സൊമാറ്റോയുടെ ടാർഗറ്റ് വില ഉയർത്തി ബ്രോക്കറേജ്; ടെക്നിക്കൽ സൂചനകൾ അനുകൂലമോ? നിക്ഷേപകർ ചെയ്യേണ്ടതെന്ത്?

  • സർവകാല ഉയരത്തിൽ റെസിസ്റ്റൻസ് നേരിട്ട് ഓഹരികൾ
  • മൂന്നാംപാദലാഭത്തിൽ നാലുമടങ്ങു വർധന

Update: 2024-02-29 05:47 GMT

നവീന ആശയങ്ങളുമായി വിപണിയിൽ കടന്നു വരുന്ന ന്യുഏജ് ഓഹരികൾക്ക് പ്രിയമേറുകയാണ്. കൂടുതൽ ഇഷ്ടം സൊമാറ്റോയോട് തന്നെ. 2021 ൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം ഐപിഓ വിലയിലും താഴേക്ക് ഓഹരികൾ ഇടിഞ്ഞു. എന്നാൽ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലാഭം റിപ്പോർട്ട് ചെയ്തതോടെ ഓഹരി ശ്രദ്ധ തിരിച്ചുപിടിച്ചു. മൂന്നാംപാദത്തിലും ലാഭക്ഷമതയിൽ വളർച്ച തുടർന്നതോടെ നിക്ഷേപകരും ബ്രോക്കറേജും സൂപ്പർ സൊമാറ്റോ എന്നും പറഞ്ഞു തുടങ്ങി. കഴിഞ്ഞ ഫെബ്രുവരി മുതലായ ഒരു വർഷത്തിനുള്ളിൽ നൽകിയത് 250 ശതമാനത്തിലധികം നേട്ടമാണ്. ബ്രോക്കറേജുകൾ എന്നിരുന്നാലും ടാർഗറ്റ് വില ഉയർത്തുകയാണ്. സൊമാറ്റോ ഓഹരികളിൽ നിക്ഷേപ അവസരം ലഭിക്കാതിരുന്നവർക്ക് ഉചിതമായ സമയമാണോ കടന്നു വരുന്നത്? ഈ മൾട്ടിബാഗർ ഓഹരി കയ്യിലുള്ള നിലവിലെ നിക്ഷേപകർ ലാഭമെടുക്കേണ്ട അവസരവും ഇതാണോ?സാമ്പത്തിക പ്രകടനം, ബ്രോക്കറേജ് അഭിപ്രായങ്ങൾ, ചാർട്ട് പാറ്റേൺ എന്നിവ വിലയിരുത്താം.

ഡിസംബറിലാവസാനിച്ച മൂന്നാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും ഉയർച്ച രേഖപ്പെടുത്താൻ കമ്പനിക്ക് സാധിച്ചു. 138 കോടി രൂപയുടെ ലാഭം പാദാടിസ്ഥാനത്തിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ ഏകദേശം 4 മടങ്ങു വർധനവാണ്. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിലെ 347 കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ ഉയർന്ന നേട്ടം! തുടർച്ചയായ പാദങ്ങളിൽ നേട്ടം രേഖപ്പെടുത്താൻ സാധിക്കുന്ന ന്യൂ എയിജ് കമ്പനിയെന്ന ബഹുമതിയും പുറകെ. വരുമാനം മുൻവർഷത്തെ 1,948 കോടി രൂപയെ അപേക്ഷിച്ചു 69 ശതമാനം ഉയർന്നു 3,288 കോടി രൂപയായി രേഖപ്പെടുത്തി. പ്രവർത്തന വരുമാനവും വാർഷികാടിസ്ഥാനത്തിൽ 68.8% ആയി ഉയർന്നു. അതേ സമയം ഡെലിവറി കോസ്റ്റും 63 ശതമാനം ഉയർന്നിട്ടുണ്ട്. മുൻ പാദത്തിലെ 655 കോടി രൂപയിൽ നിന്ന് ഡെലിവറി കോസ്റ്റ് 1,068 കോടി രൂപയായി മൂന്നാംപാദത്തിൽ റിപ്പോർട്ട് ചെയ്തു. മാർക്കറ്റിംഗ് ചെലവുകളും വർഷം തോറും 7 ശതമാനം വർധിച്ച് 374 കോടി രൂപയായി.

വിവിധ ബ്രോക്കറേജുകൾ മൂന്നാം പാദഫലങ്ങൾക്കു ശേഷവും സമീപകാലത്തുമായി ടാർഗറ്റ് വില ഉയർത്തിയിട്ടുണ്ട്. ആഗോള ബ്രോക്കറേജ് കമ്പനിയായ യുബിഎസ് (UBS) കഴിഞ്ഞ ദിവസങ്ങളിൽ ബൈ റേറ്റിംഗ് നിലനിർത്തിക്കൊണ്ട് സൊമാറ്റോയുടെ ടാർഗറ്റ് വില 195 രൂപയിലേക്ക് ഉയർത്തിയിട്ടുണ്ട്. അതായത് നിലവിലെ ഓഹരിവിലയിൽ നിന്ന് ഏകദേശം ~24% മുന്നേറ്റമാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. അതെ സമയം ജെഫറീസ് (Jefferies) മുൻപ് നൽകിയിരുന്ന 190 രൂപയുടെ ടാർഗറ്റ് വിലയിൽ നിന്നും 205 രൂപ ആയി ഉയർത്തുകയും ചെയ്തു. പുതിയ ടാർഗറ്റ് വില 28 ശതമാനത്തിലേറെ വർദ്ധനവ് സൂചിപ്പിക്കുന്നു. മാർഗ്ഗനിർദ്ദേശം നൽകിയതിനേക്കാൾ വളരെ നേരത്തെ ലാഭത്തിലേക്ക് കടന്നു വരാൻ കമ്പനിക്ക് സാധിച്ചതും ഫുഡ് ഡെലിവറിയിലും ക്വിക് കൊമേഴ്സിലും ലാഭക്ഷമത മെച്ചപ്പെടുത്തുന്നത് കുത്തനെയുള്ള വരുമാന വളർച്ചയ്ക്ക് സഹായിക്കുമെന്ന പ്രതീക്ഷകളും ബ്രോക്കറേജ് പങ്കുവെക്കുന്നു. ടാർഗറ്റ് വിലയ്‌ക്കൊപ്പം എബിറ്റ്ഡാ എസ്റ്റിമേറ്റുകളും 4-10 ശതമാനം ഉയർത്തിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ, 2023-26 സാമ്പത്തിക വർഷങ്ങളിൽ 25 ശതമാനം സിഎജിആർ ഉയർച്ച ഡെലിവറി വരുമാനത്തിൽ പ്രതീക്ഷിക്കുന്നു.

