സർവകാല നേട്ടത്തിൽ പാർക്ക് ഹോട്ടൽ ഓഹരികൾ; ബൈ റേറ്റിംഗ് നൽകി ബ്രോക്കറേജ്

  • ഓഹരികളിൽ പ്രതീക്ഷിക്കുന്നത് 28% മുന്നേറ്റം
  • ടാർഗറ്റ് വിലയും കാരണങ്ങളും അറിയാം

Update: 2024-02-23 13:28 GMT

അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടൽ ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകി ബ്രോക്കറേജ് ഹൗസ് ആനന്ദ് റാഥി. നിലവിലെ നിലവാരത്തിൽ നിന്ന് 28% ഉയർച്ച പ്രതീക്ഷിച്ചുകൊണ്ട് 285 രൂപ ടാർഗറ്റ് ആയി ബ്രോക്കറേജ് നൽകിയിട്ടുണ്ട്. സമീപ കാലത്തു ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ സർവകാല ഉയരത്തിലേക്ക് എത്തിച്ചേർന്നു. ശേഷം പ്രോഫിറ്റ് ബുക്കിംഗ് നേരിട്ട ഓഹരികൾ 1.79% ഇടിവോടെ 222.50 നിലവാരത്തിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം അവസാനിപ്പിച്ചു.

ആകർഷകമായ മൂല്യനിർണ്ണയങ്ങളോടെ ഇൻഡസ്ട്രയിലെ ഉയർന്ന ഒക്യുപ്പൻസി കമ്പനിക്ക് കരസ്ഥമാക്കാനാവുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. ബ്രോക്കറേജ് റിപ്പോർട്ട് അനുസരിച്ചു പാർക്ക് ഹോട്ടലിന്റെ കീഴിൽ മുപ്പതോളം ഹോട്ടലുകൾ ഉണ്ട്. 2298 മുറികൾ ആഡംബര വിഭാഗത്തിലുള്ളതാണ്. ഇവയെല്ലാം പ്രൈം ബിസിനസ് ഡിസ്ട്രിക്റ്റുകളിൽ സ്ഥിതിചെയ്യുന്നു. അതിൻ്റെ ഒക്യുപ്പൻസി നിരക്ക് ഈ മേഖലയിലെ ഏറ്റവും ഉയർന്നതാണ്.എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം മുറികൾ മെച്ചപ്പെട്ട വിലയിൽ പാർക്ക് ഹോട്ടലുകൾ നൽകുന്നു. ഇന്ത്യൻ ഹോട്ടൽസുമായി താരതമ്യം ചെയ്യുമ്പോൾ 50% ഡിസ്‌കൗണ്ടിലാണ് മുറികൾ വിൽകുന്നതെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. ഷാലെറ്റ് ഹോട്ടൽസുമായി 33%, ലെമൺ ട്രീ ഹോട്ടലുമായി 10% എന്നിങ്ങനെയാണ് വിലയിലെ ഡിസ്‌കൗണ്ട്.

മൾട്ടി ബ്രാൻഡുകൾ, പ്രധാന ലൊക്കേഷനുകൾ, ഇൻഡസ്ട്രയിലെ ഉയർന്ന ഒക്യുപ്പൻസി, മത്സരാധിഷ്ഠിത ശരാശരി റൂം നിരക്ക് (ARR) എന്നിവ കമ്പനിക്ക് മുന്നേറ്റത്തിന് സഹായകമായ ഘടകങ്ങളാണ്. ദി പാർക്ക് ബ്രാൻഡിലൂടെ ആഡംബര വിഭാഗവും സോൺ ബൈ ദി പാർക്കിലൂടെ അപ്പർ മിഡ് മാർക്കറ്റും ഉൾപെടുത്തിക്കൊണ്ട് കമ്പനിയുടെ ഹോട്ടൽ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. ഇത്തരം ഘടകങ്ങളാണ് ബൈ റേറ്റിംഗ് നൽകാൻ ബ്രോക്കറേജിനെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ ഉയർന്ന ആനുകാലിക ബാധ്യതകളും സമ്പദ് വ്യവസ്ഥയുടെ മന്ദഗതിയും റിസ്ക് ഘടകങ്ങളായി ബ്രോക്കറേജ് ചൂണ്ടികാണിക്കുന്നു. 

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News