി. പകൽ വ്യാപാരത്തിനിടെ ഇത് 179.26 പോയിന്റ് അഥവാ 0.28 ശതമാനം ഉയർന്ന് 62,804.89 എന്ന നിലയിലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 38.10 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 18,601.50 ൽ അവസാനിച്ചു.
സെൻസെക്‌സില്‍ ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, നെസ്‌ലെ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ പവർ ഗ്രിഡ്, ലാർസൻ ആൻഡ് ടൂബ്രോ, മാരുതി, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വിപ്രോ, എച്ച്‌ഡിഎഫ്‌സി, ഐടിസി തുടങ്ങിയ നഷ്ടത്തിലായിരുന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തിലായിരുന്നു. എന്നാലും സോളും ഷാങ്ഹായും ഇടിവോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ പോസിറ്റീവ് മേഖലയിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 2.54 ശതമാനം ഇടിഞ്ഞ് ബാരലിന് 72.91 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 308.97 കോടി രൂപയുടെ വിറ്റഴിച്ചതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
"ആഭ്യന്തര, ആഗോള വിപണികളിൽ നിക്ഷേപകർ ഈയാഴ്ച പുറത്തുവരാനുള്ള ഡാറ്റകള്‍ക്കായി കാക്കുകയാണ്. ജാഗ്രതയോടെയുള്ള സമീപമാണ് ആഭ്യന്തര വിപണികളില്‍ കാണുന്നത്. ഇന്ത്യയുടെ ഉപഭോക്തൃ വില പണപ്പെരുപ്പം നിയന്ത്രണവിധേയമായിരിക്കും എന്നാണ് പ്രതീക്ഷ. അതുപോലെ ഫെഡ് റിസര്‍വും ബാങ്ക് ഓഫ് ജപ്പാനും തങ്ങളുടെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തും എന്ന ശുഭാപ്തിവിശ്വാസമാണ്ന്നു നിലവിലുള്ളത്. ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന ഡാറ്റ, ഡബ്ല്യുപിഐ പണപ്പെരുപ്പം, യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ഇസിബി) നയ പ്രഖ്യാപനങ്ങൾ എന്നിവയാണ് ഈയാഴ്ചയിലെ മറ്റ് പ്രധാന സംഭവങ്ങൾ,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
വെള്ളിയാഴ്ച 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 223.01 പോയിന്റ് അല്ലെങ്കിൽ 0.35 ശതമാനം ഇടിഞ്ഞ് 62,625.63 ൽ എത്തിയിരുന്നു. നിഫ്റ്റി 71.15 പോയിൻറ് അഥവാ 0.38 ശതമാനം താഴ്ന്ന് 18,563.40ലാണ് അവസാനിച്ചിരുന്നത്.