അതേസമയം ഏറ്റവും ഉയർന്ന ടാർഗറ്റ് എസ്റ്റിമേറ്റുകൾ നൽകുന്ന ബ്രോക്കറേജ് സിഎൽഎസ്എ (CLSA) ആണ്. ഏകദേശം 40 ശതമാനത്തിലധികം ഉയർച്ചയാണ് ബ്രോക്കറേജ് 227 രൂപ ടാർഗറ്റ് വിലയായി നൽകികൊണ്ട് പ്രതീക്ഷിക്കുന്നത്. സിഎൽഎസ്എ അനലിസ്റ്റുകളും ഫുഡ് ഡെലിവറി, ക്വിക് കൊമേഴ്സ് വിഭാഗങ്ങൾ സ്ഥിരമായ ലാഭം നൽകുന്നതാണ് എസ്റ്റിമേറ്റുകൾ ഉയർത്താനുള്ള കാരണങ്ങളായി സൂചിപ്പിക്കുന്നത്. ദുർബലമായ ഡിമാൻഡ് സാഹചര്യത്തിലും സൊമാറ്റോയുടെ ഫുഡ് ഡെലിവറി മാർജിൻ വർധിച്ചതായി കാണാം. ഒപ്പം ഉയർന്ന വരുമാനം നൽകുന്ന ബ്ലിങ്കിറ്റിൻ്റെ പ്രകടനവും, ക്യുഎസ്ആർ, ഗ്രോസറി ഡെലിവറി വിഭാഗത്തിലെ വളർച്ചയും സോമാറ്റോയുടെ വിപുലീകരണത്തിനു ആക്കം കൂട്ടും.

സൊമാറ്റോ ഓഹരികൾ സർവകാല നേട്ടമായ 169 രൂപയിൽ പ്രതിരോധം നേരിടുന്നത് കഴിഞ്ഞ ഏതാനും ചില ട്രേഡിംഗ് സെഷനുകളിലായി കാണുന്നുണ്ട്. സർവകാല നേട്ടത്തിനരികെയുള്ള പ്രോഫിറ്റ് ബുക്കിങ്ങിനും ഓഹരികൾ സാക്ഷിയാവുന്നു. ഹയർ ഹൈ, ഹയർ ലോ പാറ്റേൺ സുസ്ഥിരമായ അപ്ട്രെൻഡാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ ഓഹരികൾ, ഡെയിലി ചാർട്ടിൽ, 20 ഡേ മൂവിങ് ആവറേജിന്റെ സപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് ട്രേഡിങ്ങ് നടത്തുന്നത്. 154.15 രൂപയാണ് 20 ഡേ മൂവിങ് ആവറേജ്. റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് (RSI), മാക്ഡി (MACD),ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് (ADX) എന്നിവ ബൈ സിഗ്നൽ ആണ് നൽകുന്നത്. റെലിഗെർ ബ്രോക്കിങ്ങിലെ ടെക്നിക്കൽ അനലിസ്റ്റ് റോഹൻ ഷാ വിശ്വസിക്കുന്നത് സൊമാറ്റോ അതിന്റെ മുന്നോട്ടേക്കുള്ള കുതിപ്പ് തുടരുമെന്നാണ്. പക്ഷെ അതിനായി സർവകാല നേട്ടമായ 169 രൂപയുടെ പ്രതിരോധം മറികടക്കേണ്ടതുണ്ട്. അങ്ങനെ എങ്കിൽ 185, 200 ലെവലുകളിലേക്ക് ഓഹരി മുന്നേറിയേക്കാം. മറിച്ചു കനത്ത പ്രോഫിറ്റ് ബുക്കിങ്ങിൽ ഓഹരികൾക്ക് സപ്പോർട്ട് ആവുക 149-145 ലെവലുകളാവും. ഓഹരികൾ നേരിടുന്ന 150 രൂപയിലേക്കുള്ള ഇടിവുകൾ അവസരമായി ഉപയോഗിക്കാമെന്ന് സാംകോ സെക്യൂരിറ്റീസിലെ ടെക്നിക്കൽ അനലിസ്റ്റ് ഓം മെഹ്‌റ അഭിപ്രായപ്പെടുന്നു. 150 രൂപയുടെ പിന്തുണ നിലനിർത്തുകയാണെങ്കിൽ 175 രൂപയിലേക്ക് ഓഹരികൾ നീങ്ങാം. പരാമർശിച്ച ലെവലുകളിൽ വോളിയം പിന്തുണയും ദൃശ്യമാണെന്ന് മെഹ്‌റ സൂചിപ്പിക്കുന്നു.  

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News